പച്ചപ്പു പോകും, നമ്മള്‍ കരിയും

ജനുവരി 29, 2010

അറിയുക; രാജ്യാന്തര സമൂഹം നിഷ്കര്‍ഷിക്കുന്ന കീടനാശിനി പരിധിയെക്കാള്‍ 700 ഇരട്ടിയിലേറെ വിഷം കലര്‍ന്ന പച്ചക്കറികള്‍ നിയമ പ്രകാരം തന്നെ ഇന്ത്യയില്‍ വിറ്റഴിക്കാം!

അതായത്, നമ്മള്‍ ദിവസവും കഴിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും നിയമ പരിധിക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ അതിഭീകരമായ തരത്തില്‍ കീടനാശിനി പ്രയോഗം നടക്കുന്നു, ആരും ചോദിക്കാനില്ല! കീടനാശിനികളുടെ അളവ് അനുവദനീയ പരിധിക്കുള്ളിലാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ സാന്ത്വനപ്പെടു ത്തുന്നതിന്റെ ഗുട്ടന്‍സ് കാലഹരണപ്പെട്ട നിയമങ്ങളെ അടിസ്ഥാന പ്പെടുത്തി യാണെന്നു നാം തിരിച്ചറിയണം.

മനോരമ സംഘത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്
കോട്ടയം

ജില്ലയില്‍ നിന്നു മനോരമ സംഘം ശേഖരിച്ച പാവയ്ക്ക സാംപിളുകള്‍ കൊച്ചിയിലെ ലബോറട്ടറിയിലും കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണി റെസിഡ്യൂ ലാബിലും ഒരേസമയം പരിശോധനയ്ക്കു നല്‍കി. ഒാര്‍ഗാനോ ഫോസ്ഫറസ് ഇനത്തിലുള്ള കീടനാശിനി അതില്‍ കണ്ടെത്തി.

പച്ചക്കറികളില്‍ ഒാര്‍ഗാനോ ക്ളോറിന്‍, ഒാര്‍ഗാനോ ഫോസ്ഫറസ്, സിന്തറ്റിക് പൈറിത്രോയ്ഡ്സ് എന്നിവയുടെ പരിശോധനയാണു നടത്തിയത്. (കേരളത്തിലെമ്പാടും പച്ചക്കറിയെത്തുന്നത് ഒരേ രീതിയില്‍ കൃഷി നടക്കുന്ന ഇടങ്ങളില്‍ നിന്നായതിനാല്‍ നമ്മുടെ ഏതു നാട്ടിന്‍പുറത്തുള്ളവ പരിശോധിച്ചാലും ഫലത്തില്‍ ഏറെയൊന്നും വ്യത്യാസം വരാനില്ല.)

കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്
കീടനാശിനികളുടെ അനുവദനീയ പരിധിക്കും (മാക്സിമം റെസിഡ്യൂ ലെവല്‍ അഥവാ എംആര്‍എല്‍) അപ്പുറമാണു പല പച്ചക്കറികളിലുമുള്ള കീടനാശിനി സാന്നിധ്യമെന്നു രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ വ്യക്തമായി. 18% പച്ചക്കറികളിലും 12% പഴങ്ങളിലും കീടനാശിനി സാന്നിധ്യമുണ്ടെന്നു കണ്ടെത്തി. നാലുശതമാനം പച്ചക്കറികളിലും രണ്ടു ശതമാനം പഴങ്ങളിലും കീടനാശിനി അനുവദനീയ പരിധിക്കു മുകളില്‍.

നിരോധിക്കപ്പെട്ട മാരക കീടനാശിനികളുടെ ഉപയോഗവും പഠനം സ്ഥിരീകരിക്കുന്നു. കാബേജ്, വെണ്ടയ്ക്ക, തക്കാളി, കോളി ഫ്ളവര്‍ എന്നിവയിലാണു താരതമ്യേന വിഷാംശം കൂടുതല്‍. സൈപ്പര്‍മെത്രിന്‍, പ്രൊഫനോഫോസ്, മോണോക്രോട്ടോഫോസ് തുടങ്ങിയ കീടനാശിനികളാണു പഴങ്ങളില്‍ കണ്ടെത്തിയത്. നിരോധിക്കപ്പെട്ട ഡിഡിടി അടക്കമുള്ള വിഷങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

സര്‍വകാലാശാലയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്
ഭക്ഷ്യവസ്തുക്കളിലെ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്താന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ 2006 മുതല്‍ പഠനം നടത്തുന്നുണ്ട്. 678 ഭക്ഷ്യസാംപിളുകളാണു 2008ല്‍ ശേഖരിച്ചത്. ഇതില്‍ 26 സാംപിളുകളില്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി.

കാബേജ്, കോളിഫ്ളവര്‍, തക്കാളി, വഴുതന, വെണ്ട എന്നിവയടക്കം 180 പച്ചക്കറി സാംപിളുകള്‍ പരിശോധിച്ചു. വെണ്ടയുടെ രണ്ടു സാംപിളുകളിലും ഒരു കോളിഫ്ളവര്‍ സാംപിളിലും ഒാര്‍ഗാനോ ഫോസ്ഫറസ് ഇനത്തില്‍പ്പെട്ട കീടനാശിനികളുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

ആപ്പിള്‍, ഒാറഞ്ച്, വാഴപ്പഴം, മുന്തിരി, മാതള നാരങ്ങ എന്നിവയുടെ 50 സാംപിളുകളും പരിശോധിച്ചു. തിരുവനന്തപുരത്തു നിന്നുള്ള രണ്ടു മുന്തിരി സാംപിളുകളില്‍ ഒാര്‍ഗാനോ ഫോസ്ഫറസ് ഇനത്തിലുള്ള കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി.

ഗോതമ്പിന്റെ നാലു സാംപിളുകളിലും ഇൌ കാലയളവില്‍ ഒാര്‍ഗാനോ ഫോസ്ഫറസ് കീടനാശിനികള്‍ സ്ഥിരീകരിച്ചു. സാംപിളെടുത്ത സുഗന്ധവ്യഞ്ജനങ്ങളില്‍ പകുതിയിലേറെയും കീടനാശിനി കലര്‍ന്നതാണെന്നും കണ്ടെത്തി. 20 സാംപിളെടുത്തതില്‍ 11ലും കീടനാശിനികള്‍ കണ്ടെത്തി. ഒന്നില്‍ അനുവദനീയ പരിധിക്കു മുകളില്‍.

പാലക്കാട് മുതലമടയിലെ മാവിന്‍തോട്ടങ്ങളില്‍ നിരോധിത എന്‍ഡോസള്‍ഫാനു പുറമേ സൈപ്പര്‍മെത്രിന്‍ എന്ന സിന്തറ്റിക് പൈറിത്രോയ്ഡിന്റെ പ്രയോഗം 2007ല്‍ കണ്ടെത്തി.

തമിഴ്നാട്ടിലെ കൃഷിയിടത്തില്‍ നേരിട്ടു കണ്ടതും കേട്ടതും
മലയാളിയുടെ ഇഷ്ടവിഭവമാണു പാവയ്ക്ക എന്ന കയ്പയ്ക്ക. നട്ടു 120 ദിവസം കൊണ്ടു പാവല്‍ക്കൃഷിയില്‍ വിളവെടുപ്പു പൂര്‍ത്തിയാക്കാം. 120 ദിവസത്തിനുള്ളില്‍ 12 തരം മാരകവിഷങ്ങള്‍ 10 ദിവസം ഇടവിട്ടു ചെടിയിലും കായിലും തളിക്കുന്നുവെന്ന് അറിഞ്ഞാലോ… നമുക്കു നീങ്ങാം തമിഴ്നാട്ടിലെ പച്ചക്കറിപ്പാടങ്ങളിലേക്ക്. കേരളത്തിനു സദ്യയൊരുക്കുന്ന കറുത്ത മണ്ണില്‍ കണ്ടതും കേട്ടതുമായ വിശേഷങ്ങള്‍ ഇങ്ങനെയായിരുന്നു. അളവും ഇടവേളകളും സംബന്ധിച്ചു കാര്‍ഷിക ശാസ്ത്രജ്ഞരും കീടനാശിനി ഉല്‍പാദക കമ്പനികളും നല്‍കുന്ന നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണു മിക്കയിടങ്ങളിലും വിഷപ്രയോഗം.

തൈ നടുന്നു
. പാവല്‍ തൈ വള്ളി വീശിയാലുടന്‍ ‘റോഗര്‍ എന്ന കീടനാശിനി. ഒാര്‍ഗാനോ ഫോസ്ഫറസ് ഇനത്തില്‍പ്പെട്ട ഇതു നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ നിശേഷം നശിപ്പിക്കുന്നു.
. 10 ദിവസം കഴിഞ്ഞാല്‍ ‘എക്കാലക്സിന്റെ വരവായി. ഒാര്‍ഗാനോ ഫോസ്ഫറസ് ഇനത്തില്‍പ്പെട്ട ക്വിനാല്‍ഫോസ് എന്ന രാസവസ്തുവാണിത്. കീടങ്ങള്‍ നിശേഷമൊടുങ്ങിയെന്ന് ഉറപ്പിക്കുന്നു.
. ഇതിനിടയില്‍ ഇലകരിച്ചിലോ മറ്റോ കണ്ടാലോ..? പരിഹാരം ഉടനടി. കാര്‍ബമേറ്റ് ഇനത്തില്‍പ്പെട്ട കുമിള്‍നാശിനി ‘ഇന്‍ഡോഫില്‍ രംഗപ്രവേശം ചെയ്യുന്നു. ഇതു മാത്രമായോ ‘റോഗറുമായി കലര്‍ത്തിയോ പ്രയോഗിക്കുന്നു.
. അടുത്ത ഇര പുഴുക്കളാണ്. ഉഗ്രവിഷമായ ഹോസ്റ്റാതിയോണ്‍ തന്നെ ആശ്രയം. ഇതും ഒാര്‍ഗാനോ ഫോസ്ഫറസ് വിഭാഗം തന്നെ.

പൂവിട്ടു
. ദാ വരുന്നു അടുത്തത്..! ‘കോണ്‍ഫിഡോര്‍ എന്നു പേര്. സംഗതി ന്യൂജനറേഷന്‍. വീര്യമേറും. ഇമിഡാക്രോപ്പിഡ് എന്നു ശാസ്ത്രീയമായി പറയും. കുരുടിപ്പിനും നീരൂറ്റും കീടങ്ങള്‍ക്കും എതിരെയുള്ള വജ്രായുധം.
. ഇലകരിച്ചില്‍ കണ്ടാലും ഇല്ലെങ്കിലും വന്‍കിട കര്‍ഷകര്‍ പ്രയോഗിക്കുന്ന ഒരു പുതുതലമറ കീടനാശിനിയുണ്ട്. ഹെക്സാകൊണാസോള്‍ ഇനത്തില്‍പ്പെട്ട ‘കോണ്‍ടാഫ് പ്ളസ്.

പുഷ്പിണിയായി
. കായ്കള്‍ക്കൊപ്പം ഇൌച്ചകളുമെത്തിയേക്കാം. ചിലര്‍ക്കിഷ്ടം തീവ്രമായ ‘സെവിന്‍ മറ്റുചിലര്‍ പ്രയോഗിക്കുന്നത് ഒാര്‍ഗാനോ ഫോസ്ഫറസ് വിഭാഗത്തില്‍ തന്നെയുള്ള ‘ഫോസ്കില്‍.
. അടങ്ങുമോ കായീച്ച അത്രപെട്ടെന്ന്. കണ്ടാല്‍ ഉമ്മ വയ്ക്കാന്‍ തോന്നുന്ന ഭംഗിയേറിയ പാവയ്ക്ക തന്നെ വേണ്ടേ… അതിനു വേണം ‘കരാട്ടെ. സിന്തറ്റിക് പൈറിത്രോയ്ഡ് ഇനത്തില്‍പ്പെട്ട ഉഗ്രസാധനം.
. ദാ, വരുന്നു അടുത്ത പ്രശ്നം… മൊസൈക്ക് രോഗം. വിളവെങ്ങാനും കുറഞ്ഞാലോ. ആവാം അടുത്ത ന്യൂജനറേഷന്‍ സാധനം. ഫ്ളൂബെന്‍ഡാമൈഡ് ഇനത്തില്‍പ്പെടുന്ന ‘ഫേം, ടാക്കുമി ഇവയില്‍ ഏതെങ്കിലും ആവാം.
. കൂടുതല്‍ കായ് പിടിപ്പിക്കാന്‍ ഇതിനിടയില്‍ ഹോര്‍മോണ്‍ പ്രയോഗവുമുണ്ടാകും.
. പുഴുക്കള്‍ക്കെതിരെ ‘റീവ എന്ന സിന്തറ്റിക് പൈറിത്രോയ്ഡ് പ്രയോഗിക്കുന്നു.
. സുന്ദരി പാവയ്ക്കകള്‍ക്ക് ഒന്നുകൂടി ‘നഗാട്ട- സൈപ്പര്‍മെത്രിന്‍ അടങ്ങിയ കീടനാശിനി.

ചുരുക്കത്തില്‍ 120 ദിവസം, പത്തുദിവസത്തിന്റെ ഇടവേളകളില്‍ 12 വിഷങ്ങള്‍. വിളയെ കീടത്തില്‍ നിന്നു രക്ഷിക്കാന്‍ കീടനാശിനി വേണം. അംഗീകൃത കീടനാശിനി, അംഗീകൃത ഇടവേളകളില്‍, അംഗീകൃത അളവില്‍ മാത്രം പ്രയോഗിച്ചാല്‍ ദോഷഫലങ്ങള്‍ കുറഞ്ഞിരിക്കും. അമിത ലാഭത്തിനു വേണ്ടി ഇതെല്ലാം മറക്കുമ്പോള്‍ വിള വിഷലിപ്തമാകുന്നുവെന്നു കൃഷിശാസ്ത്രജ്ഞര്‍.

എന്തായാലും പച്ചക്കറി വാങ്ങാതിരിക്കാനാവില്ല. അപ്പോള്‍ പിന്നെ അരിയും പലവ്യഞ്ജനങ്ങളും കൂടി വാങ്ങാമെന്നു കരുതിയാലോ… അതിലെ മായത്തെക്കുറിച്ചു നാളെ.

കടപ്പാട് – മനോരമ

Advertisements