പലവ്യഞ്ജനങ്ങളല്ല… പല വ്യസനങ്ങള്‍

ജനുവരി 29, 2010

തുണികള്‍ക്കു നിറം ചേര്‍ക്കാനുപയോഗിക്കുന്നതും ക്യാന്‍സര്‍ രോഗത്തിനു കാരണമാകുന്നതുമായ നിരോധിത നിറം മുളകുപൊടിയില്‍, മൂന്നും നാലും രാസവസ്തുക്കൂട്ടുകളുമായി ചായപ്പൊടി, കുട്ടികള്‍ക്കു കൊടുക്കുന്ന ഭക്ഷണത്തില്‍ ഒരിക്കലും ഉള്‍പ്പെടുത്താന്‍ പാടില്ലാത്ത നിറം…

മായക്കാഴ്ചകള്‍ അവസാനിക്കുന്നില്ല. കേരളത്തിന്റെ പൊതുവിപണിയില്‍ നിന്നു മനോരമ സംഘം വാങ്ങി പരിശോധനയ്ക്കു നല്‍കി കിട്ടിയ ഫലങ്ങളും വിവിധ ജില്ലകളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ നേരിട്ടു നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതുമായ വിവരങ്ങളും ഞെട്ടിക്കുന്നത്. ഉപ്പു തൊട്ടു കര്‍പ്പൂരം വരെയുള്ള ഭൂരിഭാഗം വസ്തുക്കളും വിപണിയിലിറക്കുന്നതു മാരകമായ രാസവസ്തുക്കള്‍ ചേര്‍ത്ത്.

മുളകുപൊടിയില്‍
സുഡാന്‍ 4 എന്ന മാരകനിറം കണ്ടെത്തി. ക്യാന്‍സര്‍, കരള്‍, വൃക്കരോഗങ്ങള്‍ എന്നിവയ്ക്കു സാധ്യതയുണ്ടെന്നതിനാല്‍ നിരോധിച്ച നിറമാണിത്. മുളകുപൊടിക്കു ചുവന്നുതുടുത്ത നിറം നല്‍കാനാണു ലാഭക്കൊതിയന്മാര്‍ ഇതു ചേര്‍ത്തിരിക്കുന്നത്. ഇഷ്ടികപ്പൊടി, അറക്കപ്പൊടി എന്നിവ ചേര്‍ത്ത മുളകുപൊടിയും വിപണിയില്‍ സജീവം.

മഞ്ഞനിറം നല്‍കാന്‍ ലെഡ് ക്രോമേറ്റാണു മഞ്ഞപ്പൊടിയില്‍ ചേര്‍ത്തിരിക്കുന്നത്. നല്ല നിറവും സ്വാദം കടുപ്പവും പതയുമുള്ള ചായപ്പൊടി തയാറാക്കാന്‍ സണ്‍സെറ്റ് യെല്ലോ, ടാര്‍ട്രാസിന്‍, കാര്‍മോയ്സിന്‍ എന്നിവയായിരുന്നു മായക്കൂട്ടുകള്‍. നല്ല സുന്ദരക്കുട്ടപ്പന്മാരായി ഉഴുന്നിനെയും ചെറുപയറിനെയും മാറ്റാന്‍ ചേര്‍ത്തതു മുഖത്തിടുന്ന പൌഡറിന്റെ ഘടകമായ ടാല്‍ക്ക്.

എന്നാല്‍,
ലാബ് പരിശോധനയ്ക്കു പോകാതെയും ഞങ്ങള്‍ മായം കണ്ടെത്തി. റവയില്‍ കാന്തം വച്ചുനോക്കിയാല്‍ ഇരുമ്പുതരികള്‍ ചാടിപ്പിടിക്കുന്നു. പഞ്ചസാരയും ഉപ്പും വെള്ളത്തില്‍ അലിയിച്ചപ്പോള്‍ തരിക്കല്ലുകള്‍ ബാക്കി… എത്ര കഠിനഹൃദയരായ ലാഭക്കൊതിയന്മാരാണു നമുക്കു ചുറ്റും!

നല്ലെണ്ണ; നല്ല തവിടെണ്ണ
നല്ലൊന്നാന്തരം ‘നല്ലെണ്ണ. അച്ചാറുണ്ടാക്കാന്‍ അത്യുത്തമം. സന്ധ്യയ്ക്കു വിളക്കു കൊളുത്താനും തേച്ചുകുളിക്കും പേരുകേട്ടത്. പ്രശസ്തമായ ബ്രാന്‍ഡുകളുടെ പകുതി വില. വിലക്കയറ്റംമൂലം പൊറുതിമുട്ടുന്ന സാധാരണക്കാരന് ആനന്ദലബ്ധിക്ക് ഇനിയെന്തു വേണം! പരിശോധിക്കാം ഇൌ വിലക്കുറവിന്റെ സൂത്രവാക്യം.

കേരളവിപണി കയ്യടക്കിക്കൊണ്ടിരിക്കുന്ന തമിഴ്നാട്ടില്‍ നിന്നുള്ള ബ്രാന്‍ഡഡ് നല്ലെണ്ണ കൊച്ചിയിലെ റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറിയിലാണു പരിശോധിച്ചത്. പരിശോധനാ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗം ഇങ്ങനെയായിരുന്നു.

‘എണ്ണയില്‍ മായം കലര്‍ന്നിരിക്കുന്നു. ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍ നിയമം അനുശാസിക്കുന്ന ഗുണനിലവാരം എണ്ണയ്ക്കില്ല. ഇത്രയും പറഞ്ഞു സര്‍ക്കാര്‍ ലബോറട്ടറി പരിശോധനാ ഫലം പൂര്‍ണമാക്കി. ഇതേ എണ്ണ, ഇതേ ദിവസം ഇൌറോഡിലെ കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ മായത്തെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചു. പരിശോധനാഫലം ഇങ്ങനെയായിരുന്നു: ‘എണ്ണ ശുദ്ധമല്ല. നല്ലെണ്ണയില്‍ തവിടെണ്ണയുടെ സാന്നിധ്യം സംശയിക്കുന്നു. 90% തവിടെണ്ണയും 10% നല്ലെണ്ണയും എന്ന തോതില്‍.

കുപ്പിയിലും പ്ളാസ്റ്റിക് പൌച്ചിലുമാക്കി പരസ്യം നല്‍കി വില്‍ക്കുന്ന എണ്ണയുടെ ഉള്ളടക്കം ഇങ്ങനെയാണെങ്കില്‍ ചെറുകിട കടകളില്‍ വില്‍ക്കുന്ന എണ്ണയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഉൌഹിക്കാവുന്നതേയുള്ളൂ.

വെളിച്ചെണ്ണയില്‍ സര്‍വത്ര മായം
വെളിച്ചെണ്ണയിലുമുണ്ട് വേണ്ടത്ര മായം. രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ള മായത്തിനു കച്ചവടക്കാര്‍ സോള്‍വെന്റ് എണ്ണയെന്നു പറയുന്നു. ആട്ടുന്ന കൊപ്രയില്‍ പത്തുശതമാനത്തോളം എണ്ണ വേര്‍പെടുത്താനാവാതെ ശേഷിക്കും. ഇൌ എണ്ണ രാസവസ്തുക്കള്‍ ഉപയോഗിച്ചു വേര്‍പെടുത്തുന്നതാണു സോള്‍വെന്റ് എണ്ണ.

പാം കെര്‍ണല്‍ ഒായില്‍, റബര്‍ക്കുരുവിന്റെ എണ്ണ, പാരഫിന്‍ ഓയില്‍ എന്നിവ വെളിച്ചെണ്ണയിലെ പതിവു മായങ്ങളാണ്. വൃക്കത്തകരാറുകളും ക്യാന്‍സറിനും വരെ കാരണമാകുന്നുണ്ട്, മായം ചേര്‍ത്ത ഭക്ഷ്യഎണ്ണകള്‍. മായമുള്ള എണ്ണ ഉള്ളില്‍ ചെന്നാല്‍ ഛര്‍ദി, വയറിളക്കം, കൈകാലുകളില്‍ നീര്‍ക്കെട്ട് തൊലിപ്പുറത്തു പാടുകള്‍, ഹൃദയമിടിപ്പില്‍ കുറവ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാകും.

ഹോട്ടലുകളില്‍ ഇറച്ചിയും മറ്റും വറുത്തതിനു ശേഷമുള്ള എണ്ണ ശേഖരിച്ചു ചില രാസവസ്തുക്കള്‍ ചേര്‍ത്തു ചൂടാക്കി അരിച്ച് അല്‍പം നല്ലെണ്ണ മിക്സ് ചെയ്തശേഷം വിളക്കെണ്ണ എന്ന പേരില്‍ ചില കമ്പനിക്കാര്‍ ഇറക്കുന്ന സംഭവം നേരത്തേ സിവില്‍ സപ്ളൈസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍, വിളക്കെണ്ണ ഭക്ഷ്യവസ്തുവല്ലെന്നതിനാല്‍ ഭക്ഷ്യവസ്തു മായംചേര്‍ക്കല്‍ നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ല.

തമിഴനെ തട്ടിപ്പുകാരനാക്കുന്ന മലയാളി
തമിഴനെ തട്ടിപ്പിനു നിര്‍ബന്ധിക്കുന്നതു മലയാളിയാണെന്നു കോയമ്പത്തൂരിലെ തരികിട ടീ ബ്ളെന്‍ഡിങ് പരിപാടി നടത്തുന്ന സുന്ദരസ്വാമി പറയുന്നതു കള്ളമാകാന്‍ വഴിയില്ല. നല്ല ചായപ്പൊടി കൊടുത്താല്‍ ഗുണമില്ലെന്നും മണമില്ലെന്നും സ്വാദില്ലെന്നും പറഞ്ഞു മടക്കുന്നവരാണു മലയാളികള്‍. അതുകൊണ്ടു തന്നെ മൂന്നു മുതല്‍ ആറുവരെ രാസവസ്തുക്കള്‍ ചേര്‍ത്ത ചായപ്പൊടിയാണു സ്വാമി കേരളത്തിലെ കടകളിലേക്കു നല്‍കുന്നത്. ഇത്തരം മിക്സിങ് യൂണിറ്റ് കോയമ്പത്തൂര്‍, ചെന്നൈ മേഖലകളില്‍ കുടില്‍വ്യവസായം പോലെയാണ്. നീലഗിരി ജില്ലയില്‍ മായം കലര്‍ത്തി ചായപ്പൊടി നിര്‍മിച്ച ഒന്‍പതു ഫാക്ടറികളാണ് അടുത്തു പൂട്ടിയത്.

മിക്സിങ് ചായപ്പൊടിയുണ്ടാക്കാന്‍ നല്ല പൊടി വേണമെന്നില്ല. ഫാക്ടറികള്‍ ചായപ്പൊടി നിര്‍മിക്കുമ്പോള്‍ ചൂടായി കരിഞ്ഞത്, പകുതിവെന്ത ചായപ്പൊടി എന്നിവയാണു വേണ്ടത്. ഇത്തരം ചായപ്പൊടികള്‍ കുറഞ്ഞ വിലയില്‍ വാങ്ങിയാണു കൃത്രിമം ചേര്‍ക്കുക. നിറമുണ്ടാകാന്‍ എന്തു ചേര്‍ക്കണം, പതയുണ്ടാകാന്‍ എന്തു ചേര്‍ക്കണം, കടുപ്പത്തിന് എന്തു ചേര്‍ക്കണമെന്നെല്ലാം ബ്ളെന്‍ഡര്‍മാര്‍ക്കറിയാം. റെഡ് ഓക്സൈഡ്, സണ്‍സെറ്റ് യെല്ലോ, ടാര്‍ട്രാസിന്‍, കര്‍മോസൈന്‍ എന്നിവയാണു പൊതുവേ ചേര്‍ക്കുന്ന സാധനങ്ങള്‍.

മാംസപ്രിയര്‍ക്കും രക്ഷയില്ല. ശുദ്ധമെന്നു കരുതി വാങ്ങുന്ന ഇറച്ചിയും മീനും ശുദ്ധമല്ലെന്നു വന്നാലോ? ആ മായാജാലത്തെക്കുറിച്ചു തിങ്കളാഴ്ച

കടപ്പാട് – മനോരമ

Advertisements