വേണം കാലാവസ്ഥാ മാറ്റമുണ്ടാക്കാത്ത കൃഷി രീതികള്‍

ജനുവരി 22, 2011

ഡോ. കെ.പി. പ്രഭാകരന്‍ നായര്‍

കഴിഞ്ഞ വര്‍ഷാന്ത്യത്തില്‍ മെക്‌സിക്കോയിലെ കാന്‍കൂണില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടി പരാജയപ്പെട്ടിരിക്കുന്നു. തൊട്ടുമുമ്പത്തെ വര്‍ഷം ഡെന്‍മാര്‍ക്കിലെ കോപന്‍ഹേഗനില്‍ നടന്ന ഉച്ചകോടിക്കു സംഭവിച്ച അതേ വിധി. കാലാവസ്ഥാ വ്യത്യാസത്തെ നേരിടേണ്ടതെങ്ങനെയെന്നതു സംബന്ധിച്ച സംവാദങ്ങളില്‍ ഗണ്യമായ ഊന്നല്‍ ലഭിക്കുന്നതു കൃഷി മേഖലയ്ക്കാണ്. മനുഷ്യന്റെ നിലനില്‍പ്പിന് ഏറ്റവും ആവശ്യമായിട്ടുള്ള സംഗതി ഭക്ഷണമാണ് എന്നതു തന്നെ കാരണം. കാലാവസ്ഥാ വ്യതിയാനം കാര്‍ഷികോത്പാദനത്തെ എങ്ങനെ ബാധിക്കുമെന്നറിയാന്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും സമീപകാല അനുഭവങ്ങള്‍ പരിശോധിച്ചാല്‍ മതി. ഡിസംബര്‍ ആദ്യ വാരത്തില്‍ കാലംതെറ്റി പെയ്ത മഴ കൊല്ലം ജില്ലയില്‍ ആയിരക്കണക്കിന് ഏക്കര്‍ നെല്‍ക്കൃഷി നശിപ്പിച്ചു. തമിഴ്‌നാട്ടില്‍ മൂന്നു ദിവസത്തിനിടെ 28 സെന്റിമീറ്റര്‍ മഴയാണു രേഖപ്പെടുത്തിയത്. സര്‍വകാല റെക്കോഡാണിത്. മഴ പ്രളയമായി മാറുമ്പോള്‍ കാര്‍ഷികോത്പാദനം താളം തെറ്റുന്നു. പശ്ചിമഘട്ട മേഖലയിലെ ഇക്കഴിഞ്ഞ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ കാഠിന്യവുമോര്‍ക്കുക. ഇന്ത്യയിലെ കാലവര്‍ഷത്തിന്റെ ക്രമരാഹിത്യം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒന്നാന്തരം ഉദാഹരണമാണ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്ര സമിതി (ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്-ഐ.പി.സി.സി.) തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണിത്. സ്ഥിതി ഇതായിരിക്കെ, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ കഴിയുന്നൊരു ഭക്ഷ്യോത്പാദന വ്യവസ്ഥ യാഥാര്‍ഥ്യമാക്കുന്നതിന് അഞ്ചു നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നു.

1)സുസ്ഥിരവും സുഘടിതവുമായ ഉത്പാദനത്തിലേക്കു നീങ്ങുക

‘ഹരിത വിപ്ലവം’ എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന വ്യാവസായിക കൃഷി അവതരിപ്പിച്ച കൃത്രിമമായ വേര്‍പിരിക്കലുകളും ലളിതവത്കരണങ്ങളും ഇല്ലാതാക്കേണ്ടതുണ്ട്. സുസ്ഥിര കൃഷിരീതിയുടെ വിവിധ വശങ്ങള്‍ വീണ്ടും ഏകോപിപ്പിക്കണം. കാര്‍ഷിക ജൈവവൈവിധ്യം വീണ്ടും നമ്മുടെ കാര്‍ഷികോത്പാദനത്തിന്റെ മൂലക്കല്ലാവണം. വിത്തു സമാഹരിക്കുന്നതിന്റെയും കൈമാറ്റം ചെയ്യുന്നതിന്റെയും തദ്ദേശീയ സംവിധാനങ്ങള്‍ പുനരാനയിക്കപ്പെടുകയും വേണം. അല്ലാതെ, ഇന്ത്യന്‍ കര്‍ഷകരെ ബഹുരാഷ്ട്രക്കുത്തകകളുടെ അടിമയാക്കുന്ന ജനിതക വിത്തുകളല്ല വേണ്ടത്. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതോപയോഗം അവസാനിപ്പിക്കണം. പകരം, ‘ഹരിത സാങ്കേതികവിദ്യ’ അവതരിപ്പിച്ചു മണ്ണിന്റെ വളക്കുറ് വീണ്ടെടുക്കണം. ഹരിത വിപ്ലവത്തിന്റെ തൊട്ടിലായി അറിയപ്പെടുന്ന പഞ്ചാബ്, ഹരിയാണ, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ നിലങ്ങള്‍ രാസവളങ്ങളുടെയും കീടനാശിനിയുടെയും അമിതോപയോഗത്തിലൂടെ തരിശായി മാറിയതാണ് അനുഭവം. ഇവയൊന്നും ഉപയോഗിക്കാതെ വിജയകരമായി കൃഷി ചെയ്യുന്നതിനുള്ള തനതുരീതികള്‍ പ്രതിബദ്ധരായ ശാസ്ത്രജ്ഞരും സഹജ വിജ്ഞാനികളായ കര്‍ഷകരും വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍ കാര്‍ഷിക വൃത്തിയിലൂടെ പുറന്തള്ളപ്പെടുന്നതു പൂര്‍ണമായും ഒഴിവാക്കാന്‍ ഈ രീതികള്‍ അവലംബിച്ചാല്‍ മതി.

2)മണ്ണിനെ തിരിച്ചുപിടിക്കുക

മണ്ണിനെ നാം വീണ്ടും ഗൗരവപൂര്‍വം പരിഗണിക്കാന്‍ തുടങ്ങേണ്ടിയിരിക്കുന്നു. മണ്ണിന്റെ വളക്കൂറ് നഷ്ടമായാല്‍ കൃഷി ഇല്ലാതാവും. വിളകളുണ്ടാവുന്നത് ബാഹ്യാകാശത്തല്ലല്ലോ. നമ്മുടെ മണ്ണിനെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്നു ഹരിത വിപ്ലവത്തിന്റെ പ്രയോക്താക്കള്‍ക്ക് അറിയില്ലായിരുന്നു. അതുകൊണ്ടാണു ഹരിത വിപ്ലവം പരാജയപ്പെട്ടത്. മണ്ണിന്റെ ജൈവികതയും കാര്‍ബണ്‍ സമതുലിതാവസ്ഥയും വീണ്ടെടുക്കാന്‍ ഇന്ത്യ കഠിനമായ പരിശ്രമം നടത്തേണ്ടിവരും. രാസവളത്തിന്റെ നാലു പതിറ്റാണ്ടായുള്ള അമിതോപയോഗം മൂലം കാര്‍ബണ്‍ സമ്പത്ത് നഷ്ടപ്പെട്ട മണ്ണ് നിര്‍ജീവമായി. ജൈവ കാര്‍ബണ്‍ സമ്പന്നമായ മണ്ണില്‍ അളവറ്റ ജലം സംഭരിക്കാനാവും. അത്തരം മണ്ണില്‍ കൃഷി നടത്തുമ്പോള്‍ ഹരിതഗൃഹ വാതക ബഹിര്‍ഗമനം ഉണ്ടാവുകയുമില്ല.

3)കൃഷിയെ വ്യവസായാധിഷ്ഠിതമല്ലാതാക്കുക

ചെറുകിട, കുടുംബാധിഷ്ഠിത കൃഷി വീണ്ടും ഇന്ത്യന്‍ കാര്‍ഷികോത്പാദന വ്യവസ്ഥയുടെ അടിസ്ഥാന ശിലയാവണം. അന്താരാഷ്ട്ര വിപണികള്‍ക്കു വേണ്ടിയുള്ള കാര്‍ഷികോത്പാദനത്തിനായി സ്ഥാപിതമായ വന്‍കിട വ്യാവസായിക കൃഷിയിടങ്ങള്‍ രാജ്യത്തിന്റെ തനതു ജീവിത രീതികളെയും സംസ്‌കാരങ്ങളെയും നശിപ്പിച്ചു. ഗ്രാമങ്ങളില്‍ വരുമാനോപാധിയില്ലാതായതോടെ ആളുകള്‍ വന്‍തോതില്‍ നഗരങ്ങളിലേക്കു കുടിയേറി. തല്‍ഫലമായി ഗ്രാമങ്ങള്‍ ഏറെക്കുറെ വിജനമാവുകയും നഗരങ്ങള്‍ ജനസംഖ്യാ വിസ്‌ഫോടനത്തോടടുക്കുകയും ചെയ്തു. സുസ്ഥിര കൃഷിയെന്നാല്‍ കാളവണ്ടി യുഗത്തിലേക്കുള്ള തിരിച്ചുപോക്കാണെന്നാണ് നമ്മുടെ കാര്‍ഷിക ഗവേഷണ രംഗത്തെ തമ്പുരാക്കന്‍മാര്‍ കളിയാക്കുന്നത്. ഗോത്ര ജീവിതരീതിയെന്നാണു ബഹുമാന്യനായ ഒരു മന്ത്രിയുടെ പരിഹാസം. അധികാരി വര്‍ഗത്തിന്റെ ധാര്‍ഷ്ട്യമാണിതു കാണിക്കുന്നത്. വ്യാവസായിക കൃഷിയില്‍ വ്യയം ചെയ്യപ്പെടുന്ന അളവറ്റ വൈദ്യുതി ലാഭിക്കാനും സുസ്ഥിര കൃഷിയിലേക്കുള്ള ചുവടുമാറ്റത്തിലൂടെ സാധിക്കും.

4)അന്താരാഷ്ട്ര വാണിജ്യം വേണ്ട

പ്രാദേശിക വിപണികള്‍ക്ക് പ്രാമുഖ്യം നല്‍കുകയെന്നതാണു ഭക്ഷ്യ സ്വയംപര്യാപ്തതയുടെ സുപ്രധാന തത്ത്വങ്ങളിലൊന്ന്. നമ്മുടെ കാര്‍ഷികോത്പന്നങ്ങള്‍ക്കായി അമേരിക്കയുടെയോ യൂറോപ്പിന്റെയോ ജപ്പാന്റെയോ വിപണികള്‍ തേടേണ്ട കാര്യമില്ല. അധികൃതര്‍ മനസ്സുവെച്ചാല്‍ വിപുലമായൊരു ആഭ്യന്തര വിപണി നമുക്കുണ്ടാവും. അതു യാഥാര്‍ഥ്യമാവുന്നപക്ഷം യൂറോപ്യന്‍ യൂണിയന്റെ വിപണിയേക്കാള്‍ വലുതായിരിക്കുമത്. സംസ്ഥാനങ്ങള്‍ക്കിടയില്‍ ഉത്പന്നങ്ങളുടെ സ്വതന്ത്രസഞ്ചാരം തടസ്സപ്പെടുത്തുന്ന കൃത്രിമവേലികള്‍ ഇല്ലാതാക്കണമെന്നു മാത്രം. അന്താരാഷ്ട്ര വിപണിയെയുംഅതിന്റെ അനുബന്ധങ്ങളായ ഭക്ഷ്യ സംസ്‌കരണം, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നീ മേഖലകളെയും ലക്ഷ്യമിട്ടുള്ള കാര്‍ഷികോത്പാദനമാണു പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും ദോഷകരമാവുന്നത്.

5)മാംസാഹാര വിപണിയുടെ വികേന്ദ്രീകരണം

ഗ്രാമീണ ജീവിതോപാധികളുടെ അവിഭാജ്യ ഭാഗമായിരുന്ന കന്നുകാലി മേഖല ചില വമ്പന്‍ വ്യവസായകുത്തകകളുടെ നിയന്ത്രണത്തിലുള്ള മാംസാഹാര വ്യവസായമായി മാറിയിരിക്കുന്നു. അന്താരാഷ്ട്ര മാംസാഹാര വിപണി കഴിഞ്ഞ ദശകങ്ങളില്‍ അഞ്ചുമടങ്ങാണു വളര്‍ന്നത്. ഇതു കാലാവസ്ഥാ പ്രതിസന്ധിക്കു വലിയ തോതില്‍ വളമായിട്ടുണ്ട്. വാഹനങ്ങളില്‍ നിന്നുള്ള ഹരിതഗൃഹ വാതക ബഹിര്‍ഗമനം 14 ശതമാനമാണെന്നിരിക്കെ, മാംസാഹാര മേഖലയില്‍ നിന്നുള്ളത് 18 ശതമാനമാണ്. കൃഷിയനുബന്ധ ബഹിര്‍ഗമനത്തിന്റെ 80 ശതമാനവും ഈ മേഖലയില്‍ നിന്നു തന്നെ.
ദരിദ്ര രാജ്യങ്ങളിലെ പ്രാദേശിക വിപണികളെ തകര്‍ത്തുകൊണ്ടാണ് അന്താരാഷ്ട്ര മാംസാഹാര വ്യവസായം തഴച്ചുവളര്‍ന്നത്. ഈ ആഗോള മാംസാഹാര വിപണി വികേന്ദ്രീകരിക്കപ്പെടണം. പ്രാദേശിക വിപണിക്ക് ആവശ്യമായ തോതില്‍ മാംസം ചെറുകിട ഫാമുകളില്‍നിന്നു ലഭ്യമാക്കുന്ന സംവിധാനമാണ് അഭികാമ്യം. ഈ രംഗത്തെ അന്താരാഷ്ട്ര കുത്തകകള്‍ ഉത്പാദിപ്പിക്കുന്ന മാംസം ദരിദ്ര രാജ്യങ്ങളിലെ വിപണികളില്‍ വന്നടിയുന്നതിനും അറുതിയുണ്ടാവണം.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ ശക്തമായ നടപടികളുണ്ടായില്ലെങ്കില്‍ അത് ഇന്ത്യന്‍ കാര്‍ഷിക മേഖലയെയും തദ്വാരാ നമ്മുടെ ഭക്ഷ്യ സുരക്ഷയെയും ബാധിക്കുക തന്നെ ചെയ്യും. ദരിദ്ര ജനവിഭാഗങ്ങളാവും ഇതിന്റെ വിപത്ത് ഏറ്റവുമധികം അനുഭവിക്കേണ്ടിവരിക. കാലാവസ്ഥാ വിപത്ത് ലഘൂകരിക്കുന്നതിനുള്ള നടപടികളുടെ തോതും ഗതിയും നിര്‍ണയിക്കുന്നതു സമ്പന്ന രാജ്യങ്ങളായിരിക്കുമെന്നുള്ള സന്ദേശമാണു കോപന്‍ഹേഗനും കാന്‍കൂണും നല്‍കുന്നത്. ഇതിന്റെ ദൂഷ്യങ്ങള്‍ അനുഭവിക്കുന്നവരുടെ കൂട്ടത്തിലാവും ഇന്ത്യയും മറ്റു വികസ്വര- അല്‍പ്പ വികസിത രാജ്യങ്ങളും. ദുരന്തം ഇങ്ങെത്തും മുമ്പേ രക്ഷാ നടപടികള്‍ക്ക് നാം തുനിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം.
കടപ്പാട് – മാതൃഭൂമി ലേഖനം 23-01-2010
Advertisements