കാര്‍ഷിക സര്‍വ്വകലാശാലകള്‍ ആര്‍ക്കുവേണ്ടി?

നവംബര്‍ 26, 2011

ജനിതകവിത്തുകളുടെ ഗവേഷണം ആരംഭിക്കുമെന്ന് കാര്‍ഷിക സര്‍വ്വകലാശാല

തൃശ്ശൂര്‍: ശാസ്ത്രലോകത്തെ പ്രതിഷേധങ്ങളെത്തുടര്‍ന്ന് വിവാദമായ ജനിതകവിത്തുകളുടെ ഗവേഷണം ആരംഭിക്കുമെന്ന് കാര്‍ഷിക സര്‍വ്വകലാശാല. ശനിയാഴ്ച വെള്ളാനിക്കരയില്‍ ചേര്‍ന്ന സര്‍വകലാശാലയുടെ 112-ാമത് ജനറല്‍ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയിലാണ് യൂണിവേഴ്‌സിറ്റിയുടെ ഈ ഔദ്യോഗിക വെളിപ്പെടുത്തല്‍.

12-ാം പഞ്ചവത്സരപദ്ധതി നടപ്പിലാക്കുമ്പോള്‍ ഊന്നല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള 28 വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് ജനിതകവിത്തുകള്‍ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണം നടത്തുമെന്ന് കാര്‍ഷിക സര്‍വ്വകലാശാല പ്രഖ്യാപിച്ചിരുന്നത്. കാലാവസ്ഥാവ്യതിയാനവും കൃഷിയും, സംയോജിത കൃഷിസമ്പ്രദായം എന്നീ മേഖലകള്‍ക്ക് പന്ത്രണ്ടാം പദ്ധതിയില്‍ ഊന്നല്‍ നല്‍കുമെന്ന് വ്യക്തമാക്കുന്ന ഒന്നാം നമ്പര്‍ ചോദ്യത്തിനുള്ള ഉത്തരത്തിലാണ് സര്‍വകലാശാലാ അധികാരികളുടെ ഈ വെളിപ്പെടുത്തല്‍. More >>>>

പ്രത്യേക ശ്രദ്ധയ്ക്ക്

കാര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും അവ പ്രചരിപ്പിക്കുന്നതിനും പകരം കോടികള്‍ പാഴാക്കുന്നതും വരും തലമുറകളെപ്പോലും അപകടത്തിലാക്കുന്നതുമായ ഗവേഷണങ്ങള്‍ക്ക് പിന്നാലെ കാര്‍ഷിക സര്‍വ്വകലാശാലകള്‍ പോകുന്നത് ആരെ സഹായിക്കാനാണ്?  നാളിതുവരെ മനുഷ്യരിലും മറ്റ് ജീവജാലങ്ങളിലും പരിസ്ഥിതിയിലും ജൈവ വൈവിധ്യത്തിനും യാതൊരു കുഴപ്പവും സംഭവിക്കില്ല എന്ന് ഇനിയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ജനിതക വിളകള്‍ കേരളംപോലെ അതി ലോലമായ ആവാസവ്യവസ്ഥയും അത്യപൂര്‍വ്വവും അതി വിപുലവുമായ  ജൈവ വൈവിധ്യവുമുള്ള ജന സാന്ദ്രത ഏറിയതുമായ ഒരു ചെറു സംസ്ഥാനത്ത് പരീക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. മൊന്‍സാന്റോ, സിന്‍ജെന്റാ പോലുള്ള ആഗോള കുത്തകകളുടെ ലക്ഷ്യം ലോകത്തെ മുഴുവന്‍ വിത്തുകളും ലാബുകളില്‍ നിര്‍മ്മിക്കണം എന്നതാകാം. പേറ്റന്റിന്റെ പിന്‍ബലത്തില്‍ ലോക കോടതികളുടെ സഹായവും മൊന്‍സാന്റോയ്ക്ക് ലഭിക്കും. ജനിതകവിള കൃഷിയിടങ്ങള്‍ക്കടുത്തുള്ള കൃഷിയിടങ്ങളിലെ വിളകളില്‍ പരാഗണത്തിലൂടെ ജനിതകമാറ്റം സംഭവിച്ചതിന് അമേരിക്കന്‍ കോടതിയില്‍ കേസ് നടക്കുന്ന കാര്യവും നാം അറിഞ്ഞതല്ലെ? 1955 അടുപ്പിച്ച് ജാപ്പനീസ് കൂട്ടുകൃഷി സമ്പ്രദായപ്രകാരം പതിനാല് സെന്റില്‍ നിന്നും നാല്പത് പറ നെല്ല്  ഉത്പാദനം നടന്നത് കണ്ണുകൊണ്ട് കണ്ട അനുഭവം പലര്‍ക്കും ഉണ്ട്. അക്കാലത്ത് വിളവെടുപ്പ് കൊയ്ത്ത് ഉത്ഘാടനം നടത്തിയ മുഖ്യമന്ത്രി പട്ടം താണുപിള്ള ഉള്‍പ്പെട്ട ഹ്രസ്വചിത്രം തൃശൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ ചവറ്റ് കൊട്ടയില്‍ കാണും. കാര്‍ഷികോത്പാദന വര്‍ദ്ധനവിനായി നടത്തിയ ഗവേഷണങ്ങള്‍ മണ്ണിനെ കൊല്ലാനായിരുന്നു എന്ന് കാലം നമ്മെ പഠിപ്പിച്ചു. കാലാവസ്ഥ വ്യതിയാന ഭീഷണികള്‍ ചെറുക്കുന്ന വിത്തിനങ്ങളല്ല കര്‍ഷകര്‍ക്കാവശ്യം ഹരിതഗൃഹ വാതകങ്ങളുടെ നിയന്ത്രണമാണ് വേണ്ടത്. മണ്ണിന്റെ ഗുണ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് പകരം ജനിതകമാറ്റം വരുത്തിയ വിത്തുകളും മറ്റും പരീക്ഷിക്കാന്‍ ഇറങ്ങി പുറപ്പെടും മുമ്പ് ലോകമെമ്പാടും അതിനെ എതിര്‍ക്കുന്നവര്‍ പറയുന്ന കാര്യങ്ങളിലേയ്ക്ക്  ഒരല്പശ്രദ്ധ ചെലുത്തുകയാണ് വേണ്ടത്. കാര്‍ഷിക സര്‍വ്വകലാശാലകള്‍ തന്നെയാണ് തീര്‍ച്ചയായും പരിസ്ഥിതി സംരക്ഷണത്തില്‍ പ്രധാന പങ്ക് വഹിക്കേണ്ടത്. തെങ്ങിന്റെ മഞ്ഞളിപ്പിന് പരിഹാരം തെങ്ങൊന്നിന് അഞ്ച് കിലോ യൂറിയ ഇടാന്‍ നിര്‍ദ്ദേശിച്ച ഡോ. ഗോപിമണിയെ നമുക്ക് മറക്കാന്‍ കഴിയുമോ? കര്‍ഷക ആത്മഹത്യകളുടെ കാരണങ്ങള്‍ പഠിക്കാനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും പ്രതിനിധി സംഘത്തെ അയക്കുവാന്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൌണ്‍സില്‍ തീരുമാനിച്ചത് ആരെ സംരക്ഷിക്കാനാണ്? കടം കയറുന്ന കര്‍ഷകരുടെ ആത്മഹത്യയ്ക്ക് കാരണം നഷ്ടകൃഷിയാണെന്നതാണ് സത്യം.

അന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം നഗരത്തിലെ ശുചിത്വം കണ്ണുകൊണ്ട് കണ്ട കൃഷിശാസ്ത്രജ്ഞര്‍ പഠിക്കാതെപോയതെന്താണ്? ചാല പാളയം മാര്‍ക്കറ്റ് വേസ്റ്റും, റോഡുകള്‍ തൂത്തുവാരുന്ന ചപ്പ് ചവറുകളും ഉപയോഗിച്ച് വലിയതുറ സീവേജ് ഫാമില്‍ മനുഷ്യവിസര്‍ജ്യവുമായി കലര്‍ത്തി നിര്‍മ്മിച്ച കമ്പോസ്റ്റായിരുന്നു അന്ന് നെല്‍പ്പാടങ്ങളിലും, വെള്ളായണി കാര്‍ഷിക കോളേജിലും, സര്‍ക്കാര്‍ കൃഷിഫാമുകളിലും ഉപയോഗിച്ചിരുന്നത്.  നാല്പത് മേനി വിളവിന് കാരണമായതും പ്രസ്തുത കമ്പോസ്റുതന്നെ. . ജൈവവളത്തില്‍ അടങ്ങിയിരിക്കുന്ന മൈക്രോ മാക്രോ ന്യൂട്രിയന്‍സ് എത്രത്തോളമാണെന്ന് കൃഷിശാസ്ത്രജ്ഞരെ പഠിപ്പിക്കേണ്ടകാര്യമില്ലല്ലോ. ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഇന്നും എന്‍.പി.കെ രാസവളം പ്രചരിപ്പിക്കുന്ന ശാസ്ത്രജ്ഞരിലുള്ള വിശ്വാസം തന്നെ കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് 0.05 ഉം 0.06 ഉം ശതമാനം നൈട്രജന്‍ ലഭ്യമാക്കുന്ന ജൈവവളങ്ങള്‍ക്ക് പകരം  46 ശതമാനം വീര്യമുള്ള യൂറിയ പോലുള്ള വളങ്ങള്‍ മണ്ണില്‍ വിതറി മണ്ണിരകളെ കൊന്നൊടുക്കുകമാത്രമല്ല വളരെക്കുറച്ച് മാത്രം ചെടികള്‍ വലിച്ചെടുക്കുകയും ബാക്കി മുഴുവനും ഭൂഗര്‍ഭ ജലത്തിലെത്തിച്ച് കുടിവെള്ളമായി ലഭ്യമാക്കുകയല്ലെ ചെയ്തത്. 70% ഒഴുക്കുവെള്ളത്തോടൊപ്പം ജലാശയങ്ങളിലെത്തിച്ചേരും. വെള്ളത്തിലെ അമിത നൈട്രജന്‍ സാന്നിധ്യം നൈട്രേറ്റ് പോയിസണിംഗിന് കാരണമാകുന്നു എന്ന് ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. കാലികളുടെ രക്തത്തില്‍ കടന്ന് മെറ്റ്‌ഹീമോഗ്ലോബിനായി മാറുകയും കാലികളെ ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്യുന്ന ഗവേഷണം കര്‍ഷകര്‍ക്ക് ഹാനികരം തന്നെയാണ്. മാത്രവുമല്ല ബ്ലൂ ബേബി സിന്‍ഡ്രോം എന്ന ആറുമാസത്തില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കുണ്ടാകുന്ന അസുഖത്തിന് കാരണവും മറ്റൊന്നല്ല.

ജനിതക മാറ്റവുമായി മുന്നോട്ട് പോകുവാനുള്ള കാര്‍ഷിക സര്‍വകലാശാലയുടെ 112-ാമത് ജനറല്‍ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ട പുനര്‍ ചിന്തനത്തിന് വിധേയമാക്കണം എന്നുമാത്രമേ കര്‍ഷകര്‍ക്ക് പറയുവാനുള്ളു.  കര്‍ഷകര്‍ക്ക്  ബയോഗ്യാസ് സ്ലറി ഡ്രയറിലൂടെ ഡ്രൈ ചെയ്ത് എയറോബിക് കമ്പോസ്റ്റാക്കി മാറ്റുവാന്‍ ഇതേ കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് സഹായിക്കാന്‍ കഴിയുമോ? ഇത്തരം ബയോഗ്യാസ് പ്ലാന്റിലൂടെ ഹരിതഗൃഹവാതകമായ മീതൈന്‍ ഇല്ലായ്മ ചെയ്യുവാനും ഗ്രാമങ്ങളും നഗരങ്ങളും മാലിന്യ മുക്തമാക്കുവാനും ജൈവസമ്പുഷ്ടമായ കൃഷിയിടങ്ങള്‍ സംരക്ഷിക്കുവാനും ടെറസ് യാര്‍ഡ് പച്ചക്കറി കൃഷി നടത്തുവാനും കഴിയും.  ഒരു വശത്തുകൂടി ജൈവകൃഷി പ്രോത്സാഹിപ്പിക്കുവാന്‍ സെമിനാറുകള്‍ നടത്തുകയും മറുവശത്തുകൂടി അപകടകരമായ രാസവളങ്ങളും  കീടനാശിനികളും കളനാശിനികളും ഉപയോഗിച്ചുള്ള ജനിതകവിള കൃഷി പരീക്ഷണം നടത്തുന്നതും ഇരട്ടത്താപ്പല്ലെ? വേണം കാലാവസ്ഥ മാറ്റമുണ്ടാക്കാത്ത കൃഷിരീതികള്‍ എന്ന കെ.പി. പ്രഭാകരന്‍ നായരുടെ ലേഖനം കൃഷിശാസ്ത്രജ്ഞര്‍ വായിക്കേണ്ട ഒന്നാണ്. കൂടാതെ ഔഷധഗുണമുള്ള നെല്ലുകളും വിത്തുകളും മറയുന്നു  എന്നതും ശ്രദ്ധേയമായ ഒരു വിഷയമാണ്.

തിരുവനന്തപുരം: കേരളത്തിലെ ഔഷധഗുണമുള്ള നെല്ലിനങ്ങളും തനതുകൃഷിക്ക് ഉപയോഗിച്ചിരുന്ന പല വിത്തിനങ്ങളും കൃഷിയില്‍നിന്നും മനുഷ്യന്റെ ഉപയോഗത്തില്‍നിന്നും അപ്രത്യക്ഷമായതായി ഡോ.എം.എസ്.സ്വാമിനാഥന്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വയനാട്ടിലും മറ്റും വ്യാപകമായി കൃഷി ചെയ്തിരുന്ന അരിക്കരൈ, ചെന്നെല്ല്, കുഞ്ഞിനെല്ല്, ജാതിസൂക്കി എന്നീ നെല്ലിനങ്ങളാണ് കാര്‍ഷികമേഖലയില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. ജൈവവൈവിധ്യവും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെടുത്തിയ പഠനത്തിലാണ് കൃഷിശാസ്ത്രജ്ഞനായ ഡോ.സ്വാമിനാഥന്‍ ഇക്കാര്യം പറയുന്നത്.

ഔഷധ നെല്ലിനങ്ങളില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള ഏകഇനം നവരമാത്രമാണ്. ആയുര്‍വേദത്തില്‍ നവരക്കിഴിക്ക് ഇത് ഉപയോഗിച്ചുവരുന്നു. പണ്ടുകാലത്ത് തിരുവിതാംകൂറിലെ രാജാക്കന്മാര്‍ നവരനെല്ലിന്റെ അരികൊണ്ടാണ് ഊണ് കഴിച്ചിരുന്നത്.

19 ഇനം ചേനകള്‍ വയനാട്ടിലും മറ്റിടങ്ങളിലും കൃഷി ചെയ്തിരുന്നെങ്കിലും അവ ഇപ്പോള്‍ ലഭ്യമല്ല.

രണ്ടിനം ഇഞ്ചികാച്ചില്‍, രണ്ടിനം കുഴിക്കാവിത്ത്, കി്വന്റല്‍ കാച്ചില്‍, ആനക്കൊമ്പന്‍ കടവുകായന്‍, ഉരുളന്‍ കാച്ചില്‍, കുപ്പത്തൊട്ടിക്കിഴങ്ങ്, എലിവാലന്‍ കാച്ചില്‍, വെട്ടുകിഴങ്ങ്, രണ്ടിന വെള്ളക്കാച്ചില്‍, വെട്ടുകിഴങ്ങ്, ചോരകാച്ചില്‍, ചുവപ്പ്, നീല, കാച്ചിലുകള്‍ എന്നിവയും വെള്ളഇഞ്ചികാച്ചില്‍, മുള്ളന്‍കാച്ചില്‍, ആഫ്രിക്കന്‍ കാച്ചില്‍, തൂണന്‍ കാച്ചില്‍, ഇറച്ചിക്കാച്ചില്‍ എന്നീ കാച്ചിലിനങ്ങള്‍ 2006 വരെ വിപണിയില്‍ ലഭ്യമായിരുന്നു. എന്നാലിന്ന് അഞ്ചിനങ്ങള്‍ മാത്രമാണ് വിപണിയിലെത്തുന്നതെന്ന് ഡോ.സ്വാമിനാഥന്‍ പറയുന്നു.

ഒറീസയില്‍ 3500 നെല്ലിനങ്ങള്‍ കൃഷി ചെയ്തിരുന്നു. ഇപ്പോള്‍ അത് 95 ആയി കുറഞ്ഞിരിക്കുകയാണ്. ഇവയില്‍ തന്നെ ‘കലിംഗ കാളജീര’ എന്നൊരു നെല്ലിനത്തെ വംശനാശത്തില്‍ നിന്നു രക്ഷിച്ച ആദിവാസി സമൂഹത്തിന് യു.എന്‍. അടുത്തിടെ ഇക്വേറ്റ ഇനിഷ്യേറ്റീവ് അവാര്‍ഡ് നല്‍കിയിരുന്നു.

ഒരുനൂറ്റാണ്ട് കൊണ്ട് നഷ്ടമായ നാടന്‍ വിത്തിനങ്ങള്‍ അനേകായിരം വരും. 1930ല്‍ നിത്യോപയോഗത്തിനുള്ള പച്ചക്കറികളുടെ നിരവധി വിത്തിനങ്ങള്‍ കമ്പോളത്തില്‍ പോലും സുലഭമായിരുന്നു. എന്നാല്‍ 50 വര്‍ഷത്തിനുശേഷം 1983ല്‍ കണക്കെടുത്തപ്പോള്‍ നില വളരെ ശോചനീയമായിരുന്നു. 1930ല്‍ കാബേജിന്റെ 544 ഇനങ്ങള്‍, പയറിന്റെ 400, റാഡിഷ് 463, ബീറ്റ്‌റൂട്ട് 288, വെള്ളരിക്ക 385, തക്കാളി 408 എന്ന തരത്തില്‍ വിത്തിനങ്ങള്‍ കൃഷിക്കായി ഉപയോഗിച്ചിരുന്നു. എന്നാല്‍ 1983ല്‍ ദേശീയ വിത്തു സ്റ്റോറേജ് ലബോറട്ടറിയില്‍ പോലും ബീറ്റ്‌റൂട്ടിന്റെ 17, പയറിന്റെ 25, വെള്ളരിക്കയുടെ 16, തക്കാളി 79 എന്ന നിലയില്‍ വിത്തിനങ്ങള്‍ കുറഞ്ഞു.

ജൈവവൈവിധ്യം സംരക്ഷിക്കാന്‍ വാണിജ്യാടിസ്ഥാനത്തില്‍ ബ്രാന്‍ഡുകള്‍ സംരക്ഷിക്കുന്നതുപോലെ ജന്തുജീവജാലങ്ങളെ സംരക്ഷിക്കേണ്ട ആവശ്യകതയിലേക്ക് പഠനം വിരല്‍ചൂണ്ടുന്നു.

Advertisements

അമ്മ ബാലസഭ

മേയ് 9, 2011

മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ മണപ്പുറം എന്ന സ്ഥലത്ത് കുറച്ച് പല പ്രായത്തിലുള്ള കൊച്ചു കുട്ടികള്‍ അമ്മ ബാലസഭ എന്ന പേരില്‍ ഒരു കൊച്ച് കൂട്ടായ്മയ്ക്ക്  രൂപം നല്‍കുകയും “ഹരിത കൃഷി ഭൂമി” എന്ന ടെറസിലും വീട്ടുമുറ്റതും പച്ചക്കറി കൃഷിചെയ്യുവാന്‍ പ്രോത്സാഹനവും പരിശീലനവും ലഭ്യമാക്കുവാന്‍ വാര്‍ഡ് മെമ്പര്‍ മുന്‍കൈ എടുത്ത് സംഘടിപ്പിച്ച പരിപാടിയിലേയ്ക്ക് മലയിന്‍കീഴ് കൃഷിഭവനിലെ കൃഷി ഓഫീസര്‍ നിര്‍മ്മല സി ജോര്‍ജ് എന്നെ ക്ഷണിക്കുകയുണ്ടായി.

ഈശ്വരപ്രാര്‍ത്ഥനയോടെ കാര്യപരിപാടികള്‍ ആരംഭിച്ചു. 

 അവിടെ സംസാരിച്ച പഞ്ചായത്ത് മെമ്പര്‍ ശശികുമാറിനോട് എനിക്ക് അല്പം ആദരവ് തോന്നി എന്നത് എടുത്തു പറയേണ്ട കാര്യമാണ്. നെല്‍കൃഷി ചെയ്തതും പരാജയപ്പെട്ടതും ഇപ്പോള്‍ പ്രസ്തുത പാടശേഖരത്തില്‍ നെല്‍കൃഷി പാടെ ഇല്ലാതായതും തുടങ്ങി ശുദ്ധവായു, ജലം, ആഹാരം എന്നിവയെക്കുറിച്ച് നല്ലൊരു വിവരണവും അദ്ദേഹം നല്‍കുകയുണ്ടായി. തുടന്ന് സംസാരിച്ച കൃഷി ഓഫീസര്‍ എപ്രകാരമാണ് മണ്ണ് തയ്യാറാക്കേണ്ടത് എന്നും ജൈവ കൃഷിചെയ്യേണ്ടത് എങ്ങിനെയാണെന്നും ജൈവ കീടനാശിനികള്‍ എപ്രകാരം തയ്യാറാക്കണമെന്നും വിശദീകരിച്ചു. കൃഷിഭവനില്‍ നിന്ന് കൊണ്ടുവന്ന പച്ചക്കറി വിത്തുകളും ജൈവകൃഷിയെപ്പറ്റിയുള്ള ഒരു ചെറിയ പുസ്തകവും കുട്ടികള്‍ക്ക് നല്‍കി.

കൊച്ചുകുട്ടികളില്‍ ടെറസ് കൃഷിയെപ്പറ്റി അറിവ് പകരുന്നതിലേയ്ക്കായി കിസ്സാന്‍ കേരള യൂ ട്യൂബില്‍ പ്രസിദ്ധീകരിച്ച രണ്ട് വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്തത് അവര്‍ക്ക് കാട്ടിക്കൊടുക്കുവാന്‍ എനിക്ക് സാധിച്ചു.

അമ്മബാലസഭയിലെ അംഗങ്ങള്‍ അമ്മമാര്‍ക്കൊപ്പം

ജനഗണമനയോടുകൂടി പ്രസ്തുത പരിപാടി അവസാനിപ്പിച്ചു.


ചുവന്നലേബല്‍ കീടനാശിനി നിരോധനം അപ്രായോഗികം

മേയ് 5, 2011

ബദല്‍ മാര്‍ഗമില്ല; സംസ്ഥാനത്തിന് അധികാരമില്ല


തിരുവനന്തപുരം: എന്‍ഡോസള്‍ഫാന് നിരോധനമേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍, അതീവ വിഷകരമായ ‘ചുവന്ന ലേബലുള്ള കീടനാശിനികള്‍’ ഒന്നാകെ തുടച്ചുനീക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കീടനാശിനികള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നതാണ് ഒരുപ്രശ്‌നം. ബദല്‍ കണ്ടുപിടിയ്ക്കാതെ, വ്യാപകമായി ഉപയോഗിക്കുന്ന കീടനാശിനികള്‍ നിരോധിക്കുന്നത് പതിനായിരക്കണക്കിന് കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയും ചെയ്യും.

കീടനാശിനികളില്‍ ഏറ്റവും വിഷമുള്ളവയാണ് ചുവന്ന ലേബല്‍ വിഭാഗത്തിലുള്ളത്. ഇവയില്‍ പലതും മാരകമാണ്. എന്നാല്‍ പ്രയോഗക്ഷമതയും ഫലപ്രാപ്തിയും ഇത്തരം കീടനാശിനികളെ കര്‍ഷകര്‍ക്ക് പ്രിയങ്കരമാക്കുന്നു. ഉദാഹരണത്തിന് തടപ്പുഴു, കൊമ്പന്‍ചെല്ലി ആക്രമണങ്ങളെ പ്രതിരോധിയ്ക്കാന്‍ ഉപയോഗിക്കുന്ന ഫ്യൂറിഡാനും ഫോറേറ്റും എല്ലാ വാഴകര്‍ഷകരുടെയും പ്രധാന സഹായിയാണ്. കൂമ്പടപ്പ് / കുറുനാമ്പ് രോഗത്തിനെതിരെയും ഫ്യൂറിഡാന്‍ ഉപയോഗിക്കുന്നു. പകരം മരുന്ന്തരാതെ ഇവ നിരോധിക്കുന്നത് ആത്മഹത്യാപരമാണെന്ന് തിരുവനന്തപുരത്തെ പള്ളിച്ചലില്‍ ഇരുപതേക്കര്‍ സ്ഥലത്ത് ഇരുപതിനായിരത്തോളം വാഴ കൃഷിചെയ്യുന്ന ടി.വാമദേവന്‍ നായര്‍ പറയുന്നു. ”……കൃഷി മാത്രമാണ് എന്റെ വരുമാനം. വേപ്പെണ്ണയും കപ്പലണ്ടിപ്പുണ്ണാക്കുമൊക്കെ ഉപയോഗിച്ച് നിവൃത്തികെടുമ്പോള്‍ മാത്രമാണ് ഈപറയുന്ന കീടനാശിനിയിടുന്നത്. അതും സര്‍ക്കാര്‍ പറയുന്ന അളവിലും കുറച്ചുമാത്രം. ഇതുതന്നെ പ്രയോഗിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമില്ല. പകരം എന്തെങ്കിലും അവര്‍ തരണം. ഇല്ലെങ്കില്‍ വേപ്പെണ്ണയുടെയൊക്കെ വില കുറയ്ക്കണം. കൂലിയ്ക്ക് ആളെ കിട്ടാത്തതാണ് മറ്റൊരു പ്രശ്‌നം. അഞ്ഞൂറുരൂപ ദിവസക്കൂലി കൊടുത്ത് കളപറയ്ക്കുന്നത് മുതലാകില്ല. പണിക്ക് ആളെ കിട്ടാതെ വരുമ്പോള്‍ കര്‍ഷകര്‍ ലൈപ്പോസ് തളിയ്ക്കും. എല്ലാം ചെയ്തിട്ടും കഴിഞ്ഞവര്‍ഷം കാറ്റുവീഴ്ചയുണ്ടായപ്പോള്‍ ഏഴു ലക്ഷം രൂപയാണ് നഷ്ടമായത്. കീടങ്ങള്‍ക്കെതിരെ എന്തുചെയ്യണമെന്ന് പറഞ്ഞിട്ട് ഇവര്‍ ഇത് നിരോധിച്ചാല്‍ മതിയായിരുന്നു” വാമദേവന്‍ നായര്‍ പറയുന്നു.

ഫ്യൂറിഡാനെപ്പോലെ മാരകമാണ് മീഥൈല്‍ ഡെമറ്റോണ്‍ എന്ന കീടനാശിനി. നീരൂറ്റുന്ന കീടങ്ങള്‍ക്കെതിരെയാണ് ഇതിന്റെ പ്രയോഗം. പച്ചക്കറികളില്‍ വ്യാപകമായി ഡെമറ്റോണ്‍ ഉപയോഗിച്ചുവരുന്നു. കാലാകാലങ്ങളായി കൃഷിവകുപ്പും സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും എന്‍ഡോസള്‍ഫാനെപ്പോലെ ഡെമറ്റോണിനെയും പ്രോത്സാഹിപ്പിച്ചുവരുന്നു. അത് കര്‍ഷകര്‍ക്കും ശീലമായി. ”… കാന്‍സര്‍ പോലും ഉണ്ടാക്കുന്നതാണ് ഇത്തരം കീടനാശിനികള്‍. ഇവ നിരോധിക്കേണ്ടത് അത്യാവശ്യമാണ്. ഇവയുടെ ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. ഒപ്പം ബദല്‍ കീടനാശിനികള്‍ കണ്ടെത്താനുള്ള ശ്രമവും ഗവേഷണവും തുടങ്ങണം. സാധാരണ നിലയ്ക്ക് മൂന്നുവര്‍ഷമെങ്കിലും ഇതിന് ആവശ്യമാണ്. അതൊന്നും ചെയ്യാതെ ഒറ്റയടിയ്ക്ക് കീടനാശിനികള്‍ നിരോധിക്കുന്നത് പ്രഹസനമായി മാറും ……” ഒരു കൃഷി ശാസ്ത്രജ്ഞന്‍ പറഞ്ഞു.

കീടനാശിനികള്‍ അപ്പാടെ നിരോധിക്കാനാണ് കഴിഞ്ഞദിവസം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. മൂന്നുദിവസത്തിനകം ഇതിന്റെ ഉത്തരവിറങ്ങും. എന്നാല്‍ സംസ്ഥാനസര്‍ക്കാരിന് ഇതിനുള്ള അധികാരമില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 1968-ലെ ഇന്ത്യന്‍ ഇന്‍സെക്ടിസൈഡ് ആക്ടിലും 1971-ല്‍ രൂപവത്കരിച്ച ഇതിന്റെ ചട്ടത്തിലുമാണ് കീടനാശിനി നിരോധിക്കുന്നതിനെക്കുറിച്ച് പറയുന്നത്. അതനുസരിച്ച് സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ് ബോര്‍ഡ് ആന്‍ഡ് രജിസ്‌ട്രേഷന്‍ കമ്മിറ്റി നല്‍കുന്ന നിര്‍ദേശമനുസരിച്ച് കേന്ദ്രസര്‍ക്കാരാണ് ഒരു കീടനാശിനി നിരോധിക്കേണ്ടത്. ഇതിനുള്ള പ്രക്രിയകള്‍ക്ക് മാസങ്ങളെടുക്കും. ആ വഴിയ്ക്കും സര്‍ക്കാര്‍ ഇതുവരെ നീങ്ങിയിട്ടില്ല.

കടപ്പാട് – മാതൃഭൂമി

ഇരുപതേക്കറില്‍ വാഴകൃഷിചെയ്ത്ത് എന്തുമാത്രം ആളുകളെയാണ് ഫുറഡാന്‍ തീറ്റിക്കുന്നത്. ആരോഗ്യമേഖലയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് നമ്മുടെ സര്‍ക്കാര്‍ പ്രൈവറ്റ് ആശുപത്രികള്‍ പരിഹരിക്കുന്നതോടൊപ്പം എത്രപേര്‍ക്കാണ് തൊഴിലും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നത്. രാജ്യത്തിന്റെ ജി.ഡി.പി ഉയര്‍ത്തിനിറുത്തുന്നതില്‍ ടി. വാമദേവന്‍ നായര്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. പതിനഞ്ച് ഏക്കര്‍ വരെ മാത്രം ഒരു കര്‍ഷകന് കൃഷിഭൂമി കൈവശം വെയ്ക്കാമെന്നിരിക്കെ ഇരുപതേക്കറില്‍ ഇദ്ദേഹം കൃഷിചെയ്യുന്നത് പാട്ടത്തിനെടുത്തിട്ടാണെന്ന് വ്യക്തം. അപ്പോള്‍ സഹായത്തിന് വേണമെങ്കില്‍ ഫുറഡാന്‍ കമ്പനിയുടെ പ്രതിനിധിയും ഇദ്ദേഹത്തെ നേരിട്ട് വന്ന് കണ്ടെന്നിരിക്കും. കൃഷിമാത്രം വരുമാനമുള്ള ഇദ്ദേഹത്തിനെത്തേടി അവര്‍ഡ് വന്നില്ലെങ്ാകിലേ അതിശയമുള്ളു.

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ് ബോര്‍ഡ് ആന്‍ഡ് രജിസ്ട്രേഷന്‍ കമ്മറ്റിയ്ക്ക് ഇവയുടെ ഗുണദോഷങ്ങളെപ്പറ്റി അറിയാത്തതുകൊണ്ടല്ല. മറിച്ച് ഇതുകൊണ്ടുണ്ടാകുന്ന നേട്ടം അവര്‍ക്ക് നല്ലപോലറിയാം. ഇതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം  നഷ്ടകൃഷികാരണം തരിശ് ഭൂമിയുടെ വിസ്തൃതി വര്‍ദ്ധിക്കുന്നതിലൂടെ പരിഹരിക്കപ്പെടുമായിരിക്കാം.