ജലവും പരിസ്ഥിതിയും സംരക്ഷിക്കാന്‍ പ്രതിജ്ഞയോടെ വിദ്യാര്‍ഥി സമൂഹം

പാലക്കാട്: ജലം ജീവനാണെന്നും വരും തലമുറയുടെ കൂടി സ്വത്താണെന്നുമുള്ള സന്ദേശവുമായി ഗ്രാമഹൃദയങ്ങളിലേക്കിറങ്ങിയ മഹാവിദ്യാലയത്തിലെ കുട്ടികള്‍ക്ക് ലോകപരിസ്ഥിതി ദിനത്തില്‍ സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും സ്നേഹാഞ്ജലി. മലയാള മനോരമയും സംസ്ഥാന ജലവിഭവ വകുപ്പും ചേര്‍ന്നൊരുക്കിയ പലതുള്ളി ജലതരംഗം ജലശുദ്ധി മല്‍സരത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് ലഭിച്ച പുരസ്കാരം നാടിന് ആഘോഷമായി.ജില്ലാതല പുരസ്കാരം നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹൈസ്കൂള്‍ ഏറ്റുവാങ്ങി. മോയന്‍ സ്കൂള്‍ അങ്കണത്തില്‍ ഞാവല്‍ തൈ നട്ടുനനച്ചുകൊണ്ടാണ് ജലവിഭവ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ ചടങ്ങുകള്‍ക്കു തുടക്കംകുറിച്ചത്. കെ.കെ. ദിവാകരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ് മുഖ്യസന്ദേശം നല്‍കി. ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സി.പുഷ്കല, കെ.ബി.മോഹന്‍ എന്നിവര്‍ അധ്യാപക പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. പലതുള്ളി ജലതരംഗം ജലശുദ്ധി പദ്ധതിക്കു നേതൃത്വം നല്‍കിയ ജല വിഭവവകുപ്പിലെ ഉദ്യോഗസ്ഥരായ സിസിഡിയു മേധാവി എസ്. രതീഷ് (തിരുവനന്തപുരം), എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ ആര്‍.വസന്തകുമാരി (തിരുവനന്തപുരം), ജോളി തോമസ് (എറണാകുളം), എം.ജി.സിറിയക് (കോഴിക്കോട്), സീനിയര്‍ കെമിസ്റ്റ് എം.ജി.വിനോദ് കുമാര്‍ (കോഴിക്കോട്)  സിസിഡിയു ട്രെയിനിങ് കണ്‍സല്‍റ്റന്റ് പി.കെ.ജോണി (തിരുവനന്തപുരം) എന്നിവരെയും മന്ത്രി പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു. മലയാള മനോരമ അസോഷ്യേറ്റ് എഡിറ്റര്‍ മാത്യൂസ് വര്‍ഗീസ് പദ്ധതി വിശദീകരിച്ചു.സിസിഡിയു ഡയറക്ടര്‍ എസ്.രതീഷ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മലയാള മനോരമ റസിഡന്റ് എഡിറ്റര്‍ ജോയ് ശാസ്താംപടിക്കല്‍, മോയന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സുജാത ബാലകൃഷ്ണന്‍, പിടിഎ പ്രസിഡന്റ് എ.കെ.ചന്ദ്രന്‍കുട്ടി, നല്ലേപ്പിള്ളി ശ്രീകൃഷ്ണാ ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ സി.എസ്. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സദസ്സ് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. സംസ്ഥാനത്തെ 132 സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ മുന്നൂറോളം പഞ്ചായത്തുകളിലായി ഏഴായിരത്തി അറുന്നൂറോളം ജലസാംപിളുകളാണ് പരിശോധിച്ചത്. കുടിവെള്ളത്തിന്റെ പരിശുദ്ധിയെക്കുറിച്ച് ആശങ്കയുയര്‍ത്തുന്ന ഒട്ടേറെ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ കുട്ടികള്‍ക്കു കഴിഞ്ഞു.

നിയോജകമണ്ഡലങ്ങള്‍ തോറും ജലശുദ്ധിക്ക് കര്‍മപദ്ധതി

പാലക്കാട്: ജലസുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും കര്‍മപദ്ധതിക്കു രൂപം നല്‍കുമെന്നു ജലവിഭവ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍.ഓരോ പഞ്ചായത്തിലെയും ജലസ്രോതസുകള്‍ കണ്ടെത്തിയും വിശദമായ സര്‍വേ നടത്തിയും ജലവിഭവ ഭൂപടം തയാറാക്കും. ജലസുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്നത് കാലത്തിന്റെ ആവശ്യമാണ്.

ജനകീയ പങ്കാളിത്തത്തോടെയാകും അതിനുള്ള പദ്ധതി തയാറാക്കുകയെന്നു മലയാള മനോരമയും സംസ്ഥാന ജലവിഭവ വകുപ്പും ചേര്‍ന്നു സംഘടിപ്പിച്ച പലതുള്ളി ജലതരംഗം ജലശുദ്ധി മല്‍സരത്തിന്റെ സംസ്ഥാനതല പുരസ്കാരം പാലക്കാട് ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമ്മാനിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.  ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെട്ടതാണ് പുരസ്കാരം.

പലതുള്ളി ജലതരംഗം ജലശുദ്ധി പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ പരിശോധന വലിയൊരു സത്യമാണ് വെളിച്ചത്തുകൊണ്ടുവന്നത്. ഭൂരിഭാഗം ജലസ്രോതസുകളും മലിനമാണെന്ന കണ്ടെത്തല്‍ തമസ്കരിച്ചിട്ടു കാര്യമില്ല. പ്രശ്നത്തെ അര്‍ഹിക്കുന്ന ഗൌരവത്തോടെ കാണുന്ന സര്‍ക്കാര്‍, ജലസ്രോതസുകളുടെ സംരക്ഷണവും ശുദ്ധിയും ഉറപ്പാക്കും. മലിനീകരണം തടയാന്‍ ജനകീയ സമിതികള്‍ക്കു രൂപം നല്‍കും. സംസ്ഥാനത്ത് ജലജന്യരോഗങ്ങള്‍ പടരുന്നതിനു കാരണം ലഭ്യമാവുന്ന കുടിവെള്ളത്തിന്റെ ശുദ്ധിക്കുറവാണ്.  ജനങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.  ഉത്തരവാദിത്തത്തില്‍ ജലസുരക്ഷ ഉറപ്പാക്കാനുള്ള പ്രേരക ഘടകമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ജലലഭ്യതയും ജലശുദ്ധിയും ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മലയാള മനോരമയുടെ ഇടപെടല്‍ ശ്ളാഘനീയമാണ്.  ജലവിനിയോഗത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ മനോരമയുടെ പലതുള്ളി, ജലതരംഗം പദ്ധതികള്‍ ഏറെ സഹായകമായി. പലതുള്ളി പദ്ധതിക്കു യുനസ്കോയുടെ പുരസ്കാരം ലഭിച്ചതും മന്ത്രി ഓര്‍മിച്ചു.

കടപ്പാട് – മനോരമ 06-06-09

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: