Posts filed under 'നെല്‍കൃഷി'

കര്‍ഷകര്‍ക്കുവേണ്ടി അധരവ്യായാമം മാത്രം മിച്ചം

അരിക്കുപകരം മുട്ടയും, പാലും, കോഴിയിറച്ചിയും തിന്നാന്‍ പറയുന്നു ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി. അതേസമയം കപ്പയും മീനും കഴിക്കൂ പശി അകറ്റൂ എന്ന് പറഞ്ഞിരുന്നെങ്കില്‍ അതില്‍ തെറ്റുണ്ടാകുമായിരുന്നില്ല. കപ്പയിലെയും, അരിയിലെയും അന്നജത്തിന്റെ അളവില്‍ വലിയ വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല. ചിലപ്പോള്‍ കപ്പയില്‍ അന്നജത്തിന്റെ അളവ് കൂടുതല്‍ ആയിരിക്കാം. കപ്പയിലെ തൈറോയ്ഡിന് കാരണമാകുന്ന ഘടകത്തിന്റെ നിര്‍മാര്‍ജനം ശാസ്ത്രജ്ഞര്‍ കണ്ടെത്തട്ടെ. മീനിലെ വിഷാംശത്തിന്റെ അളവ് കുറയുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആഗോളതാപനം അന്റാര്‍ട്ടിക്കയെയും ഹിമാലയത്തെയും ഉരുക്കി ശുദ്ധജലം കടലിലെത്തിക്കും എന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു. ഓസോണ്‍ പാളിയിലെ വിള്ളല്‍ ഉള്‍പ്പെടെ ആഗോളതാപനത്തിന്റെ തീവ്രത കൂട്ടുവാന്‍ മനുഷ്യനാല്‍ കഴിയുന്ന പലതരം പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കന്നുണ്ട്.

കളകളെ നശിപ്പിക്കുന്ന കളനാശിനിമുതല്‍ വനത്തിലെ മരം മുറിവരെ ആഗോളതാപനം വര്‍ദ്ധിപ്പിക്കും. ജീവനുള്ള ഹ്യൂമസ് എന്ന ഭൂമിയുടെ ജൈവ ആവരണത്തെ നിര്‍ജ്ജീവമാക്കുന്നതില്‍ കൃഷിശാസ്ത്രജ്ഞന്മാര്‍ക്ക് ഒരു ഉളുപ്പും ഇല്ല തന്നെ. മണ്ണിരകളെ കൊന്നുകൊണ്ട് ഇവര്‍ നമ്മെ പഠിപ്പിക്കുന്ന ഉത്പാദന വര്‍ദ്ധനവിനുള്ള കൃഷിരീതികള്‍ നാളത്തെ പട്ടിണിയെ വിളിച്ചു വരുത്തുകയാണ്. കര്‍ഷകരെ സഹായിക്കുവാന്‍ ഇന്‍ഷുറന്‍സ്, സബ്സിഡികള്‍, ബാങ്ക് വായ്പ, കടാശ്വാസം, പൈലറ്റ് പദ്ധതി, വിദര്‍ഭ പാക്കേജ്,  പ്രയോജനമില്ലാത്ത കൃഷിഭവനുകള്‍ തുടങ്ങി ആശ്വാസത്തിന് ഒരു ദാരിദ്ര്യവും ഇല്ല. പ്രതിവര്‍ഷ കാര്‍ഷിക ഉദ്പാദനം താഴേയ്ക്ക പൊയ്ക്കൊണ്ടേയിരിക്കുന്നു. കര്‍ഷക ആത്മഹത്യകളല്ലാതെ ഇത്തരം പദ്ധതികള്‍കൊണ്ട് ഒരു പ്രയോജനവും ഇല്ല.

കേരളത്തില്‍ കാര്‍ഷികമേഖലയിലെ പരിഷ്കാരങ്ങള്‍ക്ക് വരാന്‍ പോകുന്ന നെല്‍വയല്‍ സംരക്ഷണനിയമം നെല്‍കര്‍ഷകരെ ശിക്ഷിക്കുവാന്‍ വേണ്ടിമാത്രം പ്രാവര്‍ത്തികമാകുവാന്‍ പോകുകയാണ്. നെല്‍ക്കര്‍ഷകരല്ലാത്തവര്‍ കൂടിയിരുന്നെടുക്കുന്ന തീരുമാനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ നെല്‍ക്കര്‍ഷകര്‍ പോലും ഇല്ലാത്ത കേരളം!!!! അരിയ്ക്ക് വിലകൂടിയപ്പോള്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുന്നവര്‍ പ്രതിഹെക്ടര്‍ നെല്‍കൃഷിയുടെ ചെലവെത്രയെന്ന് പോലും അന്വേഷിക്കാറില്ല. ഈ നെല്‍വയല്‍ സംരക്ഷണനിയമം തൊഴിലാളി സംഘടനകള്‍ക്കൊരാഘോഷമാണെന്ന് കാണാം. നെല്‍കര്‍ഷകനായിരുന്ന ഇപ്പോള്‍ അല്ലാത്ത എനിക്ക് അരിവില കൂടുന്നതില്‍ ഒരു പ്രയാസവും തോന്നുന്നില്ല. കാരണം ഉദ്പാദനചെലവെത്രയെന്ന് നല്ലവണ്ണം അനുഭവിച്ചറിഞ്ഞിട്ടുണ്ട് എന്നതുതന്നെ. ദരിദ്രനാരായണന്മാര്‍ക്കുവേണ്ടി വാചാലരാകുന്നവര്‍ക്ക് ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് കിലോഗ്രാമിന് മൂന്നുരൂപയുടെ അരി കൊടുക്കുന്നതറിയില്ല എന്നുണ്ടോ? അന്‍പതിനായിരത്തിന് മുകളില്‍ ശമ്പളം വാങ്ങുന്നവര്‍ക്കും താണവിലയ്ക്ക് തന്നെ അരി വേണമോ?

പരിഷ്കാരങ്ങളും പഠനങ്ങളും ഓരോ ജില്ലയിലെയും ഒരു പഞ്ചായത്തിലെ കൃഷിഭവനിലൂടെ നടപ്പിലാക്കി ഫലപ്രദമാണെന്ന് കണ്ടാല്‍ മാത്രം കേരളമൊട്ടാകെ നടപ്പാക്കുകയല്ലെ വേണ്ടത്. ശമ്പളം വാങ്ങുവാന്‍ വേണ്ടി ജോലിചെയ്യുന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് എന്തെങ്കിലും കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്നകാര്യം നടപ്പിലാവുന്നുണ്ടോ എന്ന് ആരെങ്കിലും അന്വേഷിക്കുമോ? ഡോ. യാഗീന്‍ തോമസിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം അര്‍ഹതപ്പെട്ട ന്യായവിലയിലൂടെ കൃഷി ലാഭകരമായാല്‍ കര്‍ഷകന്റെ പ്രശ്നങ്ങള്‍ക്ക് സമ്പൂര്‍ണ പരിഹാരം ആകും. അപ്രകാരമായാല്‍ കര്‍ഷകര്‍ക്കുവേണ്ടി ആരും വ്യാകുലപ്പെടേണ്ടി വരില്ല. കര്‍ഷകര്‍ക്ക് താണവില നല്‍കിയും ഉപഭോക്താവിനെ ചൂഷണം ചെയ്തും ഇടനിലക്കാരെ സഹായിക്കുന്ന പദ്ധതികള്‍ അവസാനിക്കുവാന്‍ പഞ്ചായത്ത് തലത്തില്‍ ഗ്രാമ ചന്തകളിലൂടെയും വായ്പകള്‍ക്കുപകരം ഉപഭോക്താക്കളുടെ സഹായത്താല്‍ കൃഷിചെയ്യുവാന്‍ കര്‍ഷകരെ സഹായിച്ചും മറ്റും പരിഹാരം കാണുകതന്നെ വേണം.

മൃഗസംരക്ഷണവും, കൃഷിയും രക്ഷപ്പെടേണ്ടത് ഭാരതത്തിന്റെ ശോഭനമായ ഭാവിയ്ക്കും പട്ടിണിയില്ലാതാക്കുവാനും ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുവാനും വേണ്ട നടപടികള്‍ അനിവാര്യമാണ്. ഉദ്പാദനചെലവിനേക്കാള്‍ കൂടിയ ന്യായവിലമാത്രമാണ് ഏക പരിഹാരമാര്‍ഗം.


Add comment ഡിസംബര്‍ 8, 2007

നെല്‍വയല്‍ സംരക്ഷണ നിയമം

22 Sep, 2007
വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ നിയമം

കെ.പി. രാജേന്ദ്രന്‍  (റവന്യൂ വകുപ്പുമന്ത്രി)

പരമ്പരാഗതമായ പാടശേഖരങ്ങള്‍ നികത്തപ്പെടുകയോ പരിവര്‍ത്തനപ്പെടുത്തുകയോ ചെയ്യുന്നതുമൂലം ഭക്ഷ്യ സുരക്ഷ അവതാളത്തിലാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നെല്‍വയലുകള്‍ നിലനിര്‍ത്തുന്നതുകൊണ്ടുമാത്രം ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകുമോ എന്ന ചോദ്യം പ്രസക്തമാണ്. കര്‍ഷകന്‍ നെല്‍കൃഷി ചെയ്യാന്‍ തയ്യാറാകുകകൂടി വേണം. നഷ്ടം സഹിച്ചായാല്‍ പോലും നിലം നികത്താതെ നിര്‍ബന്ധമായും കൃഷിചെയ്യണം എന്ന് ശഠിക്കാനുമാവില്ല. അതിനാല്‍ നെല്‍കൃഷി ആദായകരമാക്കാനും കര്‍ഷകന് സമൂഹത്തില്‍ മുമ്പുണ്ടായിരുന്ന സ്ഥാനവും മാന്യതയും വീണ്ടെടുക്കാനുമുള്ള കര്‍മപരിപാടികള്‍കൂടി സമാന്തരമായി ഏറ്റെടുത്താലേ ഈ ബില്ലിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനാവൂ.

കേരളത്തില്‍ അവശേഷിക്കുന്ന നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട 2007_ലെ കേരള നെല്‍വയല്‍_നീര്‍ത്തട സംരക്ഷണ ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞു.

കേരളത്തിലെ നെല്‍വയലുകള്‍ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അവ വിവേകരഹിതമായും അനിയന്ത്രിതമായും വ്യാപകമായ രീതിയില്‍ നികത്തുകയോ പരിവര്‍ത്തനപ്പെടുത്തുകയോ ചെയ്തുകൊണ്ടിരിക്കുന്നു. സംസ്ഥാന ആസൂത്രണ വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് പ്രതിവര്‍ഷം 22,000 ഹെക്ടര്‍ സ്ഥലം നികത്തപ്പെടുന്നുണ്ട്. 1970_കളില്‍ 8.75 ലക്ഷം ഹെക്ടര്‍ സ്ഥലത്തുണ്ടായിരുന്ന നെല്‍പ്പാടങ്ങള്‍ 1990_കളുടെ അവസാനമായപ്പോഴേക്കും 3.87 ലക്ഷം ഹെക്ടര്‍ സ്ഥലത്തേക്ക് ചുരുങ്ങി. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത് കേവലം 2.75 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് മാത്രമേ ഇന്ന് നെല്‍പ്പാടങ്ങള്‍ അവശേഷിക്കുന്നുള്ളൂ എന്നാണ്.

അത്യന്തം ഗുരുതരമായ ഈ സ്ഥിതി തുടര്‍ന്നാല്‍ ആസന്ന ഭാവിയില്‍ത്തന്നെ അവശേഷിക്കുന്നവകൂടി അപ്രത്യക്ഷമാകുമെന്ന കാര്യം നിസ്തര്‍ക്കമാണ്.

നെല്‍പ്പാടങ്ങള്‍, പ്രത്യേകിച്ചും കുട്ടനാടന്‍ പ്രദേശത്തെ നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കുന്നതിന് 1952 മുതല്‍തന്നെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഈ ഉദ്ദേശ്യത്തോടെ ചുരുങ്ങിയത് 12 കമ്മിറ്റികളെങ്കിലും നിയമിക്കപ്പെട്ടിട്ടുണ്ട്. 1950 ലെ വൈദ്യനാഥന്‍ കമ്മിറ്റി, 1952 ലെ സെന്‍ട്രല്‍ സ്റ്റേറ്റ് എന്‍ജിനീയേഴ്സ് കമ്മിറ്റി, 1965 ലെ മംഗളഭാനു കമ്മിറ്റി, 1971 ലെ സി. തോമസ് കമ്മീഷന്‍, 1975 ലെ ടി.വി. സ്വാമിനാഥന്‍ കമ്മിറ്റി, 1980 ലെ കെ.കെ. നമ്പ്യാര്‍ കമ്മിറ്റി, 1982 ലെ ജനാര്‍ദനന്‍ നായര്‍ കമ്മിറ്റി, 1983 ലെ ആര്‍. ഗോപാലകൃഷ്ണന്‍ കമ്മിറ്റി, 1986 ല്‍ പ്ലാനിങ് ബോര്‍ഡ് നിയോഗിച്ച കമ്മിറ്റിയും എസ്. ഗോപാലന്‍ കമ്മിറ്റിയും, 1988 ലെ കുട്ടനാട് വാട്ടര്‍ ബാലന്‍സ് സ്റ്റഡി പദ്ധതി, 1997 ലെ കെ.എന്‍. ശ്യാമസുന്ദരന്‍ നായര്‍ കമ്മിറ്റി, ഏറ്റവും ഒടുവിലായി ഡോ. എം.എസ്. സ്വാമിനാഥന്‍ കമ്മിറ്റി എന്നിവയാണവ. പല സുപ്രധാന ശുപാര്‍ശകളും ഈ സമിതികള്‍ നല്കിയിരുന്നു. ഇതില്‍ പലതും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും നെല്‍പ്പാടങ്ങളുടെ വിസ്തൃതി വര്‍ഷംതോറും കുറഞ്ഞുവരുന്നതായാണ് നമ്മുടെ അനുഭവം.

ഭക്ഷ്യ ഉത്പാദനത്തിനും തദ്വാരാ നെല്‍പ്പാടങ്ങളുടെ സംരക്ഷണത്തിനും ഊന്നല്‍ നല്കിക്കൊണ്ട് നമ്മുടെ സംസ്ഥാനം കൈക്കൊണ്ട പദ്ധതികളും നിരവധിയാണ്. 1940_കളില്‍ത്തന്നെ ‘ഗ്രോ മോര്‍ ഫുഡ് കാമ്പയിന്‍’ ഏറ്റെടുത്ത സംസ്ഥാനമാണ് കേരളം. ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് വികസന ബ്ലോക്കുകള്‍ വഴി നടപ്പാക്കിയ ജപ്പാന്‍ മോഡല്‍ നെല്‍കൃഷി, മൂന്നാം പദ്ധതിക്കാലത്ത് നടപ്പാക്കിയ ഊര്‍ജിത നെല്‍കൃഷി വികസന പദ്ധതി, നാലാം പദ്ധതിക്കാലത്തെ ഏല വികസന യൂണിറ്റുകള്‍, പിന്നീട് വന്ന ഗ്രൂപ്പ് ഫാമിങ് പദ്ധതി, ജനകീയാസൂത്രണ പദ്ധതികള്‍ ഇവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. നെല്ലിന് താങ്ങുവില പ്രഖ്യാപിച്ചതും നിരവധി സബ്സിഡികളിലൂടെ കര്‍ഷകനെ സഹായിച്ചതുമൊക്കെ നെല്ലുത്പാദനം വര്‍ധിപ്പിക്കാന്‍ മാത്രമല്ല ലക്ഷ്യമിട്ടിരുന്നത്. നെല്‍പ്പാടങ്ങളുടെ സംരക്ഷണവും ഈ പദ്ധതികളുടെ ലക്ഷ്യങ്ങളില്‍പ്പെടുന്നു.

ഭക്ഷ്യവിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് 1967_ല്‍ കൊണ്ടുവന്ന ഭൂവിനിയോഗ ഉത്തരവ് പ്രായോഗിക തലത്തിലെത്തിയപ്പോള്‍ പരാജയമെന്ന് തെളിഞ്ഞതിനാലാണ് 1996 ല്‍ ഈ ഉത്തരവുകള്‍ ഭേദഗതി വരുത്തേണ്ടതാണെന്ന് തീരുമാനിച്ചതും കൂടുതല്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചതും. സമിതി നാല് നിര്‍ദേശങ്ങളാണ് ശുപാര്‍ശ ചെയ്തത്. പുതിയ ഭൂവിനിയോഗ നിയമമാണ് അതില്‍ പ്രധാനം. കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് പ്രധാന നെല്ലുത്പാദന കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞ് വിജ്ഞാപനം ചെയ്യുക, നിര്‍ബന്ധമായും നെല്‍കൃഷി ചെയ്യാന്‍ കര്‍ഷകനെ പ്രേരിപ്പിക്കുക, ഭൂപരിവര്‍ത്തനത്തിന് നികുതി ഏര്‍പ്പെടുത്തുക എന്നിവയാണ് മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍. ഈ ശുപാര്‍ശകളുടെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇപ്പോള്‍ ഈ നിയമത്തിന് രൂപം നല്കിയിരിക്കുന്നത്.

പരമ്പരാഗതമായ പാടശേഖരങ്ങള്‍ നികത്തപ്പെടുകയോ പരിവര്‍ത്തനപ്പെടുത്തുകയോ ചെയ്യുന്നതുമൂലം ഭക്ഷ്യ സുരക്ഷ അവതാളത്തിലാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നെല്‍വയലുകള്‍ നിലനിര്‍ത്തുന്നതുകൊണ്ടുമാത്രം ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകുമോ എന്ന ചോദ്യം പ്രസക്തമാണ്. കര്‍ഷകന്‍ നെല്‍കൃഷി ചെയ്യാന്‍ തയ്യാറാകുകകൂടി വേണം. നഷ്ടം സഹിച്ചായാല്‍ പോലും നിലം നികത്താതെ നിര്‍ബന്ധമായും കൃഷിചെയ്യണം എന്ന് ശഠിക്കാനുമാവില്ല. അതിനാല്‍ നെല്‍കൃഷി ആദായകരമാക്കാനും കര്‍ഷകന് സമൂഹത്തില്‍ മുമ്പുണ്ടായിരുന്ന സ്ഥാനവും മാന്യതയും വീണ്ടെടുക്കാനുമുള്ള കര്‍മപരിപാടികള്‍കൂടി സമാന്തരമായി ഏറ്റെടുത്താലേ ഈ ബില്ലിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനാവൂ.

ഒരു ഹെക്ടര്‍ സ്ഥലം കൃഷിചെയ്യുന്നതിന് 600 തൊഴില്‍ദിനങ്ങള്‍ ആവശ്യമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതുപ്രകാരമാണെങ്കില്‍ ഇന്നവശേഷിക്കുന്ന 2.75 ഹെക്ടര്‍ സ്ഥലത്തേക്ക് 16.50 ലക്ഷം തൊഴില്‍ദിനങ്ങള്‍ ആവശ്യമാണെന്നു കാണാം. ഇത്രയധികം തൊഴില്‍ നല്‍കുന്ന മറ്റൊരു തൊഴില്‍ ദായകനും ഇന്ന് നമ്മുടെ സംസ്ഥാനത്തില്ല എന്ന വസ്തുത ഓര്‍ക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദായകരാണ് കര്‍ഷകരെന്ന സത്യം നാം വിസ്മരിക്കാന്‍പാടില്ല. അതുകൊണ്ടുതന്നെ നെല്‍കൃഷിക്കാരനുണ്ടാകുന്ന നഷ്ടം നികത്താനുള്ള ബാധ്യത സമൂഹത്തിനുണ്ട്. സര്‍ക്കാറിനുമുണ്ട്. ഈ കാഴ്ചപ്പാടോടെ നിരവധി കര്‍മപരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഫാമിങ് സമിതികളുടെ പുനരുദ്ധാരണം, തരിശുഭൂമികൃഷി പദ്ധതി, രജിസ്ട്രേഡ് നെല്ലുത്പാദന പദ്ധതി, അത്യുത്പാദനശേഷിയുള്ള നെല്‍വിത്തിനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി, ഒറ്റഞാര്‍ കൃഷി, സുഗന്ധ നെല്ലിനങ്ങളായ ബസുമതി, ജീരകശാല, ഗന്ധശാല, ജൈവകൃഷി രീതി മാത്രം അവലംബിച്ചുവരുന്ന പൊക്കാളി നെല്ലിനങ്ങള്‍, കേരളശ്രീ എന്ന സമഗ്ര നെല്‍കൃഷി, പാഡി ബോര്‍ഡ് രൂപവത്കരണം, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ സംസ്കരിച്ച് വിപണനം നടത്തുന്ന യൂണിറ്റുകള്‍, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ കൃഷിക്കാര്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കല്‍ എന്നിവ ഇവയില്‍ ചിലതാണ്. പാടശേഖരങ്ങള്‍ നെല്ലുത്പാദന കേന്ദ്രങ്ങള്‍ മാത്രമല്ല, അവ മികച്ച ജലസംഭരണികള്‍ കൂടിയാണ്. പാടശേഖരങ്ങള്‍ നികത്തപ്പെടുന്നതോടെ സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കുന്നതിലുപരി കുടിവെള്ള സ്രോതസ്സുകള്‍ എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന അതി ഗുരുതരമായ അവസ്ഥാവിശേഷവും സംജാതമാകും.

പാടശേഖരങ്ങള്‍പോലെ സംരക്ഷിക്കപ്പെടേണ്ടവയാണ്, ജൈവ വൈവിധ്യത്താല്‍ സമ്പുഷ്ടമായ, സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളും ചതുപ്പ്നിലങ്ങളും. കേരളത്തിലെ തണ്ണീര്‍ത്തടങ്ങള്‍ 1,27,930 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. സംസ്ഥാനത്തെ 33 ല്‍പ്പരം കായലുകളും മൂന്ന് ശുദ്ധജലത്തടാകങ്ങളും ഇന്ന് ഗുരുതരമായ പാരിസ്ഥിതിക ഭീഷണികള്‍ നേരിടുകയാണ്. തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ആഗോളതലത്തില്‍ത്തന്നെ അംഗീകാരം നേടിക്കഴിഞ്ഞിരിക്കുന്നു. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ തണ്ണീര്‍ത്തടങ്ങള്‍ക്കുള്ള പ്രാധാന്യം രാംസാര്‍ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ അതിന്റെ റിപ്പോര്‍ട്ടില്‍ ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്. വിവിധയിനം സസ്യ_ജന്തു ജാലങ്ങളുടെ നിലനില്‍പ്പുതന്നെ തണ്ണീര്‍ത്തടങ്ങളെ ആശ്രയിച്ചാണ്. അതിന് പുറമെ വെള്ളപ്പൊക്ക നിയന്ത്രണവും തണ്ണീര്‍ത്തടങ്ങളുടെ ഒരു മുഖ്യധര്‍മമാണ്.

തണ്ണീര്‍ത്തടങ്ങള്‍ നികത്തി അവിടെ കൂറ്റന്‍ സൌധങ്ങള്‍ സ്ഥാനംപിടിച്ചതോടെ ചെറിയതോതിലുള്ള മഴപോലും നമ്മെ പ്രളയക്കെടുതിയില്‍ കൊണ്ടെത്തിക്കുന്നു. ഭൂഗര്‍ഭജല സമ്പത്ത് നിലനിര്‍ത്തുന്നതിനും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വഹിക്കുന്ന പങ്ക് നാം മറന്നുകൂടാ. കേരളത്തിലെ ഭൂഗര്‍ഭജല നിരപ്പ് വളരെവേഗം താണുകൊണ്ടിരിക്കുകയാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അനിയന്ത്രിതവും പരിസ്ഥിതിയെ മാനിക്കാതെയുമുള്ള കൈയേറ്റങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും മൂലം നമ്മുടെ കായലുകളിലെ ജലനിരപ്പും ഗുണനിലവാരവും അടിക്കടി കുറഞ്ഞുവരികയാണ്. കൃഷിക്കും തോട്ടങ്ങള്‍ക്കുമായി കായല്‍ നികത്തല്‍, വ്യാവസായിക മാലിന്യങ്ങള്‍, നഗര മാലിന്യങ്ങള്‍, രാസവളാവശിഷ്ടങ്ങള്‍, അനിയന്ത്രിതമായ കക്ക വാരല്‍, പ്രകൃതിദത്ത പ്രജനനത്തിന് കോട്ടമുണ്ടാക്കുംവിധം നീരൊഴുക്ക് തടയുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ കായലുകളുടെ വിസ്തൃതി കുറഞ്ഞുവരികയും പാരിസ്ഥിതിക സന്തുലിതാവസ്ഥ നഷ്ടമാവുകയും ചെയ്യുന്ന സ്ഥിതിവിശേഷം സംജാതമായിട്ടുണ്ട്.

നീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തുന്നതും പരിവര്‍ത്തനപ്പെടുത്തുന്നതും മലീമസമാക്കുന്നതും നിയന്ത്രിക്കാന്‍ ശക്തമായ സംവിധാനം നിലവിലില്ലാത്ത സാഹചര്യത്തില്‍ അവ സംരക്ഷിക്കുന്നതിന് വ്യവസ്ഥ ചെയ്തുകൊണ്ടുള്ളതാണ് 2007 ലെ കേരള നെല്‍വയല്‍_നീര്‍ത്തട സംരക്ഷണ ബില്‍. ബില്ലിന്റെ പ്രധാന വ്യവസ്ഥകള്‍ ഇവയാണ്:
(i) കേരളത്തിലെ വ്യത്യസ്ത കാര്‍ഷിക_പാരിസ്ഥിതിക മേഖലകളില്‍ സ്ഥിതിചെയ്യുന്ന പ്രമുഖ നെല്ലുത്പാദന മേഖലകളും (ഉദാഹരണം: കോള്‍നിലങ്ങള്‍, കുട്ടനാട് പ്രദേശം, പൊക്കാളി പാടങ്ങള്‍, പാലക്കാട് ജില്ലയിലെ നെല്‍വയലുകള്‍ തുടങ്ങിയവ) ജലസേചന പദ്ധതികളുടെ ‘ആയക്കെട്ട്’ പ്രദേശത്തിന്‍ കീഴില്‍ വരുന്ന നെല്‍വയലുകളും ഭാവിയില്‍ ഗവണ്മെന്റ് നിര്‍ണയിക്കുന്ന ഏതെങ്കിലും നിലവും പരിവര്‍ത്തനപ്പെടുത്തുവാനോ രൂപാന്തരപ്പെടുത്തുവാനോ പാടില്ലാത്തതും തരിശ്ശിടാന്‍ പാടില്ലാത്തതുമാണെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

(ii) പൊതു ആവശ്യങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും നെല്‍വയലുകള്‍ പരിവര്‍ത്തനപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെങ്കില്‍ അതിനുള്ള അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കും.
(iii)സംസ്ഥാനത്തെ നീര്‍ത്തടങ്ങളായ കായലുകള്‍, അഴിമുഖങ്ങള്‍, ചേറ്റുപ്രദേശങ്ങള്‍, ശുദ്ധജലത്തടാകങ്ങള്‍, കണ്ടല്‍ക്കാടുകള്‍, ചതുപ്പുനിലങ്ങള്‍, ഓരുനിലങ്ങള്‍ എന്നിവ കൈയേറുന്നതില്‍നിന്നും മലിനീകരണത്തില്‍നിന്ന് മുക്തമാക്കുന്നതിനുമായി അവ പരിവര്‍ത്തനപ്പെടുത്തുന്നതിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

(iv) കൃഷിയിറക്കാതെ കിടക്കുന്നതോ, തരിശ്ശിടാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നതോ ആയ നിലങ്ങളുടെയോ ഉടമസ്ഥര്‍ക്ക് കൃഷിയിറക്കുന്നതിനാവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് നല്കാനുള്ള അധികാരം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്കും. ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഉടമസ്ഥര്‍ വീഴ്ച വരുത്തിയാല്‍ തര്‍ക്കവിഷയമായ നെല്‍വയല്‍ കൃഷി ചെയ്യുന്നതിനുള്ള അവകാശം ഒരു നിശ്ചിത കാലയളവിലേക്ക് ലേലം ചെയ്തോ മറ്റു വിധത്തിലോ വില്ക്കുന്നതിന് കളക്ടര്‍ക്ക് അധികാരം നല്കും. ഇങ്ങനെ അവകാശം വില്പന നടത്തുമ്പോള്‍ ആ പ്രദേശത്തെ കുടുംബശ്രീ യൂണിറ്റുകള്‍ക്കും പാടശേഖര സമിതികള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും മുന്‍ഗണന നല്േകണ്ടതാണ്.

(v) നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷവും പരമാവധി മൂന്നു വര്‍ഷവും വരെയുള്ള തടവും ചുരുങ്ങിയത് 50,000 രൂപയും പരമാവധി ഒരു ലക്ഷം രൂപയും പിഴ ശിക്ഷയായി നല്കാവുന്നതാണ്.

ഭൂസംരക്ഷണത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ നിയമങ്ങളുണ്ടെങ്കിലും നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിന് പ്രത്യേക നിയമം ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇല്ല. പശ്ചിമബംഗാളിലെ ഈസ്റ്റ് കൊല്‍ക്കത്ത വെറ്റ്ലാന്‍ഡ് (കണ്‍സര്‍വേഷന്‍ ആന്‍ഡ് മാനേജ്മെന്റ്) ആക്ട് 2006 മാത്രമാണിതിനൊരപവാദം.

സെലക്ട് കമ്മിറ്റി കേരളത്തിലെ എല്ലാ ജില്ലകളിലും സിറ്റിങ് നടത്തുന്നതും പൊതുജനങ്ങളില്‍ നിന്നും ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ശാസ്ര്തജ്ഞര്‍, കാര്‍ഷിക വിദഗ്ധര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി കേരള സമൂഹത്തിലെ സമസ്ത വിഭാഗങ്ങളില്‍ നിന്നും തെളിവെടുപ്പ് നടത്തുന്നതുമാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും സഹായ സഹകരണങ്ങള്‍ കമ്മിറ്റി പ്രതീക്ഷിക്കുന്നു.
കടപ്പാട്- മാതൃഭൂമി


2 comments നവംബര്‍ 9, 2007

ജനിതക പരിവര്‍ത്തിത നെല്ല് കേരളത്തില്‍ വേണ്ട

aksharangal malayaaLam converter 12-07-07 ലെ മാതൃഭൂമി ലേഖനം അക്ഷരങ്ങള്‍ഡോട്‌കോമില്‍ യൂണികോഡിലാക്കിയത്‌.

-കോപ്പിറൈറ്റ്‌സ്‌ റിസെര്‍വ്‌ഡ്‌ ഓണ്‍ മാതൃഭൂമി-

“ജനിതക പരിവര്‍ത്തിത നെല്ലിനങ്ങളുടെ ഏതുതരത്തിലുള്ള കൃഷിയും ഏഷ്യന്‍ രാജ്യങ്ങളിലെ അവശേഷിക്കുന്ന നാടന്‍ നെല്ലിനങ്ങളെയും തുടച്ചുമാറ്റും. തല്‍സ്ഥാനത്ത് കുത്തകകളുടെ ജനിതക വിത്തിനങ്ങള്‍ കടന്നുകയറുന്നത് ഈ രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷിതത്വത്തെ തന്നെ അപകടപ്പെടുത്തും”

ഡോ. ജോസ് ജോസഫ്

ജനിതക പരിവര്‍ത്തനം വരുത്തിയ ബിടി നെല്ല് കര്‍ഷകരുടെ വയലുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി മഹികോ എന്ന മഹാരാഷ്ട്രാ ഹൈബ്രിഡ് സീഡ്സ് കമ്പനി. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകയായ മൊണ്‍സാന്റോ കോര്‍പ്പറേഷന് നിയന്ത്രണമുള്ള മഹികോ ആറ് ബിടി നെല്ലിനങ്ങള്‍ പുറത്തിറക്കുന്നതിനു മുന്നോടിയായുള്ള വിള പരീക്ഷണങ്ങള്‍ 2005 മുതല്‍ രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ നടത്തിവരികയാണ്. ജനിതക വ്യതിയാനം വരുത്തിയ വിത്താണെന്ന യാഥാര്‍ഥ്യം മറച്ചുവെച്ചുകൊണ്ട് ഒട്ടും സുതാര്യമല്ലാതെയാണ് കമ്പനി കര്‍ഷകരുടെ പുരയിടങ്ങളില്‍ വിളപരീക്ഷണം നടത്തുന്നത്. ഹരിയാണയിലും ഉത്തര്‍പ്രദേശിലും ഭാരതീയ കിസാന്‍ യൂണിയന്റെയും തമിഴ്നാട്ടില്‍ തമിഴ്നാട് ഫാര്‍മേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും മഹികോ വിളപരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയതായി കേന്ദ്രഗവണ്‍മെന്റിന് റിപ്പോര്‍ട്ട് നല്‍കി. പലസ്ഥലങ്ങളില്‍ കര്‍ഷകര്‍ പരീക്ഷണവയലുകളിലെ നെല്‍ച്ചെടികള്‍ പിഴുതെടുത്ത് നശിപ്പിച്ചിരുന്നു.

ഇപ്പോള്‍ മഹികോ കേരളത്തിലെ പാലക്കാട് ജില്ലയുള്‍പ്പെടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വിള പരീക്ഷണങ്ങള്‍ വ്യാപിപ്പിക്കുന്നതിന് ജനറ്റിക് എന്‍ജിനിയറിങ് അപ്രൂവല്‍ കമ്മിറ്റി (ജി.ഇ.എ.സി)യുടെ അംഗീകാരം തേടിയിരിക്കുകയാണ്. സാധാരണ നെല്ലിനങ്ങളില്‍ ജനിതക വ്യതിയാനം വരുത്തിയ നെല്ലിന്റെ 0.01 ശതമാനം (പതിനായിരം അരിമണികളില്‍ ഒരെണ്ണം) കലര്‍പ്പു മാത്രമേ സംഭവിക്കുന്നുള്ളൂവെന്ന് പരിശോധിച്ച് തെളിയിക്കുന്ന പ്രോട്ടോക്കോള്‍ ഹാജരാക്കിയാല്‍ അനുവാദം നല്‍കാമെന്ന നിലപാടിലാണ് കേന്ദ്രപരിസ്ഥിതി_വനം വകുപ്പിന്റെ കീഴിലുള്ള ജി.ഇ.എ.സി. കേരളത്തിന്റെ സമ്പന്നമായ ജനിതക വൈവിധ്യത്തിനും സാധാരണക്കാരന്റെ ആരോഗ്യത്തിനും വന്‍ഭീഷണിയാണ് പാലക്കാട് ജില്ലയില്‍ ബിടി നെല്ലിന്റെ വിളപരീക്ഷണം നടത്താനുള്ള മഹികോ കമ്പനിയുടെ നീക്കം.

നെല്ലിന്റെ മാരക കീടങ്ങളായ ഓലചുരട്ടിപ്പുഴുവിനും തണ്ടുതുരപ്പനുമെതിരെ ജനിതകമായ പ്രതിരോധ ശേഷിയുള്ള നെല്ലിനമാണ് ബിടി നെല്ല്. കീടങ്ങളെ കൊല്ലുന്ന ജൈവ വിഷം സ്വാഭാവികമായിത്തന്നെ ഈ നെല്ലിന്റെ എല്ലാ ഭാഗങ്ങളിലും ഉത്പാദിപ്പിക്കപ്പെടുന്നു. ജൈവ വിഷം ഉത്പാദിപ്പിക്കുന്ന ജീന്‍ മണ്ണിലുള്ള ബാസിലസ് തുറുന്‍ജിയെന്‍സിസ് (ബിടി) എന്ന ബാക്ടീരിയയില്‍ നിന്ന് ജനിതക എന്‍ജിനിയറിങ്ങിലൂടെ നെല്‍ച്ചെടിയിലേക്ക് സന്നിവേശിപ്പിച്ചിരിക്കുകയാണ്. ബിടി ജീന്‍ കടത്തിയ ബിടി പരുത്തി 2002 മുതല്‍ ഇന്ത്യയില്‍ കൃഷിചെയ്തുവരുന്നുണ്ട്. വഴുതന, വെണ്ട തുടങ്ങിയ വിളകളിലേക്കും മഹികോ പിന്നീട് വിളപരീക്ഷണങ്ങള്‍ വ്യാപിപ്പിച്ചു. ബിടി വഴുതനയില്‍ നടത്തിയ വിളപരീക്ഷണങ്ങള്‍ അടുത്തകാലത്ത് വിവാദമുയര്‍ത്തിയിരുന്നു. ഇതിനുപുറമെയാണ് ജനങ്ങളുടെ മുഖ്യാഹാരമായ അരിയിലേക്കും ബിടി പരീക്ഷണങ്ങള്‍ വ്യാപിപ്പിച്ചിരിക്കുന്നത്.

മനുഷ്യരില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന അറിയപ്പെടുന്ന ഒരു അലര്‍ജിക് വസ്തുവാണ് ബിടി നെല്ലില്‍ കടത്തിയിരിക്കുന്ന ക്രൈ_1 എസി ജീന്‍. ബിടി പരുത്തിയുടെ കൃഷിപ്പണികളിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകത്തൊഴിലാളികളെ അലര്‍ജി രോഗങ്ങള്‍ അലട്ടുന്നതായി അടുത്തകാലത്ത് മധ്യപ്രദേശില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവും ആന്ധ്രയിലെ അഡിലാബാദ്, വാറംഗല്‍ ജില്ലകളില്‍ വിളവെടുത്ത പരുത്തിവയലുകളിലെ അവശിഷ്ടങ്ങളില്‍ മേഞ്ഞ നൂറുകണക്കിന് ആടുകള്‍ ചത്തൊടുങ്ങി. വിളവെടുത്ത് ദിവസങ്ങള്‍ക്കു ശേഷവും പരുത്തിച്ചെടിയുടെ അവശിഷ്ടങ്ങളില്‍ വിഷാംശം നിലനില്‍ക്കുന്നതിനാല്‍ സുരക്ഷയെ സംബന്ധിച്ച വിശദമായ പഠനങ്ങള്‍ നടത്തണമെന്ന് ആന്ധ്രപ്രദേശ് മൃഗസംരക്ഷണ വകുപ്പു ഡയറക്ടര്‍ ജി.ഇ.എ.സി.യോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. ഭക്ഷ്യേതര വിളയായ ബിടി പരുത്തിയുടെ സ്ഥിതി ഇതാണെങ്കില്‍ നെല്ല്, വഴുതന, വെണ്ട തുടങ്ങിയ ഭക്ഷ്യവിളകളില്‍ ജനിതക വ്യതിയാന സാങ്കേതികവിദ്യ വ്യാപകമായാല്‍ ദോഷഫലങ്ങള്‍ ഭയാനകമായിരിക്കും. നെല്‍കൃഷിയിലെ ഒരു ഉപവരുമാനമാര്‍ഗമാണ് വൈക്കോല്‍. ബിടി ജീന്‍ കലര്‍ന്നാല്‍ വൈക്കോല്‍ പൂര്‍ണമായും ഉപയോഗശൂന്യമായിത്തീരും. മനുഷ്യനിലെ പ്രതിരോധശേഷിയെ തകരാറിലാക്കുമെന്നതാണ് ഈ ജീനിന്റെ മറ്റൊരു ദോഷം. ജനിതക പരിവര്‍ത്തിത വിളകള്‍ ഭക്ഷിക്കുന്നത് ആന്തരികാവയവങ്ങളുടെ വളര്‍ച്ചയെയും പ്രത്യുല്പാദന ശേഷിയെയും തകരാറിലാക്കുമെന്നും ചെറുകുടലില്‍ മുഴകളുണ്ടാക്കുമെന്നും ചില പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ലോകത്തൊരു രാജ്യവും ജനിതക നെല്ലിനങ്ങളുടെ വാണിജ്യകൃഷിക്ക് അനുമതി നല്‍കിയിട്ടില്ല. അമേരിക്കയില്‍ രണ്ട് നെല്ലിനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചുവെങ്കിലും കയറ്റുമതി വിപണി നഷ്ടപ്പെടുമെന്ന ഭയത്താല്‍ കര്‍ഷകര്‍ വയലുകളില്‍ ഇതുവരെയും കൃഷിയിറക്കിയിട്ടില്ല.

ബിടി ജീന്‍ കടത്തിയ നെല്ലിനങ്ങളോട് കീടങ്ങള്‍ കാലക്രമത്തില്‍ പ്രതിരോധശേഷി വികസിപ്പിച്ചെടുക്കുമെന്നും തുടര്‍ന്ന് ഒരുതരത്തിലും നിയന്ത്രിക്കാനാവാത്ത സൂപ്പര്‍ കീടങ്ങള്‍ ഉരുത്തിരിഞ്ഞുവരുമെന്നുമാണ് മറ്റൊരാക്ഷേപം. കളനാശിനികളോട് പ്രതിരോധശേഷി പ്രകടിപ്പിക്കുന്ന ജീനുകള്‍ കടത്തിയ നെല്ലിനങ്ങളും പരീക്ഷണവിധേയമാക്കിവരുന്നുണ്ട്. ഈ ജീനുകള്‍ നെല്ലിനോട് ബന്ധമുള്ള വന്യജാതികളിലേക്കു രക്ഷപ്പെട്ടാല്‍ കളനാശിനികള്‍ക്ക് നശിപ്പിക്കാനാവാത്ത സൂപ്പര്‍ കളകള്‍ ജന്മമെടുക്കുകയും സസ്യആവാസവ്യവസ്ഥതന്നെ അട്ടിമറിക്കപ്പെടുകയും ചെയ്യും. നെല്ല് സ്വയം പരാഗണം നടത്തുന്ന വിളയായതിനാല്‍ ജനിതക വ്യതിയാനം വരുത്തിയ നെല്ലിനങ്ങളില്‍ നിന്നുമുള്ള ജീനുകള്‍ സങ്കരണത്തിലൂടെ സാധാരണ നെല്ലിനങ്ങളില്‍ കലരുകയില്ലെന്നാണ് കമ്പനികളുടെ വാദം. എന്നാല്‍ ഒട്ടേറെ മാര്‍ഗങ്ങളിലൂടെ ജനിതക നെല്ലിനങ്ങളില്‍ നിന്ന് സാധാരണ നെല്ലിനങ്ങളിലേക്ക് ജീന്‍ പ്രവാഹം നടക്കുമെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. അടുത്തകാലത്ത് ചൈനയിലെ ഹ്യൂബേയി പ്രവിശ്യയില്‍ ബിടി നെല്ലിന്റെ അരി സാധാരണ അരിയുമായി വന്‍തോതില്‍ കലര്‍ന്നിരുന്നതായി ഗ്രീന്‍ പീസ് ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. അമേരിക്കയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് അനുമതി ലഭിച്ചിട്ടില്ലാത്ത ജനിതക പരിവര്‍ത്തിത നെല്ലിനമാണ് ലിബര്‍ട്ടി ലിങ്ക് 601 റൈസ്. ലിബര്‍ട്ടി എന്ന കളനാശിനിയോട് പ്രതിരോധശേഷി നേടിയ ഇനമാണ് ബെയര്‍ കമ്പനിയുടെ ഈ ഇനം നെല്ല്. കഴിഞ്ഞ ആഗസ്തില്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത അരിയില്‍ ലിബര്‍ട്ടി ലിങ്ക് റൈസ് കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജപ്പാനും യൂറോപ്യന്‍ യൂണിയനും അമേരിക്കന്‍ അരിയുടെ ഇറക്കുമതി പൂര്‍ണമായും നിറുത്തിവെച്ചു. ലിബര്‍ട്ടി ലിങ്ക് റൈസിന്റെ വിളപരീക്ഷണങ്ങള്‍ 2001ല്‍ അവസാനിച്ചതാണ്. അഞ്ചു വര്‍ഷത്തിനുശേഷമുള്ള കൃഷിയിലാണ് ജനിതകമായ കലര്‍പ്പ് കണ്ടെത്തിയത്. അമേരിക്കയില്‍ പ്രചാരത്തിലുള്ള സിഎല്‍ 131, ചെനിയെറെ എന്നീ രണ്ടു നെല്ലിനങ്ങള്‍ കലര്‍പ്പു കണ്ടെത്തിയതിനെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നു. ബിടി നെല്ലിന്റെ വിള പരീക്ഷണങ്ങള്‍ അനുവദിച്ചാല്‍ കേരളത്തിലെ നെല്ലിനങ്ങളും ജനിതകമായി മലിനീകരിക്കപ്പെടും.

ജനിതക പരിവര്‍ത്തിത നെല്ലിനങ്ങളുടെ വ്യാപകമായ കൃഷി നാടന്‍ നെല്‍വിത്തിനങ്ങളുടെ ജൈവവൈവിധ്യം തകര്‍ക്കും. ഞവര, ബസുമതി തുടങ്ങിയ വാണിജ്യപ്രധാനമായ നെല്ലിനങ്ങളെ മലനീകരിക്കാനും ഇത് കാരണമായിത്തീരും. നെല്ലിന്റെ ഉത്ഭവകേന്ദ്രമായ ഏഷ്യയില്‍ 1,40,000_ത്തിലധികം നാടന്‍ നെല്ലിനങ്ങള്‍ കര്‍ഷകര്‍ സംരക്ഷിച്ചുവരുന്നതായി കണക്കാക്കിയിട്ടുണ്ട്. ഉയര്‍ന്ന ഉത്പാദനക്ഷമതയും കീടരോഗങ്ങളുള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളോട് പൊരുതാനുള്ള ശേഷിയും പകര്‍ന്നു നല്‍കുന്ന ജീനുകളുടെ അക്ഷയഖനിയാണ് ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ നാടന്‍ നെല്ലിനങ്ങള്‍. ജനിതക പരിവര്‍ത്തിത നെല്ലിനങ്ങളുടെ ഏതുതരത്തിലുള്ള കൃഷിയും ഏഷ്യന്‍ രാജ്യങ്ങളിലെ അവശേഷിക്കുന്ന നാടന്‍ നെല്ലിനങ്ങളെയും തുടച്ചുമാറ്റും. തല്‍സ്ഥാനത്ത് കുത്തകകളുടെ ജനിതക വിത്തിനങ്ങള്‍ കടന്നുകയറുന്നത് ഈ രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷിതത്വത്തെ തന്നെ അപകടപ്പെടുത്തും.

കര്‍ഷകരും പരിസ്ഥിതി സംഘടനകളും മാത്രമല്ല ജനിതക പരിവര്‍ത്തിത നെല്ലിനങ്ങള്‍ക്കെതിരെ സമരരംഗത്തുള്ളത്. നെല്ലിലുള്ള എല്ലാതരം ജനിതക വ്യതിയാന പരീക്ഷണങ്ങളും ഉടനടി നിറുത്തിവെക്കണമെന്ന് ഇന്ത്യയിലെ അരി കയറ്റുമതി വ്യവസായികളുടെ സംഘടനയും ആവശ്യപ്പെടുന്നു. കയറ്റുമതി ചെയ്യുന്ന അരിയുമായി ജനിതക പരിവര്‍ത്തനം നടത്തിയ അരി കലര്‍ന്നാല്‍ ഇന്ത്യയില്‍നിന്നുള്ള അരി കയറ്റുമതി പൂര്‍ണമായും നിലയ്ക്കും. രാജ്യത്തുനിന്ന് ഒരു വര്‍ഷം 3000 കോടി രൂപയുടെ ബസുമതി അരിയും 4300 കോടിരൂപയുടെ സാധാരണ അരിയും കയറ്റി അയയ്ക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനിലെയും മധ്യപൂര്‍വേഷ്യയിലെയും രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ ഭക്ഷണത്തിനുള്ള അരിയില്‍ ജനിതക വ്യതിയാനം വരുത്തിയ അരിയുടെ കലര്‍പ്പ് ഒട്ടും അംഗീകരിക്കുന്നില്ല. പതിനായിരം അരിമണികളില്‍ജനിതക പരിവര്‍ത്തിതമെന്നു സംശയിക്കുന്ന ആറ് മണികള്‍ കണ്ടെത്തിയതിനാണ് യൂറോപ്യന്‍ യൂണിയനും ജപ്പാനും അമേരിക്കയില്‍നിന്നുള്ള അരി ഇറക്കുമതി നിറുത്തിവെച്ചത്.

ജൈവരീതിയില്‍ നെല്ലുത്പാദിപ്പിക്കുന്ന കര്‍ഷകരാണ് ബിടിനെല്ല് വിള പരീക്ഷണങ്ങളില്‍നിന്നും ഭീഷണി നേരിടുന്ന മറ്റൊരു വിഭാഗം. ജൈവവിത്തിനങ്ങളും ജനിതക വിത്തിനങ്ങളും ഒരുമിച്ച് നിലനില്‍ക്കുക ഏറെക്കുറെ അസാധ്യമാണെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ നടത്തിയ ഒരു പഠനത്തിലെ നിഗമനം. സാങ്കേതികമായി ഇത് സാധ്യമാവുന്ന സ്ഥലങ്ങളില്‍പ്പോലും കലര്‍പ്പൊഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടിവരുമെന്നതിനാല്‍ കൃഷിച്ചെലവ് പത്തോ ഇരുപതോ ഇരട്ടിയിലധികമായി ഉയരും. ജൈവകൃഷിയെമാത്രം ആശ്രയിച്ചു ജീവിക്കുന്ന ചെറുകിട കര്‍ഷകരുടെ ഉപജീവന സുരക്ഷിത്വത്തെ ഇത് തകര്‍ക്കും. ഓരോ സീസണിലും കര്‍ഷകര്‍ സര്‍ട്ടിഫിക്കേഷനുള്ള ജൈവവിത്ത് പുതുതായി വാങ്ങേണ്ടിവരും.

ജനിതക വ്യതിയാനം വരുത്തിയ വിത്തിനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന സമിതികളുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണ്. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് ജനിതക വിത്തിനങ്ങള്‍ സുരക്ഷിതമാണോ എന്ന് ഗവേഷണത്തിലൂടെ ഉറപ്പാക്കുന്നതിനുമുമ്പ് വിള പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കാം. വിള പരീക്ഷണങ്ങളുടെ സുരക്ഷിതത്വ മേല്‍നോട്ടത്തിനുള്ള നിയമങ്ങളും നിയന്ത്രണ സംവിധാനങ്ങളും തീര്‍ത്തും ദുര്‍ബലമാണ്.

അംഗീകാരം ലഭിക്കാത്ത ജനിതക പരിവര്‍ത്തിത വിത്തിനങ്ങള്‍ വിറ്റഴിക്കാന്‍ വിത്തു കമ്പനികള്‍ കിസ്സാന്‍ മേളകളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നതായും ആരോപണമുണ്ട്. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് കുത്തകപ്രകാരമുള്ള ജനിതക വിത്തിനങ്ങളെ ഇന്ത്യയിലെ ഭക്ഷ്യപ്രതിസന്ധിക്കുള്ള പരിഹാരമായി ചില ശാസ്ത്രജ്ഞര്‍ ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ വിളവ് വര്‍ധിപ്പിക്കുന്നതിന് ലഭ്യമായ ബദല്‍ മാര്‍ഗങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടമായേ ഇതിനെ കാണേണ്ടതുള്ളൂ. മൊണ്‍സാന്റോ, സിന്‍ജെന്ത, ബെയര്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് വഴങ്ങി രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷിതത്വവും കര്‍ഷകരുടെ ഉപജീവന സുരക്ഷിതത്വവും പൊതുജനങ്ങളുടെ ആരോഗ്യവും ബലികഴിക്കുന്നത് അപകടകരമാണ്.


1 comment ജൂലൈ 12, 2007

മുഖ്യമന്ത്രിയുടെ ധീരമായ തീരുമാനം

ജനിതക നെല്‍വിത്ത്‌: പരീക്ഷിക്കാന്‍ അനുവദിക്കില്ലെന്ന്‌ വി.എസ്‌

പാലക്കാട്‌: കേന്ദ്രാനുമതി ലഭിച്ചാലും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ജനിതക നെല്‍വിത്ത്‌ പാലക്കാടന്‍ വയലില്‍ പരീക്ഷിക്കാനനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. പാലക്കാട്ടെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ പരീക്ഷിച്ചാല്‍ പരീക്ഷിക്കുന്നവര്‍ സര്‍ക്കാരിനോടും ജനങ്ങളോടും ഉത്തരം പറയേണ്ടിവരുമെന്നും ക്രമരഹിതമായ നടപടികള്‍ക്കെതിരെ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയില്‍ ബി.ടി.പരുത്തിവിത്ത്‌ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിചെയ്തതുപോലെ ‘മോണ്‍ സാന്റോ’ എന്ന ബഹുരാഷ്ട്രകുത്തക കമ്പനിയാണ്‌ ജനിതക നെല്‍വിത്ത്‌ (അന്തകവിത്ത്‌) പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കാന്‍ തയ്യാറെടുക്കുന്നത്‌. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി നേടാനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്ന്‌ സൂചന ലഭിച്ചതോടെ കര്‍ഷകരില്‍നിന്ന്‌ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പരമ്പരാഗത വിത്തുകളെല്ലാം ഇതോടെ പാലക്കാടന്‍ വയലില്‍നിന്ന്‌ അപ്രത്യക്ഷമാവുമെന്നും കര്‍ഷകര്‍ കുത്തകക്കമ്പനിയുടെ പിടിയിലാവുമെന്നും ദേശീയ കര്‍ഷകസമാജം ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയശേഷം പടിപടിയായി അന്തകവിത്ത്‌ പ്രചാരത്തില്‍ കൊണ്ടു വരികയാണ്‌ ലക്ഷ്യമെന്ന്‌ കര്‍ഷകര്‍ ആരോപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ആഗോളീകരണ, ഉദാരീകരണ നയങ്ങളുടെ തണലിലാണ്‌ ജനിതക നെല്‍വിത്ത്‌ കൃഷിയിറക്കാന്‍ കമ്പനി അനുമതി തേടിയിട്ടുള്ളത്‌. ഈ വിത്തിനെതിരെ പുതിയ പ്രതിരോധമുഖം തുറക്കണമെന്നും ബഹുരാഷ്ട്രക്കുത്തകകള്‍ ജില്ലയില്‍ നടത്തിയ ജലചൂഷണവും പരിസര മലിനീകരണവും നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
കടപ്പാട്‌: മാതൃഭൂമി 10-7-07


Add comment ജൂലൈ 9, 2007

ജി.എം വിളകളുടെ പരീക്ഷണം

ഇടതുപക്ഷ ഏകോപന സമിതിയുടെ ‘ജി.എം വിളകളുടെ പരീക്ഷണം പാടില്ല’ എന്ന സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുവാനുള്ള തീരുമാനവും, ഈ വിവരം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുന്നതോടൊപ്പം ഇന്ത്യയില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക്‌ അനുമതി നല്‍കരുതെന്നും ആവശ്യപ്പെടുന്നു. ഇടതുപക്ഷ ഏകോപന സമിതിയുടെ പ്രശംസനീയമായ തീരുമാനം ആയുര്‍വേദ ഔഷധ സസ്യ കൃഷിക്കും ജൈവ കൃഷിക്കും മണ്ണിന്റെ ജൈവ സമ്പത്ത്‌ നിലനിറുത്തുന്നതിനും സഹായകമാകും.

“ബി.ടി. നെല്ല്‌ പരീക്ഷണത്തിന്‌ മാഹികോ കമ്പനി നല്‍കിയ അപേക്ഷ പരിഗണിക്കാനുള്ള ‘ജനറ്റിക്‌ എന്‍ജിനീയറിങ്‌ അപ്രൂവല്‍ കമ്മിറ്റി’യുടെ തീരുമാനം ഉപേക്ഷിക്കണം. ഇത്തരം വിത്ത്‌ പരീക്ഷണങ്ങള്‍ക്കെതിരായി ലോകമെങ്ങും വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്‌.

രാജ്യത്തിന്റെ ജൈവ വൈവിധ്യത്തെ മാത്രമല്ല, ജനങ്ങളുടെ ആരോഗ്യത്തെയും ഇത്തരം നീക്കങ്ങള്‍ തകര്‍ക്കും. ഇത്തരം വിത്ത്‌ പരീക്ഷണങ്ങള്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അനുവാദം പിന്‍വലിക്കണമെന്നും എല്‍.ഡി.എഫ്‌. ആവശ്യപ്പെട്ടു“

കടപ്പാട്‌: മാതൃഭൂമി 4-7-07


Add comment ജൂലൈ 3, 2007


ഒരു പ്രത്യേക അറിയിപ്പ്

My Home Page

എനിക്ക് ധാരാളം ബ്ലോഗുകള്‍ ഉള്ളതിനാല്‍ എന്റെ പുതിയ പോസ്റ്റുകളില്‍ ഭൂരിഭാഗവും പല അഗ്രിഗേറ്ററുകളിലും‍ വരുന്നില്ല. അതിനാല്‍ എന്റെ പുതിയ പോസ്റ്റുകള്‍ 48 മണിക്കൂര്‍ ഈ അടയാളം എന്റെ ഹോം പേജ്‍ എന്ന പേജില്‍ കാണുന്ന ലിങ്കുകളില്‍ ലഭ്യമാക്കുന്നതാണ്. കൂടാതെ സ്വയം കൂട്ടിച്ചേര്‍ക്കാമെന്നതിനാല്‍ തൊരപ്പനിലും ഞാന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. എന്റെ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്നവര്‍ സഹകരിക്കും എന്ന് പ്രതീക്ഷിക്കട്ടെ.

എന്റെ പോസ്റ്റുകള്‍ക്ക് ഇമേജില്‍ ഞെക്കുക

RSS ദാറ്റ്സ് മലയാളം വാര്‍ത്തകള്‍

RSS മാതൃഭൂമി വാര്‍ത്തകള്‍

RSS കേരളഫാര്‍മര്‍

RSS വഴികാട്ടി

Top Posts

കര്‍ഷകരുടെ പ്രതികരണങള്‍

കര്‍ഷകര്‍ക്കു പറയുവാനുള്ളത്‌ കര്‍ഷകര്‍ തന്നെ പറയണം. മണ്ണുംചാരി നില്‍ക്കുന്നവന്‍ പെണ്ണും കൊണ്ടു പോകുന്നത് അവസാനിപ്പിക്കുക. കര്‍ഷകരുടെ അഭിപായങളും നിദ്ദേശങളും പ്രസിദ്ധീകരിക്കുവാന്‍ ഇതിനേക്കാള്‍ നല്ലൊരിടം മറ്റൊന്നില്ല.

കലണ്ടര്‍

ഓഗസ്റ്റ് 2008
M T W T F S S
« Jul    
 123
45678910
11121314151617
18192021222324
25262728293031

പുതിയ അഭിപ്രായങള്‍

2008 ജൂലൈ … on പ്രാര്‍ത്ഥ…
മാണിക്… on പ്രാര്‍ത്ഥ…
ഇറക്കു… on പുകച്ച റബ്…
2008 ജൂലൈ … on ജൈവ പച്ചക്…
പി വി പി… on ജൈവ പച്ചക്…

സന്ദര്‍ശകര്‍

Recent Posts

വിഭാഗം

Meta

ആര്‍കൈവ്‌സ്‌

ചില റബ്ബര്‍ കണക്കുകള്‍