Posts filed under 'കാര്‍ഷികം'
പ്രാര്‍ത്ഥന പ്രണാമം ആദരാഞ്ജലികള്‍
മസനോബു ഫുക്കുവോക്ക അന്തരിച്ചു
മത്‌സുയാമ: പ്രകൃതികൃഷിരീതിയുടെ വക്താവായിരുന്ന ജാപ്പനീസ് കാര്‍ഷിക ശാസ്‌ത്രജ്ഞന്‍ മസനോബു ഫുക്കുവോക്ക (95) അന്തരിച്ചു. ഭൂമി ഉഴുതു മറിക്കുകയോ കള പറിക്കുകയോ വളമോ കീടനാശിനിയോ ഉപയോഗിക്കുകയോ ചെയ്യാതെ സ്വഭാവിക കൃഷി നടത്തണമെന്ന് ആഹ്വാനം ചെയ്‌ത ഫുക്കുവോക്കയുടേത് സ്വാഭാവിക മരണമായിരുന്നു. ശനിയാഴ്‌ച ജപ്പാനില്‍ ഇയോയിലെ സ്വവസതിയിലാണ് അദ്ദേഹം അന്തരിച്ചത്.
തന്റെ നിരീക്ഷണങ്ങളെപ്പറ്റി ഫുക്കുവോക്ക എഴുതിയ ‘ദി വണ്‍ സ്‌ട്രോ റവല്യൂഷന്‍’ (ഒറ്റ വൈക്കോല്‍ വിപ്ലവം) എന്ന പുസ്‌തകം ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്. ഇന്ത്യയുടെ ദേശികോത്തം പുരസ്‌കാരം, മാഗ്‌സസെ അവാര്‍ഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1913 ഫിബ്രവരി രണ്ടിന് ജനിച്ച ഫുക്കുവോക്ക മൈക്രോബയോളജിസ്റ്റായാണ് കാര്‍ഷിക രംഗത്തേക്ക് കടന്നത്. 25-ാം വയസ്സില്‍ ആധുനികമായ ശാസ്‌ത്രീയ കൃഷിരീതിയില്‍ സംശയം പ്രകടിപ്പിച്ച അദ്ദേഹം ഗവേഷണ ശാസ്‌ത്രജ്ഞന്‍ എന്ന ജോലി ഉപേക്ഷിച്ച് നാട്ടിലെ സ്വന്തം കൃഷിയിടത്തില്‍ മടങ്ങിയെത്തി കൃഷി തുടങ്ങി.
ഭൂമിയെ അതേപടി നിലനിര്‍ത്തിക്കൊണ്ട് കൃഷിചെയ്യണമെന്ന ഫുക്കുവോക്കയുടെ താത്ത്വിക ആശയത്തെ പലരും സംശയത്തോടെ വീക്ഷിച്ചെങ്കിലും അവ ലോകപ്രശസ്‌തമായി.
കടപ്പാട്- മാതൃഭൂമി 19-08-08
2 comments ഓഗസ്റ്റ് 19, 2008
ഡോ. ആര്‍.ഗോപിമണിയുടെ കത്തും അതിനുള്ള മറുപടിയും
09-07-08 ലെ മാതൃഭൂമി ദിനപത്രത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ ഡോ. ആര്‍.ഗോപിമണി പ്രസിദ്ധീകരിച്ച കത്താണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
കൃഷിയിലെ കാല്പനികത
ജനിതകമാറ്റം വരുത്താത്ത വിത്തും രാസവളങ്ങളോ കീടനാശിനികളോ വേണ്ടാത്ത നാടന്‍ കൃഷിരീതികളും കൊണ്ട് വന്‍ വിളവ് കിട്ടും എന്നു ദേവിന്ദര്‍ ശര്‍മ പറയുമ്പോള്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന എന്നെപ്പോലൊരു ശാസ്ത്രജ്ഞന് അത് അപ്പടി വിഴുങ്ങന്‍ ബുദ്ധിമുട്ടുണ്ട്. കാരണം, ഇത്തരം ഒറ്റപ്പെട്ട വിളവുകളെപ്പറ്റിയും കര്‍ഷകരെപ്പറ്റിയും 1950 കില്‍ തന്നെ ഞങ്ങള്‍ ധാരാളം കേട്ടിരുന്നു. പക്ഷേ, അത്തരം ‘കാര്‍ഷിക വിജയങ്ങള്‍’ ഇന്ത്യയിലെ കോടിക്കണക്കായ കര്‍ഷകരിലേയ്ക്കു വ്യാപിപ്പിക്കാന്‍ സാധിച്ചിരുന്നില്ലെന്നതാണ് ദഃഖകരമായ വസ്തുത. അതേസമയം 1973 ല്‍ ‘കല്യാണ്‍ സോണ’ എന്ന അത്യുല്പാദനശേഷിയുള്ള ഗോതമ്പിനം ഉത്തര്‍ പ്രദേശിലെ കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിച്ചത് ‘കാട്ടുതീ’യുടെ വേഗത്തിലാണ്. വേണ്ട അളവില്‍ ജൈവ വളങ്ങളും രാസവളങ്ങളും ചേര്‍ത്ത് ആ വിത്ത് കൃഷി ചെയ്യുമ്പോള്‍ ഏതു കര്‍ഷകനും ശരാശരി മൂന്ന് ടണ്‍ ഗോതമ്പ് ഒരു ഹെക്ടറില്‍ നിന്ന് ലഭിച്ചിരുന്നു.
ജൈവകൃഷിയുടെ പിതാവെന്നറിയപ്പെടുന്ന ജാപ്പനീസ് കര്‍ഷകനായ ‘മസനോബു ഹുക്കുവോക്ക’ ഏറ്റവും ഒടുവില്‍ പറഞ്ഞത് രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്ത തന്റെ കൃഷിയെ നാലഞ്ച് പതിറ്റാണ്ടുകളിലെ അനുഭവങ്ങള്‍ക്ക് ശേഷവും തന്റെ അയല്‍ക്കാരനായ ഒരു കര്‍ഷകനും അനുകരിക്കാത്തത് തികച്ചും സ്വാഭാവികം തന്നെയാണ്! കാരമവും അദ്ദേഹം പറയുന്നുണ്ട്. “ജൈവകൃഷി വിപുലമായി പ്രചരിപ്പിക്കാനാവുന്ന ഒന്നല്ല. ഉത്പാദന തകര്‍ച്ച കര്‍ഷകര്‍ക്ക് താങ്ങാനാവുന്നതുമല്ല. പവയകാല ശരാശരി ഉത്പാദനക്ഷമതയിലേക്ക് തിരിച്ചുപോകുവാന്‍ അവര്‍ക്കിനിയാവില്ല.”
നമുക്ക് വേണ്ടത്, ഇന്ന് തമിഴ്‌നാട്ടില്‍ വിജയകരമായി അനുവര്‍ത്തിച്ച് വരുന്ന ‘പ്രിസിഷന്‍ ഫാമിങ്’ പോലുള്ള കൃഷിയാണ്. കണികാ ജലസേചനത്തോടൊപ്പം വിളവിന്റെ വിവിധ ദശകളില്‍ അവയ്ക്ക് വേണ്ടിവരുന്ന എന്‍.പി.കെ മൂലകങ്ങള്‍, സൂഷ്മമായ അളവിലും ആവൃത്തിയിലും വെള്ളത്തില്‍ കലര്‍ത്തി എത്തിച്ച് വിളയുടെ ‘ഉത്പാദനകാലം’ നാലിരട്ടിയായി ദീര്‍ഘിപ്പിച്ച് ഉത്പാദനക്ഷമത പത്തിരട്ടിയായി വര്‍ദ്ധിപ്പിക്കുന്ന രീതിയാമിത്. ആന്ധ്രയിലെ എല്ലാ ജില്ലകളിലുമായി ഏഴു ദശലക്ഷം ഹെക്ടറില്‍ നാടന്‍ കൃഷിയിലൂടെ വന്‍ ആദായം നേടുന്ന കര്‍ഷകരുണ്ടെന്നു ദേവിന്ദര്‍ ശര്‍മ അല്ല, സാക്ഷാല്‍ ദേവേന്ദ്രന്‍ തന്നെ വന്ന് പറഞ്ഞാലും അത് അപ്പടി വിശ്വസിക്കാന്‍ വിഷമമുണ്ട്.
ഡോ. ആര്‍.ഗോപിമണി, തിരുവനന്തപുരം
10-07-08 ലെ ആക്ഷേപങ്ങലും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ വന്ന എന്റെ മറുപടി ചുവടെ.
നാടന്‍ വിത്തും ജൈവവളവും അല്ലേ കേരളത്തിന് അനുയോജ്യം?
‘കൃഷിയിലെ കാല്പനികത’ എന്ന ഡോ. ആര്‍.ഗോപിമണിയുടെ കത്താണ് ഈ കുറിപ്പിന് ആധാരം.
തെങ്ങുകള്‍ക്ക് വരുന്ന മഞ്ഞളിപ്പ് രോഗത്തിന്തെങ്ങുകളുടെ ചുവട്ടില്‍ നിന്ന് രണ്ട് മീറ്റര്‍ അകലം വിട്ട് വട്ടത്തില്‍ തടം തുറന്ന് തെങ്ങൊന്നിന് അഞ്ച് കിലോഗ്രാം യൂറിയ വിതറി മണ്ണിട്ട് മൂടിയാല്‍ മഞ്ഞളിപ്പ് മാറാനുള്ള സാധ്യത ഉണ്ട് എന്ന് ഡോ. ഗോപിമണി 2006 നവംബര്‍ 30 -ലെ കത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. അദ്ദേഹം ഇപ്പോള്‍ പറയുന്നു എന്‍.പി.കെ മൂലകങ്ങള്‍ സൂഷ്മമായ അളവിലും ആവൃത്തിയിലും വെള്ളത്തില്‍ കലര്‍ത്തി എത്തിച്ച് തമിഴ്‌നാട്ടില്‍ വിജയകരമായി അനുവര്‍ത്തിച്ച് വരുന്ന പ്രിന്സ് ഫാമിങ് (പ്രിസിഷന്‍ ഫാമിങ് എന്ന് തിരുത്തി വായിക്കുക) പോലുള്ള കണിക ജലസേചനം നടത്തുവാന്‍. തമിഴ്‌നാട്ടിലെ മണ്ണില്‍ സെക്കഡറി ന്യൂട്രിയന്റ്സ് ആയ മഗ്നീഷ്യം, കാത്സ്യം, സള്‍ഫര്‍ എന്നിവയുടെ ലഭ്യതയാണ് എന്‍.പി.കെയുടെ കണിക ജലസേചനത്തിലൂടെ ഹ്രസ്വകാല ഉത്പാദന വര്‍ദ്ധനവിന് കാരണമാകുന്നത്.
എന്നാല്‍ ധാരാളം മഴ ലഭിക്കുന്ന കേരളത്തില്‍ അത്യുത്പാദനശേഷിയുള്ള നാടന്‍ വിത്തിനങ്ങളും, ജൈവ വളപ്രയോഗവും, മണ്ണിലെ മൂലകങ്ങളുടെ സന്തുലിതാവസ്ഥയും നിലനിറുത്തിയുള്ള ഒരു കൃഷിരീതിയല്ലെ അഭികാമ്യം? ഇന്ന് കര്‍ഷകര്‍ പഴയതുപോലെ വിദ്യാഭ്യാസം കുറഞ്ഞവരല്ല. ഇന്റെര്‍നെറ്റും, വെബ്സൈറ്റുകളും, ബ്ലോഗുകളും, സെര്‍ച്ച് എഞ്ചിനുകളും മറ്റും കര്‍ഷകര്‍ക്കാവശ്യമായ പല വിവരങ്ങളും ലഭ്യമാക്കുന്നുണ്ട്. രാസ വളങ്ങളുടെയും, കള, കുമിള്‍, കീടനാശിനികളുടെയും, ജനിതകമാറ്റം വരുത്തിയ വിത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെയും ദോഷഫലങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കുവാന്‍ ധാരാളം സൌകര്യങ്ങള്‍ ലഭ്യമാണ്.
എസ്. ചന്ദ്രശേഖരന്‍ നായര്‍, പേയാട്
വിമുക്തഭടനായ ഞാന്‍ നാട്ടില്‍ വന്ന് കൃഷി ആരംഭിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡോ. ആര്‍.ഗോപിമണി എന്ന കഴിഞ്ഞ നാലു പതിറ്റാണ്ടായി കൃഷിശാസ്ത്രജ്ഞനായി പ്രവര്‍ത്തിക്കുന്ന ഇദേഹത്തെ പരിചയപ്പെടുന്നത്. രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച് നെല്ല്, പച്ചകറി, വാഴ, റബ്ബര്‍ എന്നീ വിളകള്‍ കൃഷിചെയ്തിരുന്ന എനിക്ക് കൂടുതല്‍ അറിവ് പകരുവാനായി അദ്ദേഹം രചിച്ച് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച 85 രൂപ വിലയുള്ള ‘അക്ഷയകൃഷി‘ എന്ന പുസ്തകം വാങ്ങുവാനും പഠിക്കുവാനും അദ്ദേഹമാണ് എന്നെ പ്രേരിപ്പിച്ചത്. കാര്‍ഷിക സര്‍വ്വകലാശാലയിലെ മുന്‍ സോയില്‍ സയന്‍സ് വിഭാഗം മേധാവി ഡോ. തോമസ് വര്‍ഗീസിന്റെ ആമുഖത്തോടെ തുടങ്ങുന്ന പുസ്തകം വളരെ വിജ്ഞാനപ്രദം തന്നെ ആയിരുന്നു. അതിലൂടെയാണ് ഞാന്‍ പൂര്‍ണമായും ജൈവ കൃഷിയിലേയ്ക്ക് മാറിയത്.
11-07-08 ല്‍ വന്നത് ചുവടെ.
ഭക്ഷ്യക്ഷാമമില്ലാത്ത ലോകം നവകര്‍ഷകര്‍ ഉണ്ടാക്കട്ടെ
ദേവിന്ദര്‍ ശര്‍മ്മയുടെ ലേഖനത്തിന് ഡോ. ഗോപിമണി എഴുതിയ പ്രതികരണമാണ് ഈ കത്തി എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ഹരിതവിപ്ലവം ഇന്ത്യയില്‍ തുടങ്ങിയകാലത്തും ‘ആധുനിക കൃഷി’ എന്ന് പറഞ്ഞുകൊണ്ട് രാസവളങ്ങളും രാസ കീടനാശിനികളും പ്രചരിപ്പിക്കുമ്പോള്‍, ആരുതന്നെ ജൈവ രീതിയില്‍ അല്ലെങ്കില്‍ പരമ്പരാഗതരീതിയില്‍ ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പാക്കാന്‍ കഴിയുമോ എന്ന് നോക്കാന്‍ മെനക്കെട്ടിട്ടില്ല. ഹരിതവിപ്ലവത്തിന് സര്‍ക്കാര്‍ കൊടുത്ത അതേ ഊന്നലും നിക്ഷേപവും നമ്മുടെ ശക്തമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ഉന്നമനത്തിന് കൊടുത്തിരുന്നെങ്കില്‍ ഇന്ന് നാം കാണുന്ന ജൈവകൃഷിവിപ്ലവവും വികസനവും അന്നേ നേടാമായിരുന്നു എന്ന് പല കര്‍ഷകരും ഇന്ന് വിശ്വസിക്കുന്നു. കര്‍ഷകരെ കടത്തിലും പിന്നെ ആത്മഹത്യയ്ക്കും തള്ളിവിട്ട ചെലവേറിയ കൃഷിസമ്പ്രദായം നമ്മുടെ നാട്ടില്‍ വേരുറയ്ക്കുന്നതല്ല. നിര്‍ഭാഗ്യവശാല്‍ ഇന്നും എല്ലാ നിക്ഷേപവും ശ്രദ്ധയും കര്‍ഷകരെ തകര്‍ത്തുകൊണ്ടിരിക്കുന്ന രാസകൃഷിക്കുതന്നെ കൊടുത്തുകൊണ്ടിരിക്കുകയാണ്.
ഇന്ന് കാരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും എന്തിന് ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ‘മസനോബു ഫുക്കുവോക്ക’യുടെയും മറ്റ് അനേകം നിലനില്‍ക്കുന്ന രീതികളും സ്വീകരിച്ച് അവരുടേതായ പരീക്ഷണങ്ങള്‍ നടത്തി ഏറെ പുരോഗമിച്ചിരിക്കുന്നു. നല്ലവിളവും സുരക്ഷിതമായ ഭക്ഷണഉല്പാദനവും, നിലനില്കുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികള്‍ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. അതിന്റെ അടിസ്ഥാനം കൃഷിച്ചെലവ് കുറയ്ക്കുക, വിളവില്‍ സ്ഥിരത നേടുക, മണ്ണിന്റെ ഫലപുഷ്ടി ഉറപ്പാക്കുക, അതിലൂടെ ജിവന്റെ മേലുള്ള 40 വര്‍ഷത്തെ അതിക്രമം അവസാനിപ്പിക്കുക എന്നിവയാണ്.
കാര്‍ഷിക മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന ഈ മാറ്റം ചെന്ന് കണ്ട് മനസിലാക്കാന്‍ താല്പര്യമില്ലാത്ത ‘കൃഷി വിദദ്ധര്‍’ ഇനി ഒരുകാര്യം മാത്രമേ ചെയ്യേണ്ടതുള്ളു. ദയവുചെയ്ത് മാറിനില്‍ക്കുക; വിശ്വാസം വരുന്നതുവരെ മിണ്ടാതിരിക്കുക, ഭക്ഷ്യക്ഷാമം ഇല്ലാത്ത ലോകം ഈ നവ കര്‍ഷകര്‍ ഉണ്ടാക്കിക്കൊള്ളട്ടെ.
ശ്രീധര്‍ ആര്‍, ജവഹര്‍ നഗര്‍, തിരുവനന്തപുരം
Add comment ജൂലൈ 10, 2008
ചില ശാസ്ത്രജ്ഞരും മാറിമാറി വരുന്ന ഭരണകൂടങ്ങളും കര്‍ഷകന്റെ ശാപം


23-06-08 ലെ മാതൃഭൂമി ദിനപത്രത്തില്‍ വന്ന റബ്ബറിന് കളനാശിനി തളിച്ചു; നിരവധിപേര്‍ ചികിത്സയില്‍ എന്ന തലക്കെട്ടോടെ വന്ന വാര്‍ത്തയാണ് ഈ പോസ്റ്റിനാധാരം.
പാലോട്: റബ്ബറിന്റെ കള നശിപ്പിക്കുന്നതിനായി തളിച്ച വീര്യം കൂടിയ കളനാശിനിയുടെ വിഷാംശമേറ്റ് സമീപത്തെ നിരവധിപേര്‍ ചികിത്സ തേടി. തോട്ടം ഉടമയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ തവണ മരുന്ന് തളിച്ച് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായ അതേ തോട്ടത്തില്‍ത്തന്നെയാണ് ഇത്തവണയും സമീപവാസികള്‍ അറിയാതെ ഉടമ മരുന്നു തലിച്ചത്. നന്ദിയോട് ഗ്രാമ പഞ്ചായത്തിലെ നഗര ജങ്ഷന് സമീപമുള്ള നാലര ഏക്കര്‍ റബ്ബര്‍ തോട്ടത്തിലാണ് കഴിഞ്ഞ ദിവസം ‘റൗണ്ടപ്പ് ഗ്ലൈഫോസൈറ്റ്’ എന്ന കളനാശിനി തളിച്ചത്. തൊളിക്കോട് തുരുത്തി സ്വദേശി മുഹമ്മദ് ഹനീഫയുടേതാണ് തോട്ടം. മരുന്നുതളിയുടെ പിറ്റേന്ന്തന്നെ പച്ചിലകള്‍ കരിഞ്ഞുണങ്ങി. സമീപത്തെ തോട്ടില്‍ ജീവികള്‍ ചത്തു പൊങ്ങി. തൊട്ടടുത്ത ദിവസമാണ് ചെറിയ കുട്ടികള്‍ക്ക് ശ്വാസതടസ്സം, ചുമ, ശര്‍ദ്ദി തുടങ്ങിയവ ഉണ്ടായത്.
മുതിര്‍ന്നവര്‍ക്ക് തലവേദന യായിരുന്നു തുടക്കം. സമീപത്തുള്ള 50 ലധികം വീട്ടുകാര്‍ ചികിത്സ തേടിയിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് നാട്ടുകാര്‍ പാലോട് പോലീസിന് പരാതി നല്‍കിയത്. എസ്.ഐ ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ദിവാകരന്‍ നായര്‍ , വി.വി അജിത് എന്നിവരുടെ നേതൃത്വത്തില്‍ പൊതുപ്രവര്‍ത്തകരും സ്ഥലത്തെത്തി.
ആദ്യരണ്ടുതവണ മരുന്ന് തളിച്ചപ്പോഴും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മരുന്നുതളി നാട്ടുകാര്‍ തടസ്സപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ആരുമറിയാതെയാണ് മരുന്നുതളിച്ചതെന്ന് സമീപവാസികള്‍ പറയുന്നു.
വെളിച്ചെണ്ണയിലടങ്ങിയിരിക്കുന്ന സാച്വറേറ്റഡ് ഫാറ്റാണ് ഹൃദ്രോഗത്തിന് കാരണമാകുന്നതെന്ന് പറയുകയും അതേ ശാസ്ത്രജ്ഞന്‍ തന്നെ കരിക്ക് അത്യുത്തമമായ ഭക്ഷണമാണെന്ന് പറയുകയും ചെയ്യും. ഫലമോ കര്‍ഷകന് നാളികേരത്തിന്റെ വില കുറഞ്ഞാലും കരിക്കിന് വില കുറയില്ല. ഈ ശാസ്ത്രജ്ഞന്‍ പറയുന്നതിന്റെ ഇരട്ടി വെളിച്ചെണ്ണ കഴിക്കുവാന്‍ ഞാന്‍ തയ്യാറാണ്. ഇത്തരം ശാസ്ത്രജ്ഞര്‍ ഇറക്കുമതി ചെയ്യുന്ന പാം ഓയിലിന്റേയോ ജനിതകമാറ്റം വരുത്തിയ സോയാബീന്‍ എണ്ണയുടെയോ ദോഷവശങ്ങളെപ്പറ്റി പഠനം നടത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യില്ല. നാണയപ്പെരുപ്പം നിയന്ത്രിക്കുവാന്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്ത് ഭാരതത്തിലെ ഭക്ഷഎണ്ണ ഉല്‍പാദിപ്പിക്കുന്ന വിളകളെയെല്ലം നഷ്ടത്തിലാക്കി നശിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു. താണവിലയ്ക്ക് ഗോതമ്പ് കയറ്റുമതിയും കൂടിയവിലയ്ക് ഗോതമ്പ് ഇറക്കുമതിയും. മഹാരാഷ്ട്രയില്‍ ഉള്ളിയ്ക്ക് അന്‍പത് പൈസ കേരളത്തില്‍ ഇരുപത്തിരണ്ടു രൂപ പ്രതി കിലോഗ്രാം. 92 രൂപ റബ്ബറിന് വിലയുള്ളപ്പോള്‍ 2.11 രൂപയ്ക്ക് റബ്ബര്‍ കയറ്റുമതി. ഇറക്കുമതി ഒരു ലക്ഷം ടണ്‍ കയറ്റുമതി അന്‍പതിനായിരം ടണ്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടപ്പെടുന്നത് കോടികള്‍. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് കര്‍ഷകന് ന്യായവില കിട്ടുകയും ഇല്ല വാങ്ങുന്നവയ്ക്ക് അമിത വില കൊടുക്കുകയും വേണം.
ഇപ്പോഴിതാ ലോകമെമ്പാടും പ്രതിക്ഷേധം പ്രകടിപ്പിച്ചിട്ടും ഭക്ഷ്യ സുരക്ഷയുടെ പേരില്‍ ജനിതക മാറ്റം വരുത്തിയ വിത്തുകളും വിളകളും കാര്‍ഷികമേഖല കൈയ്യടക്കാനുള്ള തത്രപ്പാടിലാണ്. മണ്ണിന്റെ ജൈവ സമ്പത്താണ് കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കുവാനുള്ള ഏക മാര്‍ഗം എന്നറിയാമായിരുന്നിട്ടും അതിനുള്ള ഒരു നടപടിയും കൈക്കൊള്ളാന്‍ തയ്യാറല്ല. വീടു വീടാന്തരം പശുക്കളെ വളര്‍ത്തി ജൈവ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് പകരം ഒരുകോടിയില്‍ക്കൂടുതല്‍ വില നല്‍കി വിത്തുകാളകളെ ഇറക്കുമതി ചെയ്യാന്‍ ശ്രമിക്കുന്നു. ക്ഷീരസഹകരണ സ്ഥാപനങ്ങള്‍ തന്നെ വെള്ളവും ഡക്സ്ട്രോസും വെളിച്ചെണ്ണയും സോപ്പ് ഓയിലും പാല്‍പ്പൊടിയും കൂടെ കുറച്ച് പാലും ചേര്‍ത്ത് പാലുണ്ടാക്കി കവര്‍ പാലായും ഐസ്ക്രീമായും മറ്റും വിപണിയില്‍ എത്തിക്കുന്നു. ഈ അവസരത്തിലാണ് ഡല്‍ഹില്‍ ഒരു ഡോക്ടര്‍ പശുവിന്‍ പാല്‍ ഹൃദ്രോഗത്തിന് കാരണമാവുന്നത് എന്ന് പത്രസമ്മേളനം നടത്തി ബോധവല്‍ക്കരിക്കുന്നതിന്റെ പൊരുള്‍ മനസിലാവുന്നത്.
കളകള്‍ പാടില്ല എന്നും കളനാശിനി പ്രയോഗം ദോഷകരമല്ല ലാഭകരമാണെന്നും മറ്റും റബ്ബര്‍ മാസികയിലും മറ്റും പ്രസിദ്ധീകരിക്കുകയും സംശയങ്ങള്‍ക്കും മറ്റും കേരള കാര്‍ഷിക സര്‍വ്വകലാശാലയേയോ കൃഷി വകുപ്പ് ഉദ്യോഗസ്ഥരേയോ സമീപിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ റബ്ബര്‍ ബോര്‍ഡ് സ്പ്രേയിംഗിനായി ആര്‍പിഎസ്സുകളെ ശക്തിപ്പെടുത്തുവാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. ഫലമോ ആഗോള താപന വര്‍ദ്ധനവും കാലാവസ്ഥാ വ്യതിയാനവും. എന്റെ തോട്ടത്തിലെ കളകള്‍ ഞാന്‍ വളം നല്‍കി വളര്‍ത്തുന്നു. അത് വളരും തോറും മണ്ണിന്റെ ജൈവ സമ്പുഷ്ടി പ്രകടമാവുകയും ചെയ്യുന്നു. കളകള്‍ എനിക്ക് പാലായി ആരോഗ്യസംരക്ഷണത്തിന് പ്രയോജനപ്പെടുന്നു. ധാരാളം കുമിള്‍ കീട നാശിനികള്‍ പ്രയോഗിക്കുവാന്‍ റബ്ബര്‍ ബോര്‍ഡ് പ്രചരിപ്പിക്കുന്നു. മണ്ണും ഇലയും പരിശോധിച്ച് എന്‍പികെ നിശ്ചിത ഗ്രാം വീതം മരമൊന്നിന് ഇടാന്‍ നിര്‍ദ്ദേശിക്കുന്നു. ഞാന്‍ എന്‍പികെ രാസ വളങ്ങള്‍ ഇടാറേ ഇല്ല. എന്റെ അനുഭവത്തില്‍ വേനല്‍ക്കാലത്ത് തളിരിലകള്‍ പൊഴിയുന്നത് അമ്ലമഴ കാരണവും റബ്ബര്‍ മരങ്ങള്‍ക്കുണ്ടാകുന്ന പല രോഗങ്ങള്‍ക്കും കാരണം മണ്ണിന്റെ pH താഴുന്നതും സോയില്‍ ന്യൂട്രിയന്‍സിന്റെ അസന്തുലിതാവസ്ഥയുമാണ്.
കുടിക്കുവാന്‍ മനുഷ്യന് മണ്ണില്‍ സൌജന്യമായി ലഭിച്ചിരുന്ന ജലം മുഴുവന്‍ മലിനീമസമാക്കി ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകാവുന്ന പൈപ്പ് വെള്ളം കുടിപ്പിക്കുന്നു. പാലിനൊപ്പം വിലയുള്ള കുപ്പിവെള്ളം കോടികളുടെ ബിസിനസ് ആണ് നടത്തുന്നത്. കേരളത്തിലെ ജലാശയങ്ങള്‍ മുഴുവന്‍ മലിനീമസ മായിക്കഴിഞ്ഞു. തിരുവനന്തപുരത്തിന് പടിഞ്ഞാറുകൂടി ഒഴുകുന്ന ചാക്കയില്‍ തോട് എന്റെ ചെറുപ്പകാലത്ത് കണ്ടിട്ടുള്ളത് ആളുകള്‍ കുളിക്കുകയും തുണി കഴുകുകയും ചെയ്യുന്നതായിട്ടാണ്. അന്ന് രണ്ടു കരയും കരിങ്കല്ല് കെട്ടോ കോണ്ടക്രീറ്റോ ആയിരുന്നില്ല. ഒഴുകുന്ന ജലത്തിലെ ജൈവ സമ്പത്ത് മുഴുവന്‍ ഇരു കരയിലെയും മരങ്ങളുടെയും കളകളുടെയും വേരുകള്‍ വലിച്ചെയുത്ത് ജലം ശുദ്ധീകരിച്ചിരുന്നു. ഇന്ന് ആ വെള്ളത്തില്‍ ചവിട്ടിയാല്‍ കാലിന് ചൊറിച്ചിലുണ്ടാകും. മുന്‍കാലങ്ങളില്‍ നഗരത്തിലെ മനുഷ്യവിസര്‍ജ്യവും ചപ്പ് ചവറുകളും ഉപയോഗിച്ച് ഗുണമേന്മയുള്ള കമ്പോസ്റ്റ് വലിയതുറയില്‍ ലഭ്യമാക്കിയിരുന്നു. ഇന്ന് മനുഷ്യവിസര്‍ജ്യത്തിന്റെ ഏറിയ പങ്കും എത്തിച്ചേരുന്നത് ജലാശയങ്ങളിലെ കോളിഫാം ബാക്ടീരിയയെ വളര്‍ത്തുവാന്‍ വേണ്ടി മാത്രമാണ്. ഉല്പാദിപ്പിക്കുന്ന ഭക്ഷോല്‍പന്നങ്ങളുടെ ഏറിയ പങ്കും തിന്ന് തീര്‍ക്കുന്ന മനുഷ്യന്‍ വിസര്‍ജിക്കുന്ന മനുഷ്യവിസര്‍ജ്യം മറ്റേത് ജൈവ വളത്തേക്കാളും സമ്പുഷ്ടമാണെന്നിരിക്കെ അതിനെ പ്രയോജനപ്പെടുത്തുവാനുള്ള ഒരു സംവിധാനവും ഇല്ല. ഓര്‍ഗാനിക് റീ സൈക്ലിംഗ് എന്ന പ്രക്രിയ എപ്രകാരമാണ് പൂര്‍ണമാവുക?
കഴിഞ്ഞ സര്‍ക്കാര്‍ എലികളെ നശിപ്പിക്കുവാന്‍ മിക്ക കൃഷിഭവനുകളിലൂടെയും റൊഡോഫെ എന്ന പേരില്‍ ബ്രൊമോഡിയോലോണ്‍ എന്ന മാരക വിഷം സൌജന്യമായി വിതരണം ചെയ്യുകയുണ്ടായി. ആന്തരിക രക്തശ്രാവമുണ്ടായി സിംഹവും, കഴുകനും ചത്തൊടുങ്ങുക മാത്രമല്ല സ്ത്രീകളില്‍ അമിത രക്തസ്രാവത്തിന് കാരണമാകുവാനും ഈ വിഷത്തിന് കഴിയുമെന്ന് വിദേശങ്ങളിലെ പഠനത്തിന് തെളിയിക്കാന്‍ കഴിഞ്ഞു. അതിനെ എതിര്‍ത്ത ഞാന്‍ ഒറ്റപ്പെട്ടുവെങ്കിലും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് വീണ്ടും വിതരണത്തിന് ശ്രമിച്ചപ്പോള്‍ കൃഷി ഓഫീസര്‍മാര്‍ ഒറ്റക്കെട്ടായി എതിര്‍ത്തു എന്നാണെനിക്കറിയാന്‍ കഴിഞ്ഞത്.
എന്റെ പഴയ ചില പോസ്റ്റുകള്‍ ചുവടെ.
കേരളത്തിലെ മാധ്യമങ്ങളെക്കാള്‍ കേമന്‍ ബൂലോകം തന്നെ
എ.സി.വി യുടെ തലസ്ഥാന വാര്‍ത്താപരിപാടി
ഭക്ഷിക്കുവാനും കുടിക്കുവാനും വിഷങ്ങള്‍
റബ്ബര്‍ കൃഷിയും റൌണ്ടപ്പും
ഭൂഗര്‍ഭ ജലം മലിനപ്പെടുന്നതെങിനെ?
ബ്രൊമാഡിയോലോണ്‍ എന്ന എലിവിഷം മനുഷ്യനും ഹാനികരം
ശാസ്ത്രജ്ഞര്‍ കാര്‍ഷിക മേഖലയെ തകര്‍ത്തു
വെളിച്ചെണ്ണ മുലപ്പാലുപോലെ ഗുണമുള്ളത്
1 comment ജൂണ്‍ 23, 2008
കേരള ധനവകുപ്പ് - കര്‍ഷകര്‍ക്കെന്തു ഗുണം?
കൃഷി: ധനവകുപ്പിന്റെ രേഖയില്‍ വൈരുധ്യങ്ങളും അവ്യക്തതയും
തിരുവനന്തപുരം: സംസ്ഥാനകൃഷിവകുപ്പിന്റെ 2006_07 വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിക്കൊണ്ട് ധനകാര്യവകുപ്പ് പുറത്തിറക്കിയ പെര്‍ഫോമന്‍സ് ബജറ്റില്‍ നിറയെ അവ്യക്തതയും വൈരുധ്യങ്ങളും. പല ഇനങ്ങളിലും അനുവദിച്ചതും ചെലവഴിച്ചതുമായ പണത്തിന് കണക്കില്ല. ഉള്ള കണക്കുകളാകട്ടെ പൊരുത്തപ്പെടുന്നുമില്ല.
കൃഷിവകുപ്പില്‍ സംസ്ഥാനത്ത് എത്ര ഗസറ്റഡ് ഓഫീസര്‍മാരാണുള്ളതെന്നാണ് ആദ്യഅന്വേഷണം. അനുവദിച്ചിട്ടുള്ള തസ്തിക_90, നിലവിലുള്ളത്_85 എന്നാണ് ജീവനക്കാരുടെ സ്ഥിതിവിവരക്കണക്ക് വിവരിക്കുന്ന എട്ടാം പേജില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ല തിരിച്ചുള്ള വിവരണങ്ങളിലേക്ക് പോകുമ്പോള്‍ കിട്ടുന്ന കണക്ക് മറ്റൊന്നാണ്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 125 ഗസറ്റഡ് തസ്തിക അനുവദിച്ചിട്ടുണ്ടെന്നും 123 തസ്തികയാണിപ്പോഴുള്ളതെന്നുമാണതില്‍ പറയുന്നത്.
2007 മാര്‍ച്ചില്‍ അവസാനിച്ച പ്രവര്‍ത്തനത്തിന്റെ സംക്ഷിപ്തം പത്താം പേജിലാണ് ആരംഭിക്കുന്നത്. അതിലാകട്ടെ മുഴുവന്‍ അവ്യക്തതയാണ്. ഉദാഹരണത്തിന്, കൂട്ടുകൃഷി പുനരാരംഭിക്കുന്നതിന്റെ സ്ഥിതി. 1.20 ലക്ഷം ഹെക്ടര്‍ പ്രദേശമായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നാണ് കണക്ക്. 1200 ലക്ഷം രൂപയാണ് ഇതിന് നീക്കിവെച്ചിരുന്നത്. 1.17 ലക്ഷം ഹെക്ടറില്‍ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ എത്ര തുക ചെലവഴിച്ചുവെന്നതിന് ഉത്തരമില്ല. നെല്‍ക്കൃഷി വികസന ഏജന്‍സികള്‍ക്കുള്ള ധനസഹായം 50 ലക്ഷം രൂപ അനുവദിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭൌതികലക്ഷ്യം എത്രയാണെന്ന് പറയുന്നില്ല. 50 ലക്ഷം രൂപ അനുവദിച്ചതിന് കണക്കുണ്ട്. ചെലവഴിച്ചതിന് കണക്കില്ല. ആധുനികനെല്ലുകുത്തല്‍ മില്ലുകള്‍ സ്ഥാപിക്കുന്നതിന് 250 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നാണ് കണക്ക്. അതിന്റെ ഭൌതികലക്ഷ്യമെന്ത്? നേട്ടമെന്ത്? ചെലവഴിച്ച തുക എത്ര? കോളങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നു. നടീല്‍വസ്തുക്കളുടെ ഉല്പാദനത്തിന് അനുവദിച്ചതോ ചെലവായതോ ആയ തുകയുടെ കണക്ക് രേഖപ്പെടുത്തിയിട്ടില്ല. ഒരു പദ്ധതിയും ഭൌതികലക്ഷ്യം കൈവരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍.
ഇതൊക്കെയാണെങ്കിലും 2006_07 വര്‍ഷത്തെ ശമ്പളത്തിനും വേതനത്തിനുമൊക്കെ കണക്കുണ്ട്. അവയും വിചിത്രമാണ്. 2006_07 വര്‍ഷത്തില്‍ 10,092.72 ലക്ഷം രൂപയാണ് ശമ്പളത്തിന് അനുവദിച്ചത്. 11,945.24 ലക്ഷം രൂപയായിരുന്നു ചെലവ്.
സംസ്ഥാനത്തെ ബജറ്റ് രേഖകളുടെ ഭാഗമായാണ് വിവിധ വകുപ്പുകളുടെ പെര്‍ഫോമന്‍സ് ബജറ്റ് ധനകാര്യവകുപ്പ് പ്രസിദ്ധീകരിക്കുന്നത്. ഒരു പ്രത്യേക സാമ്പത്തിക വര്‍ഷം ഓരോ വകുപ്പിന്റെയും പ്രവര്‍ത്തനം സംബന്ധിച്ച് ധനകാര്യവകുപ്പിന്റെ പരിശോധനകളും വിലയിരുത്തലുകളും സംബന്ധിച്ച ആധികാരികരേഖയാണിത്. 2007 മാര്‍ച്ച് 31ന് പൂര്‍ത്തിയായ സാമ്പത്തികവര്‍ഷത്തെ കണക്ക്, പിറ്റേവര്‍ഷം തീരാറായിട്ടും തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പെര്‍ഫോമന്‍സ് ബജറ്റിലൂടെ വ്യക്തമാകുന്നത്. നിയമസഭവിഷയനിര്‍ണയസമിതിക്ക് ബജറ്റ് പരിശോധനാവേളയില്‍ പ്രയോജനകരമാകുന്ന ആധികാരികരേഖ കൂടിയാണിത്.
കടപ്പാട്-മാതൃഭൂമി 13-03-08
1 comment മാര്‍ച്ച് 13, 2008
ചില കാര്‍ഷിക കണക്കുകള്‍
കേന്ദ്ര ധനമന്ത്രി സംസാരിക്കുന്നു.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ചില കണക്കുകള്‍ ആംഗലേയത്തില്‍ പി.ഡി.എഫ് ഫയലുകളായി ചുവടെ ചേര്‍ക്കുന്നു.
പ്രധാന വിളകളുടെ പ്രതിഹെക്ടര്‍ ഉത്പാദനക്ഷമത
കാര്‍ഷികോത്പാദനവും ഭക്ഷ്യ ലഭ്യതയും
കൂടുതല്‍ വിവരങ്ങള്‍ക്ക് എക്കണോമിക്സ് സര്‍വ്വെ 2007-2008 സന്ദര്‍ശിക്കുക.
1 comment മാര്‍ച്ച് 1, 2008
ബഡ്ജറ്റ് 2008-09 കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാകുമോ?
ഇല്ല ഇല്ല ഇല്ല
പദ്ധതിപ്രകാരം തിരിച്ചുകിട്ടാത്ത 60,000 കോടി രൂപയുടെ കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചു.
“രണ്ട് ഹെക്ടര്‍ ഭൂമിയുള്ള കര്‍ഷകരുടെ കടങ്ങള്‍ മുഴുവനും എഴുതിത്തള്ളാനാണ് തീരുമാനം.
സര്‍ക്കാര്‍ ബാങ്കുകളില്‍ നിന്നും വായ്‌പയെടുത്ത് തിരിച്ചടയ്‌ക്കാത്തവര്‍ക്കാണിത് ആശ്വാസമേകുക. 2007 മാര്‍ച്ച് 1വരെയുള്ള കടങ്ങളാണ് പദ്ധതി പ്രകാരം എഴുതിത്തള്ളുക. 2008 ജുണില്‍ ഇതിനുള്ള നടപടി പൂര്‍ത്തിയാകും.”
മേല്പറഞ്ഞ തീരുമാനത്തില്‍ പലരും സന്തോഷിക്കുന്നു. ബാങ്കുകളെ സഹായിക്കുന്ന പ്രസ്തുത തീരുമാനം കാര്‍ഷിക മേഖലയില്‍ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. വായ്പയെടുത്ത് പട്ടിണികിടന്നും, ഭൂമി വിറ്റും, കെട്ടുതാലി വിറ്റും കൃത്യമായി മുതലും പലിശയും അടച്ചു തീര്‍ത്തവര്‍ വിഢികളായി. ഇപ്പോള്‍ സര്‍ക്കാര്‍ പഠിപ്പിക്കുന്ന പാഠം കാര്‍ഷിക വായ്പയെടുത്താല്‍ തിരിച്ചടയ്ക്കണ്ട എന്നാണോ?
ലാഭകരമായ മൃഗസംരക്ഷണത്തിനോ കാര്‍ഷികോത്പന്നത്തിന് ന്യായവില ലഭ്യമാക്കുവാനോ ഇത്തരം നടപടികള്‍ കൊണ്ട് കഴിയില്ല എന്ന് കാലം തെളിയിക്കാതിരിക്കില്ല. തിരിച്ച് പിടിക്കാന്‍ കഴിയാത്ത കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളി പൊതുജനത്തിന്റെ നികുതിപ്പണത്തില്‍ നിന്ന് അടച്ച് തീര്‍ക്കമ്പോള്‍ ബാങ്കുകള്‍ക്ക് സന്തോഷിക്കാം. തകരാന്‍ തുടങ്ങിയ ഷയര്‍ മാര്‍ക്കറ്റ് വീണ്ടും പച്ചയിടുകയാണ്. കര്‍ഷകര്‍ക്കുവേണ്ടി കരയുകയല്ലാതെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായ വില ലഭ്യമാക്കില്ല എന്ന് ഉറപ്പ്. വായ്പകള്‍ എഴുതിത്തള്ളി വീണ്ടും കര്‍ഷകരെക്കൊണ്ട് വായ്പയെടുപ്പിച്ച് കൃഷിചെയ്യിക്കുവാന്‍ കഴിയും. നഷ്ടകൃഷി ചെയ്യുന്ന കര്‍ഷകര്‍ എന്താണ് ചെയ്യുവാന്‍ പോകുന്നത് എന്ന് ഊഹിക്കവുന്നതേയുള്ളു.
കഴിഞ്ഞ സാമ്പത്തിക് വര്‍ഷം സേവനമേഖലയിലും ഉല്‍പാദനമേഖലയിലുമാണ് കൂടുതല്‍ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയതെന്ന മുഖവുരയോടെയാണ് ചിദംബരം ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങിയത്. ഏറ്റവും തളര്‍ച്ചയനുഭവപ്പെട്ട കാര്‍ഷിക മേഖലയില്‍ വളര്‍ച്ചാ നിരക്ക് വെറും 2.6 ശതമാനം മാത്രമാണ്. നാണ്യവിളകളായ തേങ്ങ, കശുവണ്ടി, കുരുമുളക് എന്നിവയുടെ കൃഷിയ്‌ക്കും അഭിവൃദ്ധിയ്‌ക്കും വേണ്ടി 1,100 കോടിയുടെ പദ്ധതി നടപ്പാക്കും. തോട്ടവിള മേഖലയില്‍ തിരുവനന്തപുരത്ത് പഠനകേന്ദ്രം തുടങ്ങാന്‍ അഞ്ചു കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഇപ്പോള്‍ത്തന്നെ ധാരാളം കാര്‍ഷിക സര്‍വ്വകലാശാലകള്‍, ഗവേഷണസ്ഥാപനങ്ങള്‍ മുതലായവ നിലവിലുണ്ട്. അവയുടെ പ്രവര്‍ത്തനം കാര്‍ഷിക മേഖലയില്‍ എത്രത്തോളം പ്രയോജനം ചെയ്യുന്നു എന്ന ഒരു പഠനം നല്ലതാണ്.
ഗ്രാമീണ മേഖലയില്‍ ഓരോ വര്‍ഷവും 250 പുതിയ അക്കൌണ്ടുകള്‍ തുടങ്ങാന്‍ വാണിജ്യബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യ സബ്സിഡിക്ക് 32,667 കോടി. തൊഴിലുറപ്പു പദ്ധതി എല്ലാ ഗ്രാമീണ ജില്ലകളിലേയ്ക്കം വ്യാപിപ്പിയ്ക്കും. ദേശീയ കാര്‍ഷിക ഇന്‍ഷുറന്‍സ് സ്കീമിന് 644കോടി. 250 ജില്ലകളില്‍ മണ്ണ് പരിശോധനാകേന്ദ്രങ്ങള്‍ തുടങ്ങാന്‍ 75 കോടി. നാഷണല്‍ ഹോട്ടികള്‍ച്ചര്‍ മിഷന് 1,100 കോടി , തെങ്ങു കൃഷിയ്ക്ക് ഊന്നല്‍ നല്കും. രാഷ്ട്രീയ കൃഷി വികാസ് യോജനയ്ക്ക് 2,80,000 കോടി. കാര്‍ഷിക വസ്തുക്കള്‍ക്ക് സബ്സിഡി നല്കും. പതിനൊന്നാം പദ്ധതിക്കാലത്ത് 500 മണ്ണ് പരിശോധനാ കേന്ദ്രങ്ങള്‍ക്ക് ശുപാര്‍ശ. ഭാരത് നിര്‍മ്മാണിന് 31,281. ഇവയെല്ലാം കാര്‍ഷികമേഖലയില്‍ എത്രത്തോളം പ്രയോജനപ്പെടുമെന്ന് കണ്ടറിയണം.
കോടികള്‍ കാര്‍ഷിക മേഖലയ്ക്കായി നീക്കിവെയ്ക്കുന്നതില്‍ എത്ര പൈസ കര്‍ഷകരുടെ പക്കല്‍ എത്തും? മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിക്കുവാനുള്ള നടപടികളാണ് ആദ്യം കൈക്കൊള്ളേണ്ടത്. നാളിതുവരെ മണ്ണുപരിശോധന നടത്തി എന്താണ് ചെയ്തത്? എന്‍.പി.കെ രാസവളവും, കള, കുമിള്‍, കീടനാശിനികളും വാരി വിതറി മണ്ണിനെ കുട്ടിച്ചോറാക്കിയതാവും നേട്ടം. ജൈവകൃഷിക്ക് പ്രോത്സാഹനം നല്‍ക്ുന്നില്ലെങ്കിലും ഫെര്‍ട്ടിലൈസര്‍ സബ്സിഡിക്ക് കോടികള്‍ നീക്കിവെച്ചതായി കാണുന്നില്ല. അത്രയും ആശ്വാസം.
ബാങ്കുകള്‍ക്കും, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും വരുമാനവും ലാഭവും വര്‍ദ്ധിക്കുമെന്നല്ലാതെ കര്‍ഷകര്‍ക്ക് കടക്കെണിയില്‍ നിന്ന് കര കയറുവാനുള്ള നിര്‍ദ്ദേശങ്ങളൊന്നും ബഡ്ജറ്റില്‍ ഇല്ല. ബാങ്കുകള്‍ വീണ്ടും കര്‍ഷകര്‍ക്കുതന്നെ കടം കൊടുക്കും കൂടുതല്‍ കടക്കെണിയിലേയ്ക്ക് തള്ളിവിടുകയും ചെയ്യും.
Add comment ഫെബ്രുവരി 29, 2008
അമ്ലമഴ കാര്‍ഷിക മേഖലയ്ക്ക് ഹാനികരം
അമ്ലമഴ എന്നാല്‍ കുറെ ദിവസങ്ങളായി ലഭിക്കുന്ന വേനലിന് ശേഷം ലഭിക്കുന്ന മഴയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് അല്ലെങ്കില്‍ അമ്ലതയുടെ അളവ് എന്നര്‍ത്ഥം. മഴവെള്ളത്തിലെ അമ്ലതയുടെ അളവ് പല അവസരങ്ങളിലും വ്യത്യസ്ഥമായിരിക്കും. നാം വാര്‍ത്തകളിലൂടെ കേട്ടിട്ടുള്ള ചുവന്ന മഴയെന്നൊക്കെ പറയുന്നതും ഇത്തരം ഒരു പ്രതിഭാസം തന്നെയാണ്.
അമ്ലമഴയുടെ തിവ്രത മനസിലാക്കാന്‍ ഒരു ലബോറട്ടറിയുടെ സഹായമില്ലാതെ റബ്ബര്‍ കര്‍ഷകര്‍ക്ക് കഴിയും. സീസണലായി ഉണ്ടാകുന്ന ഇല പൊഴിച്ചിലിന് മുമ്പ് മഴപെയ്യുകയും തളിരിലകള്‍ വന്നശേഷം വീണ്ടും മഴപെയ്യുകയും ചെയ്താല്‍ ഇലകള്‍ക്ക് ദോഷം സംഭവിക്കുകയില്ല. എന്നാല്‍ രണ്ട് മാസം മഴപെയ്യാതെ റബ്ബര്‍ മരങ്ങളില്‍ തളിരിലകള്‍ രൂപപ്പെടുകയും ചെയ്യുന്ന അവസരത്തില്‍ മഴപെയ്താല്‍ മഴവെള്ളത്തിലെ ആസിഡിന്റെ അളവ് കൂടുതലാകയാല്‍ തളിരിലകള്‍ ഭാഗികമായി കരിഞ്ഞ് പൊഴിയുവാന്‍ കാരണമാകും. ഇത് പിന്നീടുള്ള ഉല്പാദനെത്തെയും പ്രതികൂലമായി ബാധിക്കും. റബ്ബര്‍ ബോര്‍ഡില്‍ നിന്നും പറഞ്ഞ് കേട്ടിട്ടുള്ളത് തളിരിലകള്‍ പൊഴിയുന്നത് പൊടിക്കമിള്‍ രോഗം മൂലമാണ് എന്നാണ്. അമ്ലമഴയിലൂടെ ഇലപൊഴിയുന്നതും പൊടിക്കുമിള്‍ രോഗം മൂലം ഇല പൊഴിയുന്നതും ഒന്നല്ല എന്ന വ്യക്തം. വൃശ്ചികമഴ നീണ്ട് നില്‍ക്കുകയും സീസണല്‍ ലീഫ് ഫാള്‍ നേരത്തെ നടക്കുകയും ചെയ്താല്‍ തളിരിലകള്‍ പൊഴിയുന്നത് നന്നെ കുറവായിരിക്കും.
അന്തരീക്ഷത്തില്‍ മനുഷ്യനാല്‍ ഉയര്‍ത്തുന്ന അമ്ലത പ്രധാനമായും വ്യാവസായിക വളര്‍ച്ചയുടെ പരിണിത ഫലം തന്നെയാണ്. വ്യവസായ ശാലകളില്‍ നിന്ന് പുറംതള്ളുന്ന പുകയിലെ മാലിന്യങ്ങളും മറ്റും അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നു. വിട്ട് വിട്ട് പെയ്യുന്ന മഴയിലൂടെ ലഭിക്കുന്ന മഴവെള്ളം സംഭരിച്ച് കുടിക്കുവാനുപയോഗിച്ചാല്‍ എന്താവും ഫലം എന്ന് ചിന്തിക്കാവുന്നതെയുള്ളു. വേനലില്‍ കരിഞ്ഞുണങ്ങിക്കിടക്കുന്ന പുല്‍ക്കൊടികളെ അധികമായി ബാധിക്കുന്നില്ല. തളിരിലകളെ കരിക്കുവാന്‍ കഴിവുള്ള മഴ കാര്‍ഷിക മേഖലയ്ക്ക് ഒരു ശാപം തന്നെയാണ്. നദികളില്‍പ്പോലും ഇത്തരം അമ്ലജലം ഒഴുകിയെത്തിയാല്‍ മത്സ്യങ്ങളെയും ബാധിക്കും എന്ന് നിസ്സംശയം പറയുവാന്‍ കഴിയും. മനുഷ്യന്‍ അനുഭവിക്കുന്ന അലര്‍ജി തുടങ്ങിയ രോഗങ്ങള്‍ക്കും അന്തരീക്ഷ മലിനീകരണം കാരണമായി മാറും.
ഇപ്രകാരം അമ്ലമഴ പെയ്ത വെള്ളം തെങ്ങിന്‍ ചുവട്ടില്‍ കെട്ടി നില്‍ക്കുവാന്‍ ഇടയായാല്‍ ആ തെങ്ങിനും പല തരം രോഗങ്ങല്‍ വരുന്നതായി കാണുവാന്‍ കഴിയും. അല്പമെങ്കിലും ആശ്വാസം ലഭിക്കുന്നത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിന് ശേഷം മാത്രമാണ്.
ഇത് ഒരു കര്‍ഷകന്റെ നിരീക്ഷണത്തിലൂടെയുള്ള കണ്ടെത്തല്‍ മാത്രമാണ്. ശാസ്ത്രീയ ഗവേഷണങ്ങള്‍ ഇക്കാര്യത്തില്‍ അനിവാര്യം തന്നെയാണ്.
The following links are given by Dr.Brijesh Nair for more information about Acid Rain.
http://www.epa.gov/acidrain/what/index.html
3 comments ഫെബ്രുവരി 18, 2008
വീട്ടുവളപ്പിലെ നാളികേരകൃഷി
നാളികേരം ഭക്ഷണത്തിന്റെ അവിഭാജ്യഘടകമായിരുന്ന അവസ്ഥയില്‍ നിന്ന് മലയാളികള്‍ പാശ്ചാത്യ ഭക്ഷണരീതികളിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയാണല്ലോ. നാളികേര കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഒരു നഷ്ടകൃഷി മാത്രമല്ല തെങ്ങുകയറ്റ തൊഴിലാളികളെപ്പോലും കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. നല്ലൊരു പരിഹാരം തെങ്ങുകൃഷി പരിമിതപ്പെടുത്തി സ്വന്തം ആവശ്യത്തിന് ഗുണമേന്മയുള്ള നാളികേരം അവരവരുടെ വീട്ടുമുറ്റത്തുതന്നെ വിളയിക്കുക എന്നതാണ്. കരിക്ക് നല്ലതാണെന്നും മൂത്ത് തേങ്ങയായാല്‍ ഭക്ഷിക്കാന്‍ പാടില്ല എന്ന് മുറവിളികൂട്ടുന്ന ചില ശാസ്ത്രജ്ഞരുടെ ഗവേഷണഫലം തെറ്റാണെന്ന് തെളിയിക്കുവാനുള്ള സന്മനസ് കുറച്ചുപേരെങ്കിലും കാട്ടുകതന്നെ വേണം.
മണ്ണിന്റെ ഗുണനിലവാരം എപ്രകാരം മെച്ചപ്പെടുത്താം എന്നതാണ് പരമപ്രധാനം. വീട്ടുമുറ്റത്ത് വളര്‍ത്തുന്ന തെങ്ങുകള്‍ നിവര്‍ന്ന് ഉയരത്തില്‍ വളരുന്നവയും ആകണ. അതിന് നല്ലരീതിയില്‍ സൂര്യപ്രകാശം തെങ്ങുകള്‍ക്ക് ലഭിക്കണം. ഇല്ലെങ്കില്‍ സൂര്യപ്രകാശം തേടി പോകുന്ന തെങ്ങുകള്‍ നല്ല കായ്ഫലത്തോടെ കൂരയ്ക്ക് മുകളിലേയ്ക്കാവും വളരുക. അങ്ങിനെയുള്ള തെങ്ങുകള്‍ മുറിച്ച് മാറ്റുക എന്നത് സുരക്ഷിതമായ നടപടിയും. വീട്ടുമുറ്റത്ത് വളരുന്ന കളകള്‍ മണ്ണില്‍ ഈര്‍പ്പമുള്ള സമയത്ത് വേരോടെ പിഴുത് മാറ്റുക. കളനാശിനികള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്. അല്പം കുമ്മായം തെങ്ങിന് ചുറ്റിലും വിതറി ഈര്‍പ്പവും ലഭ്യമാക്കുക. മണ്ണിന്റെ അമ്ലസ്വഭാവം കുറയ്ക്കുവാന്‍ അത് ഉപകരിക്കും. ഒരിരുപത് ദിവസങ്ങള്‍ക്കുശേഷം ഡിസംബര്‍ മാസത്തില്‍ത്തന്നെ തെങ്ങൊന്നിന് ഒരു കിലോഗ്രാം മഗ്നീഷ്യം സല്‍ഫേറ്റ് മണ്ണിന് മുകളില്‍ തെങ്ങന് ചുറ്റിലും വിതറുക. അതിന് മുകളില്‍ വിവിധതരം കളകള്‍ തിന്നുന്ന പശുക്കളുടെ ചാണകത്തില്‍ നിന്ന് ലഭിക്കുന്ന ബയോഗ്യാസ് സ്ലറി ലഭിക്കുമെങ്കില്‍ 100 മുതല്‍ 150 ലിറ്റര്‍ വരെ ഉപയോഗിക്കുന്നത് നല്ലതാണ്. അതും വെറുതേ മണ്ണിന് മുകളില്‍ നിരത്തി ഒഴിച്ചാല്‍ മതി. മഗ്നീഷ്യമെന്ന ലോഹമൂലകമാണ് പ്രകാശസംശ്ലേഷണത്തിലൂടെ മരത്തിനാവശ്യമായ അന്നജം ലഭ്യമാക്കുന്നത്. ചാണകത്തിലെ നൈട്രജന്‍ അമോണിയ രൂപത്തിലുള്ളതല്ലാത്തതിനാല്‍ ബാഷ്പീകണത്തിലൂടെ നഷ്ടപ്പെടുകയും ഇല്ല. ഉണങ്ങിക്കഴിയുമ്പോള്‍ മെഴുകിയ മുറ്റംപോലാകുകയും ചെയ്യും. മണ്ണ് കുത്തിയിളക്കി വേരുകളെ നശിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. വരുന്ന വേനലിനെ തരണം ചെയ്യുവാനുള്ള കഴിവ് ഇപ്രകാരം ചെയ്യുന്നതിലൂടെ തെങ്ങുകള്‍ക്ക് ലഭ്യമാകും.
എന്‍.പി.കെ രാസവളങ്ങള്‍ ഒഴിവാക്കിയുള്ള ഇത്തരം കൃഷിയിലൂടെ ഉദ്പാദിപ്പിക്കുന്ന നാളികേരം ഒരുകാരണവശാലും ഹൃദ്രോഗത്തിനോ, പ്രമേഹത്തിനോ കാരണമാകില്ല എന്നു മാത്രമല്ല ഇത്തരം രോഗങ്ങള്‍ വരികയും ഇല്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും സോയില്‍ ടെസ്റ്റിംഗ് ലബോറട്ടറികളും കര്‍ഷകനും മണ്ണിനും നാളിതുവരെ ദോഷം മാത്രമേ ചെയ്തിട്ടുള്ളു. എന്‍.പി.കെ യുടെ തുടര്‍ച്ചയായ ഉപയോഗം മണ്ണിന്റെ pH താഴുവാനും മണ്ണിലെ വളങ്ങള്‍ വലിച്ചെടുക്കുവാനുള്ള കഴിവ് നശിക്കിക്കുകയും സെക്കന്ററി ന്യൂട്രിയന്‍സിന്റെയും ട്രയിസ് എലിമെന്‍സിന്റെയും താളം തെറ്റിക്കുവാനും (imbalance) കാരണമായി. അത് മനുഷ്യനെ രോഗിയാക്കുകയും ആശുപത്രിതളെ വളരുവാന്‍ അവസരമൊരുക്കുകയും ചെയ്തു.
Add comment ഡിസംബര്‍ 15, 2007
കര്‍ഷകര്‍ക്കുവേണ്ടി അധരവ്യായാമം മാത്രം മിച്ചം
അരിക്കുപകരം മുട്ടയും, പാലും, കോഴിയിറച്ചിയും തിന്നാന്‍ പറയുന്നു ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി. അതേസമയം കപ്പയും മീനും കഴിക്കൂ പശി അകറ്റൂ എന്ന് പറഞ്ഞിരുന്നെങ്കില്‍ അതില്‍ തെറ്റുണ്ടാകുമായിരുന്നില്ല. കപ്പയിലെയും, അരിയിലെയും അന്നജത്തിന്റെ അളവില്‍ വലിയ വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല. ചിലപ്പോള്‍ കപ്പയില്‍ അന്നജത്തിന്റെ അളവ് കൂടുതല്‍ ആയിരിക്കാം. കപ്പയിലെ തൈറോയ്ഡിന് കാരണമാകുന്ന ഘടകത്തിന്റെ നിര്‍മാര്‍ജനം ശാസ്ത്രജ്ഞര്‍ കണ്ടെത്തട്ടെ. മീനിലെ വിഷാംശത്തിന്റെ അളവ് കുറയുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആഗോളതാപനം അന്റാര്‍ട്ടിക്കയെയും ഹിമാലയത്തെയും ഉരുക്കി ശുദ്ധജലം കടലിലെത്തിക്കും എന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു. ഓസോണ്‍ പാളിയിലെ വിള്ളല്‍ ഉള്‍പ്പെടെ ആഗോളതാപനത്തിന്റെ തീവ്രത കൂട്ടുവാന്‍ മനുഷ്യനാല്‍ കഴിയുന്ന പലതരം പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കന്നുണ്ട്.
കളകളെ നശിപ്പിക്കുന്ന കളനാശിനിമുതല്‍ വനത്തിലെ മരം മുറിവരെ ആഗോളതാപനം വര്‍ദ്ധിപ്പിക്കും. ജീവനുള്ള ഹ്യൂമസ് എന്ന ഭൂമിയുടെ ജൈവ ആവരണത്തെ നിര്‍ജ്ജീവമാക്കുന്നതില്‍ കൃഷിശാസ്ത്രജ്ഞന്മാര്‍ക്ക് ഒരു ഉളുപ്പും ഇല്ല തന്നെ. മണ്ണിരകളെ കൊന്നുകൊണ്ട് ഇവര്‍ നമ്മെ പഠിപ്പിക്കുന്ന ഉത്പാദന വര്‍ദ്ധനവിനുള്ള കൃഷിരീതികള്‍ നാളത്തെ പട്ടിണിയെ വിളിച്ചു വരുത്തുകയാണ്. കര്‍ഷകരെ സഹായിക്കുവാന്‍ ഇന്‍ഷുറന്‍സ്, സബ്സിഡികള്‍, ബാങ്ക് വായ്പ, കടാശ്വാസം, പൈലറ്റ് പദ്ധതി, വിദര്‍ഭ പാക്കേജ്, പ്രയോജനമില്ലാത്ത കൃഷിഭവനുകള്‍ തുടങ്ങി ആശ്വാസത്തിന് ഒരു ദാരിദ്ര്യവും ഇല്ല. പ്രതിവര്‍ഷ കാര്‍ഷിക ഉദ്പാദനം താഴേയ്ക്ക പൊയ്ക്കൊണ്ടേയിരിക്കുന്നു. കര്‍ഷക ആത്മഹത്യകളല്ലാതെ ഇത്തരം പദ്ധതികള്‍കൊണ്ട് ഒരു പ്രയോജനവും ഇല്ല.
കേരളത്തില്‍ കാര്‍ഷികമേഖലയിലെ പരിഷ്കാരങ്ങള്‍ക്ക് വരാന്‍ പോകുന്ന നെല്‍വയല്‍ സംരക്ഷണനിയമം നെല്‍കര്‍ഷകരെ ശിക്ഷിക്കുവാന്‍ വേണ്ടിമാത്രം പ്രാവര്‍ത്തികമാകുവാന്‍ പോകുകയാണ്. നെല്‍ക്കര്‍ഷകരല്ലാത്തവര്‍ കൂടിയിരുന്നെടുക്കുന്ന തീരുമാനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ നെല്‍ക്കര്‍ഷകര്‍ പോലും ഇല്ലാത്ത കേരളം!!!! അരിയ്ക്ക് വിലകൂടിയപ്പോള്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുന്നവര്‍ പ്രതിഹെക്ടര്‍ നെല്‍കൃഷിയുടെ ചെലവെത്രയെന്ന് പോലും അന്വേഷിക്കാറില്ല. ഈ നെല്‍വയല്‍ സംരക്ഷണനിയമം തൊഴിലാളി സംഘടനകള്‍ക്കൊരാഘോഷമാണെന്ന് കാണാം. നെല്‍കര്‍ഷകനായിരുന്ന ഇപ്പോള്‍ അല്ലാത്ത എനിക്ക് അരിവില കൂടുന്നതില്‍ ഒരു പ്രയാസവും തോന്നുന്നില്ല. കാരണം ഉദ്പാദനചെലവെത്രയെന്ന് നല്ലവണ്ണം അനുഭവിച്ചറിഞ്ഞിട്ടുണ്ട് എന്നതുതന്നെ. ദരിദ്രനാരായണന്മാര്‍ക്കുവേണ്ടി വാചാലരാകുന്നവര്‍ക്ക് ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് കിലോഗ്രാമിന് മൂന്നുരൂപയുടെ അരി കൊടുക്കുന്നതറിയില്ല എന്നുണ്ടോ? അന്‍പതിനായിരത്തിന് മുകളില്‍ ശമ്പളം വാങ്ങുന്നവര്‍ക്കും താണവിലയ്ക്ക് തന്നെ അരി വേണമോ?
പരിഷ്കാരങ്ങളും പഠനങ്ങളും ഓരോ ജില്ലയിലെയും ഒരു പഞ്ചായത്തിലെ കൃഷിഭവനിലൂടെ നടപ്പിലാക്കി ഫലപ്രദമാണെന്ന് കണ്ടാല്‍ മാത്രം കേരളമൊട്ടാകെ നടപ്പാക്കുകയല്ലെ വേണ്ടത്. ശമ്പളം വാങ്ങുവാന്‍ വേണ്ടി ജോലിചെയ്യുന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് എന്തെങ്കിലും കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്നകാര്യം നടപ്പിലാവുന്നുണ്ടോ എന്ന് ആരെങ്കിലും അന്വേഷിക്കുമോ? ഡോ. യാഗീന്‍ തോമസിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം അര്‍ഹതപ്പെട്ട ന്യായവിലയിലൂടെ കൃഷി ലാഭകരമായാല്‍ കര്‍ഷകന്റെ പ്രശ്നങ്ങള്‍ക്ക് സമ്പൂര്‍ണ പരിഹാരം ആകും. അപ്രകാരമായാല്‍ കര്‍ഷകര്‍ക്കുവേണ്ടി ആരും വ്യാകുലപ്പെടേണ്ടി വരില്ല. കര്‍ഷകര്‍ക്ക് താണവില നല്‍കിയും ഉപഭോക്താവിനെ ചൂഷണം ചെയ്തും ഇടനിലക്കാരെ സഹായിക്കുന്ന പദ്ധതികള്‍ അവസാനിക്കുവാന്‍ പഞ്ചായത്ത് തലത്തില്‍ ഗ്രാമ ചന്തകളിലൂടെയും വായ്പകള്‍ക്കുപകരം ഉപഭോക്താക്കളുടെ സഹായത്താല്‍ കൃഷിചെയ്യുവാന്‍ കര്‍ഷകരെ സഹായിച്ചും മറ്റും പരിഹാരം കാണുകതന്നെ വേണം.
മൃഗസംരക്ഷണവും, കൃഷിയും രക്ഷപ്പെടേണ്ടത് ഭാരതത്തിന്റെ ശോഭനമായ ഭാവിയ്ക്കും പട്ടിണിയില്ലാതാക്കുവാനും ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുവാനും വേണ്ട നടപടികള്‍ അനിവാര്യമാണ്. ഉദ്പാദനചെലവിനേക്കാള്‍ കൂടിയ ന്യായവിലമാത്രമാണ് ഏക പരിഹാരമാര്‍ഗം.
Add comment ഡിസംബര്‍ 8, 2007
ശാസ്ത്രജ്ഞര്‍ കാര്‍ഷിക മേഖലയെ തകര്‍ത്തു
വെളിച്ചെണ്ണയ്ക്ക് പുതിയ തെളിച്ചം
കേരളീയരുടെ ഏറ്റവും പ്രീയപ്പെട്ട ഭക്ഷ്യ എണ്ണയായ വെളിച്ചെണ്ണയ്കെതിരെ ഭീതിജനകമായ പ്രചാരണങ്ങള്‍ ചില കോണുകളില്‍ നിന്ന് ഉയരാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. വെളിച്ചെണ്ണ ഹൃദ്രോഗത്തിനിടയാക്കുമെന്നായിരുന്നു പ്രചാരണങ്ങളിലൊന്ന്. എന്നാല്‍ ഹൃദ്രോഗത്തിന് കാരണമാകുന്ന കൊഴുപ്പിന്റെ ഘടനയില്‍ വെളിച്ചെണ്ണയുടെ ഉപയോഗം ഒരു ഫലവും ഉണ്ടാക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നു. തിരുവനന്തപുരം ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ഇക്കാര്യം ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്. വെളിച്ചെണ്ണ പാചകത്തിന് ഉപയോഗിക്കുന്നത് കൊഴുപ്പിന്റെ ഘടനയെ സ്വാധീനിച്ച് ഹൃദ്രോഗത്തിനിടയാക്കുന്നില്ലെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. വെളിച്ചെണ്ണയുടെ ഉപയോഗം കുറയാനും പാമായിലിന്റേത് വര്‍ദ്ധിക്കാനുമാവണം ചിലര്‍ ബോധപൂര്‍വ്വം വെളിച്ചെണ്ണയ്ക്കെതിരെ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെക്കുറിച്ച് ഞങ്ങള്‍ ഈ പംക്തിയില്‍ പല തവണ എഴുതിയിരുന്നു. വെളിച്ചെണ്ണയ്ക്കെതിരായ ഗൂഢനീക്കം കേര കര്‍ഷകരുടെ താത്പര്യങ്ങലെ മാത്രമല്ല, ജനങ്ങളുടെ ഭക്ഷണശൈലിയെയും ബാധിക്കും.
ആരോഗ്യ കാര്യങ്ങളില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്നവരാണ് കാരളത്തിലെ ജനങ്ങള്‍. വെളിച്ചെണ്ണയ്ക്കെതിരെ ഇങ്ങനെയൊരു പ്രചാരണം നടത്തുന്നതാണ്, അതിന്റെ ഉപയോഗം കുറയ്ക്കുവാന്‍ ഏറ്റവും സഹായകമാവുകയെന്ന് പ്രചാരകര്‍ കരുതിക്കാണണം. എന്തായാലും അവരുടെ നീക്കങ്ങള്‍ ജനങ്ങളില്‍ പലരിലും ആശങ്ക ഉണ്ടാക്കിയിരുന്നു. അത് പരിപൂര്‍ണമായും അകറ്റുന്നതാണ് പുതിയ പഠനം. കേരളത്തിലെ ഡോക്ടര്‍ മാരും ആരോഗ്യമേകലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരും പഠനത്തിന്റെ അടിസ്ഥാനത്തില്‍, ജനങ്ങളെ ബോധവത്ക്കരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണം. തെറ്റദ്ധാരണകള്‍ ഒഴിവാക്കുവാന്‍ മാത്രമല്ല, കേരളത്തിലെ 35 ലക്ഷത്തിലധികം വരുന്ന കേര കര്‍ഷകരുടെ നില മെച്ചപ്പെടുത്താനും അതുവഴി കഴിയും. നമ്മുടെ കൃഷിയെയും ഉത്പന്നങ്ങളുടെ പ്രചാരത്തെയും തളര്‍ത്താന്‍ സ്ഥാപിത താല്‍പര്യക്കാര്‍ ഏതുമാര്‍ഗവും സ്വീകരിക്കുമെന്നും വെളിച്ചെണ്ണയ്ക്കെതിരെ ഉണ്ടായ നീക്കങ്ങള്‍ ഓര്‍മിപ്പിക്കുന്നു.
കടപ്പാട്- മാതൃഭൂമി 28-11-07
തൈയ്ക്കാട് ഗസ്റ്റ് ഹൗസില്‍ താങ്ങു വിലയുമായി ബന്ധപ്പെട്ട തെളിവെടുപ്പില്‍ ഞാനവതരിപ്പിച്ചത് - വെളിച്ചണ്ണയുടെ ഔഷധഗുണം പ്രചരിപ്പിച്ചാല്‍ ഒരു താങ്ങുവിലയുടെയും ആവശ്യമില്ല എന്നാണ് - ഡോ. സി.ആ.ര്‍ സോമന്‍ എന്ന ശാസ്ത്രജ്ഞനെ മുന്‍പുള്ള ഒരു പോസ്റ്റില്‍ ഞാന്‍ വെല്ലു വിളിച്ചിട്ടുണ്ട് വെളിച്ചെണ്ണയുടെ പരീക്ഷണം എന്റെ ശരീരത്തില്‍ നടത്താന്‍. കാരണം ഒരാള്‍ക്ക് കഴിക്കാമെന്നതിന്റെ ഇരട്ടി വെളിച്ചെണ്ണ എന്റെ തെങ്ങിലെ നാളികേരത്തില്‍ നിന്ന് മാത്രം എടുത്ത് പരീക്ഷണം എന്നൊരു നിബന്ധന മാത്രം ബാധകം. കരിക്ക് നല്ലതാണെന്ന് പറയുകയും മൂത്ത് തേങ്ങയായാല്‍ അത് വിഷമാണെന്ന് പാമോയില്‍ കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയിട്ടെന്നോണം പ്രചരിപ്പിക്കുന്ന ഇത്തരം ശാസ്ത്രജ്ഞരെയല്ലെ കര്‍ഷകര്‍ കല്ലെറിയേണ്ടത്?
അടുത്തത് സോയില്‍ ടെസ്റ്റിംഗ് ലബോറട്ടറി. ഇവര്‍ മണ്ണിനെ കുട്ടിച്ചോറാക്കി. മനുഷ്യനെ രോഗിയാക്കുന്നതില്‍ പ്രസ്തുത ലബോറട്ടറിയുടെ പങ്ക് ചില്ലറയെന്നുമല്ല. വേറെയും ഉണ്ട് കര്‍ഷക ദ്രോഹികളായ ശാസ്ത്രജ്ഞര്‍.
വെളിച്ചെണ്ണയെപ്പറ്റി ദാറ്റ്സ് മലയാളം
Add comment നവംബര്‍ 28, 2007



അടയാളം 