ബദല്‍ മാര്‍ഗമില്ല; സംസ്ഥാനത്തിന് അധികാരമില്ല
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന് നിരോധനമേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍, അതീവ വിഷകരമായ ‘ചുവന്ന ലേബലുള്ള കീടനാശിനികള്‍’ ഒന്നാകെ തുടച്ചുനീക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കീടനാശിനികള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നതാണ് ഒരുപ്രശ്‌നം. ബദല്‍ കണ്ടുപിടിയ്ക്കാതെ, വ്യാപകമായി ഉപയോഗിക്കുന്ന കീടനാശിനികള്‍ നിരോധിക്കുന്നത് പതിനായിരക്കണക്കിന് കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയും ചെയ്യും.
കീടനാശിനികളില്‍ ഏറ്റവും വിഷമുള്ളവയാണ് ചുവന്ന ലേബല്‍ വിഭാഗത്തിലുള്ളത്. ഇവയില്‍ പലതും മാരകമാണ്. എന്നാല്‍ പ്രയോഗക്ഷമതയും ഫലപ്രാപ്തിയും ഇത്തരം കീടനാശിനികളെ കര്‍ഷകര്‍ക്ക് പ്രിയങ്കരമാക്കുന്നു. ഉദാഹരണത്തിന് തടപ്പുഴു, കൊമ്പന്‍ചെല്ലി ആക്രമണങ്ങളെ പ്രതിരോധിയ്ക്കാന്‍ ഉപയോഗിക്കുന്ന ഫ്യൂറിഡാനും ഫോറേറ്റും എല്ലാ വാഴകര്‍ഷകരുടെയും പ്രധാന സഹായിയാണ്. കൂമ്പടപ്പ് / കുറുനാമ്പ് രോഗത്തിനെതിരെയും ഫ്യൂറിഡാന്‍ ഉപയോഗിക്കുന്നു. പകരം മരുന്ന്തരാതെ ഇവ നിരോധിക്കുന്നത് ആത്മഹത്യാപരമാണെന്ന് തിരുവനന്തപുരത്തെ പള്ളിച്ചലില്‍ ഇരുപതേക്കര്‍ സ്ഥലത്ത് ഇരുപതിനായിരത്തോളം വാഴ കൃഷിചെയ്യുന്ന ടി.വാമദേവന്‍ നായര്‍ പറയുന്നു. ”……കൃഷി മാത്രമാണ് എന്റെ വരുമാനം. വേപ്പെണ്ണയും കപ്പലണ്ടിപ്പുണ്ണാക്കുമൊക്കെ ഉപയോഗിച്ച് നിവൃത്തികെടുമ്പോള്‍ മാത്രമാണ് ഈപറയുന്ന കീടനാശിനിയിടുന്നത്. അതും സര്‍ക്കാര്‍ പറയുന്ന അളവിലും കുറച്ചുമാത്രം. ഇതുതന്നെ പ്രയോഗിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമില്ല. പകരം എന്തെങ്കിലും അവര്‍ തരണം. ഇല്ലെങ്കില്‍ വേപ്പെണ്ണയുടെയൊക്കെ വില കുറയ്ക്കണം. കൂലിയ്ക്ക് ആളെ കിട്ടാത്തതാണ് മറ്റൊരു പ്രശ്‌നം. അഞ്ഞൂറുരൂപ ദിവസക്കൂലി കൊടുത്ത് കളപറയ്ക്കുന്നത് മുതലാകില്ല. പണിക്ക് ആളെ കിട്ടാതെ വരുമ്പോള്‍ കര്‍ഷകര്‍ ലൈപ്പോസ് തളിയ്ക്കും. എല്ലാം ചെയ്തിട്ടും കഴിഞ്ഞവര്‍ഷം കാറ്റുവീഴ്ചയുണ്ടായപ്പോള്‍ ഏഴു ലക്ഷം രൂപയാണ് നഷ്ടമായത്. കീടങ്ങള്‍ക്കെതിരെ എന്തുചെയ്യണമെന്ന് പറഞ്ഞിട്ട് ഇവര്‍ ഇത് നിരോധിച്ചാല്‍ മതിയായിരുന്നു” വാമദേവന്‍ നായര്‍ പറയുന്നു.
ഫ്യൂറിഡാനെപ്പോലെ മാരകമാണ് മീഥൈല്‍ ഡെമറ്റോണ്‍ എന്ന കീടനാശിനി. നീരൂറ്റുന്ന കീടങ്ങള്‍ക്കെതിരെയാണ് ഇതിന്റെ പ്രയോഗം. പച്ചക്കറികളില്‍ വ്യാപകമായി ഡെമറ്റോണ്‍ ഉപയോഗിച്ചുവരുന്നു. കാലാകാലങ്ങളായി കൃഷിവകുപ്പും സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും എന്‍ഡോസള്‍ഫാനെപ്പോലെ ഡെമറ്റോണിനെയും പ്രോത്സാഹിപ്പിച്ചുവരുന്നു. അത് കര്‍ഷകര്‍ക്കും ശീലമായി. ”… കാന്‍സര്‍ പോലും ഉണ്ടാക്കുന്നതാണ് ഇത്തരം കീടനാശിനികള്‍. ഇവ നിരോധിക്കേണ്ടത് അത്യാവശ്യമാണ്. ഇവയുടെ ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. ഒപ്പം ബദല്‍ കീടനാശിനികള്‍ കണ്ടെത്താനുള്ള ശ്രമവും ഗവേഷണവും തുടങ്ങണം. സാധാരണ നിലയ്ക്ക് മൂന്നുവര്‍ഷമെങ്കിലും ഇതിന് ആവശ്യമാണ്. അതൊന്നും ചെയ്യാതെ ഒറ്റയടിയ്ക്ക് കീടനാശിനികള്‍ നിരോധിക്കുന്നത് പ്രഹസനമായി മാറും ……” ഒരു കൃഷി ശാസ്ത്രജ്ഞന്‍ പറഞ്ഞു.
കീടനാശിനികള്‍ അപ്പാടെ നിരോധിക്കാനാണ് കഴിഞ്ഞദിവസം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. മൂന്നുദിവസത്തിനകം ഇതിന്റെ ഉത്തരവിറങ്ങും. എന്നാല്‍ സംസ്ഥാനസര്‍ക്കാരിന് ഇതിനുള്ള അധികാരമില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 1968-ലെ ഇന്ത്യന്‍ ഇന്‍സെക്ടിസൈഡ് ആക്ടിലും 1971-ല്‍ രൂപവത്കരിച്ച ഇതിന്റെ ചട്ടത്തിലുമാണ് കീടനാശിനി നിരോധിക്കുന്നതിനെക്കുറിച്ച് പറയുന്നത്. അതനുസരിച്ച് സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ് ബോര്‍ഡ് ആന്‍ഡ് രജിസ്‌ട്രേഷന്‍ കമ്മിറ്റി നല്‍കുന്ന നിര്‍ദേശമനുസരിച്ച് കേന്ദ്രസര്‍ക്കാരാണ് ഒരു കീടനാശിനി നിരോധിക്കേണ്ടത്. ഇതിനുള്ള പ്രക്രിയകള്‍ക്ക് മാസങ്ങളെടുക്കും. ആ വഴിയ്ക്കും സര്‍ക്കാര്‍ ഇതുവരെ നീങ്ങിയിട്ടില്ല.
കടപ്പാട് – മാതൃഭൂമി
ഇരുപതേക്കറില്‍ വാഴകൃഷിചെയ്ത്ത് എന്തുമാത്രം ആളുകളെയാണ് ഫുറഡാന്‍ തീറ്റിക്കുന്നത്. ആരോഗ്യമേഖലയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് നമ്മുടെ സര്‍ക്കാര്‍ പ്രൈവറ്റ് ആശുപത്രികള്‍ പരിഹരിക്കുന്നതോടൊപ്പം എത്രപേര്‍ക്കാണ് തൊഴിലും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നത്. രാജ്യത്തിന്റെ ജി.ഡി.പി ഉയര്‍ത്തിനിറുത്തുന്നതില്‍ ടി. വാമദേവന്‍ നായര്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. പതിനഞ്ച് ഏക്കര്‍ വരെ മാത്രം ഒരു കര്‍ഷകന് കൃഷിഭൂമി കൈവശം വെയ്ക്കാമെന്നിരിക്കെ ഇരുപതേക്കറില്‍ ഇദ്ദേഹം കൃഷിചെയ്യുന്നത് പാട്ടത്തിനെടുത്തിട്ടാണെന്ന് വ്യക്തം. അപ്പോള്‍ സഹായത്തിന് വേണമെങ്കില്‍ ഫുറഡാന്‍ കമ്പനിയുടെ പ്രതിനിധിയും ഇദ്ദേഹത്തെ നേരിട്ട് വന്ന് കണ്ടെന്നിരിക്കും. കൃഷിമാത്രം വരുമാനമുള്ള ഇദ്ദേഹത്തിനെത്തേടി അവര്‍ഡ് വന്നില്ലെങ്ാകിലേ അതിശയമുള്ളു.
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ് ബോര്‍ഡ് ആന്‍ഡ് രജിസ്ട്രേഷന്‍ കമ്മറ്റിയ്ക്ക് ഇവയുടെ ഗുണദോഷങ്ങളെപ്പറ്റി അറിയാത്തതുകൊണ്ടല്ല. മറിച്ച് ഇതുകൊണ്ടുണ്ടാകുന്ന നേട്ടം അവര്‍ക്ക് നല്ലപോലറിയാം. ഇതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം നഷ്ടകൃഷികാരണം തരിശ് ഭൂമിയുടെ വിസ്തൃതി വര്‍ദ്ധിക്കുന്നതിലൂടെ പരിഹരിക്കപ്പെടുമായിരിക്കാം.





